Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Dec 2021 5:34 AM IST Updated On
date_range 9 Dec 2021 5:34 AM ISTപ്രളയ ഫണ്ട് ദുരുപയോഗം: ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ശിപാർശ
text_fieldsbookmark_border
കൊച്ചി: പ്രളയഫണ്ട് വിതരണത്തിൽ പൊതുപണം ദുരുപയോഗം ചെയ്ത ഉദ്യോഗസ്ഥരിൽനിന്ന് വിശദീകരണം ആരാഞ്ഞ് ഭരണവകുപ്പ് നടപടി സ്വീകരിക്കണമെന്ന് ധനകാര്യ പരിശോധന വിഭാഗത്തിൻെറ റിപ്പോർട്ട്. ഫണ്ട് വിതരണ കാലയളവിൽ കലക്ടറേറ്റിലെ പരിഹാരം സെല്ലിൻെറ ചുമതല വഹിച്ചിരുന്ന സൂപ്രണ്ട്, ഡെപ്യൂട്ടി കലക്ടർ, കലക്ടർ തസ്തികകളിലെ ഉദ്യോഗസ്ഥരിൽനിന്നാണ് വിശദീകരണം തേടേണ്ടത്. ധനസഹായം അനുവദിച്ച നടപടിക്രമങ്ങളിൽ അധികമായി പേര് ഉൾപ്പെടുത്തിയും മറ്റും ക്രമക്കേട് നടന്നു. ഗുണഭോക്താക്കൾക്ക് ഒന്നിലധികം തവണ ധനസഹായം വിതരണം ചെയ്താണ് ദുരുപയോഗം നടന്നത്. കലക്ടറേറ്റിൽ ഈ വകുപ്പിലെ ഉദ്യോഗസ്ഥർ അലക്ഷ്യമായാണ് പ്രവർത്തിച്ചിരുന്നതെന്ന് ഫയലുകൾ പരിശോധിച്ചതിൽ കണ്ടെത്തി. ഉത്തരവാദപ്പെട്ട മേലുദ്യോഗസ്ഥരുടെ മേൽനോട്ടമില്ലായ്മയും അലംഭാവും കോടികളുടെ പൊതുപണം നഷ്ടപ്പെടാൻ കാരണമായെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. കലക്ടറേറ്റിൽ 2018 ഏപ്രിൽ ഒന്നുമുതൽ 2020 ജനുവരി 31 വരെ കൈകാര്യം ചെയ്തിരുന്ന സെക്ഷനിൽ ക്യാഷ് ബുക്ക്, അലോട്ട്മൻെറ് രജിസ്റ്റർ, ചെക്ക് ഇഷ്യൂ രജിസ്റ്റർ, ചെക്ക് ബുക്ക്, സ്റ്റോക്ക് രജിസ്റ്റർ എന്നിവ എഴുതി സൂക്ഷിക്കാതിരിക്കുന്നത് ഗുരുതര കൃത്യവിലോപമാണ്. വീഴ്ചവരുത്തിയ ക്ലർക്ക്, സൂപ്രണ്ട്, ഡെപ്യൂട്ടി കലക്ടർ എന്നിവർക്കെതിരെ ഭരണവകുപ്പ് ശക്തമായ അച്ചടക്കനടപടി സ്വീകരിക്കണം. റീ ബിൽഡ് കേരള പദ്ധതിയിൽ വിവിധ സ്ലാബുകളിലായി 13 ഗുണഭോക്താക്കൾക്ക് നാലുതവണ വീതവും 43 ഗുണഭോക്താക്കൾക്ക് മൂന്നുതവണ വീതവും 2586 ഗുണഭോക്താക്കൾക്ക് രണ്ടുതവണയും വീതവും കലക്ടറേറ്റിൽ നിന്ന് ധനസഹായം വിതരണം ചെയ്തിരുന്നു. ഇത്തരത്തിൽ ധനസഹായം അനുവദിച്ചതിലൂടെ 4.45 ലക്ഷം രൂപ അധികമായി നൽകി. അധികസഹായം അനുവദിച്ച് പണം ദുരുപയോഗം ചെയ്തത് സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വിശദീകരണം ആരാഞ്ഞ് ഭരണവകുപ്പ് തുടർനടപടി സ്വീകരിക്കണം. പ്രളയ ധനസഹായം അടിയന്തരമായി വിതരണം ചെയ്ത് കലക്ടറേറ്റിലും താലൂക്ക് ഓഫിസുകളിലും എസ്.ടി.എസ്.ബി അക്കൗണ്ടുകളിൽ നീക്കിയിരിപ്പുള്ള തുക മെയിൻ അക്കൗണ്ടിലേക്ക് തിരിച്ചടക്കാനും കലക്ടറുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്ത് തിരുവനന്തപുരം ജില്ല ട്രഷറിയിൽ നിക്ഷേപിക്കാൻ കലക്ടർക്ക് നിർദേശം നൽകണമെന്നും ശിപാർശയിലുണ്ട്. ആർ. സുനിൽ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story