Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Dec 2021 5:43 AM IST Updated On
date_range 17 Dec 2021 5:43 AM ISTകടലിലെ ലഹരി വേട്ട; ഒമ്പത് പ്രതികൾക്കെതിരെ എൻ.ഐ.എ കുറ്റപത്രം
text_fieldsbookmark_border
കൊച്ചി: ആയുധങ്ങളും മയക്കുമരുന്നുമായി ശ്രീലങ്കൻ ബോട്ട് പിടികൂടിയതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ ഒമ്പത് പ്രതികൾക്കെതിരെ എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ചു. മുഖ്യപ്രതിയും ശ്രീലങ്കൻ സ്വദേശിയുമായ എൽ.വൈ. നന്ദന അടക്കമുള്ളവർക്കെതിരെയാണ് പ്രത്യേക എൻ.ഐ.എ കോടതിയിൽ കുറ്റപത്രം നൽകിയത്. ജനക ദാസ് പ്രിയ, രണസിംഗ, സേനാരഥ്, നിശങ്ക, നിശാന്ത, സുരേഷ്, രമേശ്, സത്ഗുണം എന്ന സബേസാൻ എന്നിവരാണ് കുറ്റപത്രം നൽകപ്പെട്ട പ്രതികൾ. മൂന്ന് പ്രതികൾ ഒളിവിലാണ്. നേരത്തേ പ്രതിചേർത്ത മൂന്നുപേരെ മാപ്പുസാക്ഷിയാക്കാൻ എൻ.ഐ.എ നടപടി ആരംഭിച്ചിട്ടുണ്ട്. യു.എ.പി.എയിലെ വിവിധ വകുപ്പുകൾക്ക് പുറമെ ആയുധ നിരോധന നിയമം, ലഹരിമരുന്ന് തടയൽ നിയമം (എൻ.ഡി.പി.എസ്) എന്നിവയും ചുമത്തിയിട്ടുണ്ട്. മാർച്ച് 25നാണ് 300 കിലോ ഹെറോയിനുമായി പോകുകയായിരുന്ന 'രവി ഹൻസി' ശ്രീലങ്കൻ ബോട്ട് തീരസംരക്ഷണ സേന പിടികൂടിയത്. സംശയാസ്പദ സാഹചര്യത്തിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ പ്രവേശിച്ച ബോട്ട് തടഞ്ഞുവെച്ച് പരിശോധിച്ചപ്പോഴാണ് ഹെറോയിൻ കണ്ടെത്തിയത്. പ്രതികളിൽനിന്ന് അഞ്ച് എ.കെ 47 തോക്ക്, 1000 തിരകൾ എന്നിവയും കണ്ടെത്തിയിരുന്നു. ആയുധങ്ങളുമായി വിദേശ പൗരൻമാർ പിടിയിലായതിനാലാണ് കേസ് എൻ.ഐ.എ ഏറ്റെടുത്തത്. 10 ശ്രീലങ്കൻ പൗരന്മാർ അടക്കം 15 പേർ ഇതിനകം അറസ്റ്റിലായിരുന്നു. സംശയകരമായ രീതിയിൽ ശ്രീലങ്കൻ സ്വദേശികളുടെ ബോട്ട് ലക്ഷദ്വീപ് വഴി കടന്നു പോകുന്നതായി വിവരം ലഭിച്ച തീരസംരക്ഷണ സേന കടലിൽവെച്ച് പിടികൂടുകയായിരുന്നു. ഇന്ത്യയിലെ എൽ.ടി.ടി.ഇ അനുഭാവികളുടെ കൂട്ടായ്മയുടെ സംഘാടനമാണ് മുഖ്യപ്രതിയായ സത്ഗുണത്തെ സംഘടന ഏൽപിച്ചിരുന്ന ദൗത്യമെന്നാണ് എൻ.ഐ.എ കണ്ടെത്തൽ. നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെ നേടുന്ന പണം ശ്രീലങ്കയിലെ എൽ.ടി.ടി.ഇ അനുഭാവികൾക്ക് എത്തിച്ച് കൊടുത്തിരുന്നതും സത്ഗുണമായിരുന്നത്രേ. ഫയലിൽ സ്വീകരിച്ചശേഷം കുറ്റപത്രത്തിൻെറ പകർപ്പ് പ്രതികൾക്ക് കൈമാറും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story