Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2022 5:39 AM IST Updated On
date_range 5 Jan 2022 5:39 AM ISTകോന്തുരുത്തി പുഴ പുറമ്പോക്ക് കൈയേറ്റം: ഒഴിപ്പിക്കൽ നടപടികളിലേക്ക് കോർപറേഷൻ
text_fieldsbookmark_border
കൊച്ചി: കോന്തുരുത്തി പുഴ പുറമ്പോക്ക് കൈയേറ്റം ഒഴിപ്പിക്കൽ നടപടികളിലേക്ക് വീണ്ടും കോർപറേഷൻ. ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിൽ കൈയേറ്റം ഒഴിപ്പിച്ച് പുഴയുടെ പൂർവ സ്ഥിതി പുനഃസ്ഥാപിക്കാൻ നഗരസഭ സ്വീകരിച്ച നടപടി അറിയിക്കണമെന്ന് കലക്ടർ കോർപറേഷന് നൽകിയ കത്തിൻെറ അടിസ്ഥാനത്തിലാണ് ഇടപെടലിന് ചൂടുപിടിക്കുന്നത്. വ്യാഴാഴ്ച നടക്കുന്ന കൗൺസിൽ യോഗം ഇതുസംബന്ധിച്ച് തീരുമാനമെടുക്കും. സ്വകാര്യ വ്യക്തി നൽകിയ കേസിലാണ് പുഴ കൈയേറ്റം ഒഴിപ്പിക്കാൻ ഹൈകോടതി 2020 ജൂണിൽ ഉത്തരവിട്ടത്. പുഴയുടെ പുറമ്പോക്ക് കൈയേറ്റം കണ്ടെത്താൻ നടത്തിയ സർവേയും സ്ഥലം പരിശോധനയും കഴിഞ്ഞ് തയാറാക്കിയ റിപ്പോർട്ടിൽ പുറമ്പോക്കിൽ 131 കെട്ടിടങ്ങൾ കണ്ടെത്തിയിരുന്നു. ഇതിൽ ആറു കെട്ടിടങ്ങൾക്ക് നമ്പർ ഇല്ല. രണ്ട് കെട്ടിടങ്ങളുടെ ഉടമസ്ഥരെ നേരിൽ കണ്ടിട്ടുമില്ല. ഇതുകഴിച്ച് 123 കെട്ടിടം ഉടമകളുടെ ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. പുഴയുടെ 48 മീറ്റർ വീതിയിൽ പുനഃസ്ഥാപിക്കുന്നതിന് കർമ പദ്ധതി തയാറാക്കണമെന്ന് ഹൈകോടതി ഉത്തരവിലുണ്ട്. പുഴയുടെ വീതി നീരൊഴുക്കിനും ജലഗതാഗതത്തിനും ആവശ്യമായ 16 മീറ്ററിൽ എത്തിക്കാൻ നടപടി എടുക്കാമെന്ന് കോർപറേഷൻ സ്റ്റിയറിങ് കമ്മിറ്റി തീരുമാനം 2019 ഡിസംബറിൽ അംഗീകാരം നൽകിയെങ്കിലും ഹൈകോടതി അംഗീകരിച്ചിരുന്നില്ല. കുടിയൊഴിപ്പിക്കേണ്ടി വരുന്നവർക്ക് ജില്ലയിൽ മറ്റ് സ്ഥലമോ വാസയോഗ്യമായ ഭവനമോ ഇല്ലെങ്കിൽ ഭവനം ഫൗണ്ടേഷൻ വഴി പുനരധിവസിപ്പിക്കണമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനായി സ്ഥലം കണ്ടെത്താനും കെട്ടിട സമുച്ചയം നിർമിക്കാനുമായി ആകെ 21 മാസം വേണമെന്നാണ് കണക്കാക്കുന്നത്. അതുവരെ അർഹർക്ക് താൽക്കാലിക താമസ സൗകര്യം ഒരുക്കുകയോ വാടക തുക നൽകുകയോ ചെയ്യണമെന്ന് നിർദേശിച്ചിട്ടുണ്ട്. കൈയേറ്റക്കാരെ ഒഴിപ്പിക്കാനും താൽക്കാലിക താമസ സൗകര്യം ഒരുക്കാനും കൊച്ചി നഗരസഭക്കാണ് ചുമതല. നഗരസഭ താമസസൗകര്യം ഒരുക്കുകയോ അല്ലെങ്കിൽ വാടക തുക അർഹർക്ക് നൽകുകയോ വേണം. പ്രവൃത്തികൾ 30 ദിവസത്തിനകം പൂർത്തിയാക്കണമെന്നും അറിയിച്ചിട്ടുണ്ട്. ഒരുതവണ കൗൺസിൽ യോഗം മാറ്റിവെച്ച അജണ്ടയാണ് വീണ്ടും ചർച്ചക്ക് എത്തുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story