Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2021 5:44 AM IST Updated On
date_range 29 Oct 2021 5:44 AM ISTകൊച്ചിയുടെ പ്രിയ കലാകാരൻ ഇനി ഓർമ
text_fieldsbookmark_border
മട്ടാഞ്ചേരി: കൊച്ചിയുടെ പ്രിയ കലാകാരൻ പി.എം. അബുവിൻെറ വേർപാട് കലാസ്വാദകരെ ദുഃഖത്തിലാഴ്ത്തി. പ്രഫഷനൽ നാടകങ്ങളിലടക്കം കേരളത്തിലും ഗൾഫ് നാടുകളിലുമായി നിരവധി നാടകങ്ങളിൽ അഭിനയിച്ച അബുവിൻെറ കരിയറിലെ ടേണിങ് പോയൻറായത് വൈക്കം മുഹമ്മദ് ബഷീറിനോട് സാമ്യമുള്ള കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ്. 'പക്ഷികൾ' എന്ന നാടകത്തിലെ ഈ വേഷം അബുവിനെ ശ്രദ്ധേയനാക്കി. ചലനത്തിലും സംസാരത്തിലും ബഷീറിനെ അനുകരിച്ച അബു നാടകവേദികളിൽ സംസാര വിഷയമായി. ബഷീറിനെ കഥാപാത്രമാക്കി നാടകമെഴുതിയവർ പിന്നെ അബുവിനെ തേടി വന്നു. സ്വർണ മത്സ്യം, മുക്തി, സ്ത്രീധനം, സമർപ്പണം, മോചനം, എനിക്ക് ഗുസ്തി പഠിക്കേണ്ട, നിങ്ങൾക്കൊക്കെ ശാകുന്തളം മതി, നാളെ തുടങ്ങി ഒട്ടേറെ നാടകങ്ങളിൽ അബു തിളങ്ങി. മട്ടാഞ്ചേരി കരിപ്പാലത്തെ കലാസമിതി അവതരിപ്പിച്ച കുഴി വെട്ടി, കൊഴിഞ്ഞുവീണ പൂക്കൾ, ആയിഷ എന്നീ നാടകങ്ങളിൽ അഭിനയിച്ചാണ് അബു തുടക്കമിട്ടത്. പിന്നീട് വയലാർ നാടകവേദി, കൊച്ചിൻ ഹരിശ്രീ, ആറ്റിങ്ങൽ ദേശാഭിമാനി, അടൂർ ജയ തിയറ്റർ, ആശ കമ്യൂണിക്കേഷൻസ് തുടങ്ങി നിരവധി നാടകട്രൂപ്പുകളിൽ സ്ഥിരം സാന്നിധ്യമായി. വയലാർ നാടകവേദിയുടെ നാടകങ്ങളുമായി ഗൾഫ് പര്യടനം നടത്തിയ സംഘത്തിൽ സിനിമനടൻ തിലകനൊപ്പം അബുവും അഭിനയിച്ചു. നിയമസഭാംഗമായിരുന്ന ജോൺ ഫെർണാണ്ടസ് എഴുതിയ 'കൊല കൊല്ലി'യിലാണ് അബു അവസാനമായി വേഷമിട്ടത്. 'കാപ്പിരി തുരുത്ത്' എന്ന സിനിമയിലും അഭിനയിച്ചു. പരസ്യ ചിത്രങ്ങളിലും അബുവിൻെറ മുഖം തെളിഞ്ഞു. അഭിനയമികവ് കണക്കിലെടുത്ത് കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാരം നൽകി ആദരിച്ചു. കൊച്ചിയിലെ കലാകാരന്മാരുടെ സംഘടനയായ ആശയുടെ പ്രസിഡൻറ് കൂടിയായിരുന്ന അബു. സംസ്ഥാന സംഘടനയായ സവാക്കിൻെറ ജില്ല പ്രസിഡൻറുമായിരുന്നു. കൊച്ചി തുറമുഖ തൊഴിലാളി യൂനിയൻെറ സജീവ പ്രവർത്തകനായിരുന്ന അബു മികച്ച സംഘാടകൻ കൂടിയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story