Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2022 5:38 AM IST Updated On
date_range 9 Jan 2022 5:38 AM ISTതുരുത്തിപ്പുറം സഹ. ബാങ്ക് അഴിമതി: പ്രസിഡൻറ്, സെക്രട്ടറി എന്നിവർക്കെതിരെ കേസ്
text_fieldsbookmark_border
പറവൂർ: പുത്തൻവേലിക്കരയിലെ തുരുത്തിപ്പുറം സർവിസ് സഹകരണ ബാങ്കിൽ നടന്ന ക്രമക്കേടിൽ കുറ്റക്കാരെന്ന് കണ്ടെത്തിയവർക്കെതിരെ കേസ്. ഡി.സി.സി ജനറൽ സെക്രട്ടറിയും ബാങ്ക് പ്രസിഡന്‍റുമായ പി.വി. ലാജു, സെക്രട്ടറി എം.വി. ഷൈമ എന്നിവർക്കെതിരെ ജാമ്യമില്ല വകുപ്പുകൾ ചുമത്തിയാണ് പുത്തൻവേലിക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പുത്തൻവേലിക്കര പഞ്ചായത്ത് മുൻ പ്രസിഡൻറാണ് ലാജു. ക്രമക്കേടുകൾ സംബന്ധിച്ച് മുൻ ഭരണ സമിതി അംഗം പി.ഒ. ജോസഫ് നൽകിയ പരാതിയിൽ സഹകരണ വകുപ്പും സഹകരണ വിജിലൻസും അന്വേഷണം നടത്തിയിരുന്നു. നോട്ട് നിരോധന കാലത്ത് കോയിൻ ബാർ രജിസ്ട്രറിൽ തിരിമറി നടത്തി കൊടുങ്ങല്ലൂർ സ്വദേശിയായ ഒരാൾക്ക് 10 ലക്ഷം രൂപ നൽകി, മത്സ്യത്തൊഴിലാളികൾക്ക് നൽകുന്ന കടാശ്വാസ തുകയിൽ തിരിമറി നടത്തി, വ്യാജ മെംബർമാരുടെ പേരിൽ വായ്പകൾ നൽകി എന്നീ പരാതികളിന്മേലാണ് അന്വേഷണം നടന്നത്. ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട രേഖകൾ നൽകാതെ അന്വേഷണത്തോട് നിസ്സഹകരിക്കുന്ന നിലപാടാണ് ബാങ്ക് അധികൃതർ സ്വീകരിച്ചത്. വ്യാജരേഖകൾ കൈമാറി അന്വേഷണത്തെ വഴിതിരിച്ചുവിടാനും ഇവർ ശ്രമിച്ചു. അഴിമതി നടന്നെന്ന് സഹകരണ വകുപ്പ് കണ്ടെത്തിയെങ്കിലും ഭരണ സമിതി ഹൈകോടതിയെ സമീപിച്ച് തുടർനടപടികളിൽനിന്ന് സ്റ്റേ വാങ്ങി. എന്നാൽ, സഹകരണ വിജിലൻസിൻെറ അന്വേഷണത്തിൽ ബാങ്ക് പ്രസിഡൻറും ഭരണസമിതിയും സെക്രട്ടറിയും ചേർന്ന് കുറ്റകരമായ വിശ്വാസ വഞ്ചന, ചതി, വ്യാജരേഖ ചമക്കൽ എന്നിവ നടത്തിയെന്ന് കണ്ടെത്തി റിപ്പോർട്ട് നൽകി. കുറ്റക്കാർക്കെതിരെ ക്രിമിനൽ കേസെടുത്ത് തുടരന്വേഷണം നടത്തണമെന്ന് സഹകരണ രജിസ്ട്രാർ ഉത്തരവിട്ടു. ഇതിനെ തുടർന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. വിശദ അന്വേഷണം നടത്തി ഇതിലുൾപ്പെട്ട മുഴുവൻ പേരെയും ശിക്ഷിക്കണമെന്നും ഭരണ സമിതി രാജിവെക്കണമെന്നും സി.പി.എം പുത്തൻവേലിക്കര ലോക്കൽ സെക്രട്ടറി എം.എം. കരുണാകരൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story