Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2021 5:37 AM IST Updated On
date_range 15 Jun 2021 5:37 AM ISTകെ-റെയിൽ: കേരളത്തിന് താങ്ങാനാവില്ലെന്ന് പരിസ്ഥിതി പ്രവർത്തകർ
text_fieldsbookmark_border
കൊച്ചി: 'സിൽവർ ലൈൻ' എന്ന കെ റെയിൽ പദ്ധതി കേരളത്തിന് താങ്ങാനാവില്ലെന്ന് പരിസ്ഥിതി പ്രവർത്തകർ. ധിറുതിപിടിച്ച് കെ-റെയിൽ പദ്ധതി നടത്താനുള്ള ശ്രമത്തിൽനിന്ന് സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി ഐക്യവേദി നിവേദനം നൽകിയെന്ന് ജൈവ വൈവിധ്യ ബോർഡ് മുൻ ചെയർമാൻ ഡോ. വി.എസ്. വിജയൻ 'മാധ്യമ'ത്തോട് പറഞ്ഞു. ഈ പദ്ധതിക്കായി ആയിരക്കണക്കിന് കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടിവരും. എല്ലാ അർഥത്തിലും തിരിച്ചടിയായി മാറുന്ന സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കുകയാണ് വേണ്ടതെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. കേരളത്തിന് ആവശ്യമില്ലാത്ത പദ്ധതിയാണ് കെ- റെയിൽ. വികസനം സുസ്ഥിരവും പരിസ്ഥിതി സൗഹാർദവുമായിരിക്കണം. നിലവിലെ കൃഷിഭൂമിയും തണ്ണീർത്തടങ്ങളും ഇനിയും നശിപ്പിക്കരുത്. നിർമാണത്തിന് പശ്ചിമഘട്ടത്തിലെ അവശേഷിക്കുന്ന മലകൾകൂടി പൊട്ടിച്ചെടുക്കും. ഇപ്പോൾതന്നെ പ്രളയവും വരൾച്ചയും വൻദുരന്തങ്ങൾ വരുത്തുന്ന കേരളത്തിന് കെ - റെയിൽ പദ്ധതി തടയാനാവാത്ത പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കും. 64,941 കോടി രൂപ ചെലവിട്ട് കൊണ്ടുവരുന്ന കെ-റെയിൽ പദ്ധതി എല്ലാ അർഥത്തിലും വിശദമായി ചർച്ച ചെയ്യപ്പെടണം. ഈ പദ്ധതിയുടെ ശാസ്ത്ര, സാങ്കേതിക, സാമൂഹിക, പാരിസ്ഥിതിക, സാമ്പത്തിക ആഘാത പഠനങ്ങൾ കൃത്യമായി നടത്തണം. കേരളത്തിന് യോജിച്ച സുസ്ഥിര അടിസ്ഥാന സൗകര്യവികസനത്തിന് പുതിയ സർക്കാർ തയാറാകണം. പദ്ധതിക്കായി വിവിധ ആഗോള ധനസഹായ സ്ഥാപനങ്ങളിൽനിന്ന് കടമെടുക്കുന്ന തുകയുടെ ഒരു വർഷത്തെ പലിശയുടെ തുക മാത്രം െചലവഴിച്ചാൽ പോലും ഇതിലും വേഗം തിരുവനന്തപുരത്തുനിന്ന് കാസർകോട് എത്താനുള്ള പദ്ധതികൾ ഉണ്ടാക്കാമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. തണൽ ശ്രീധർ, പ്രഫ. എം.കെ. പ്രസാദ്, ജോൺ പെരുവന്താനം, ഇ.പി. അനിൽ, സി.ആർ. നീലകണ്ഠൻ, എം.പി. മത്തായി, അഡ്വ. ജോൺ ജോസഫ് തുടങ്ങിയവർ വിവിധ തലത്തിൽ വെബ്സെമിനാറുകളിൽ പങ്കെടുത്തു. ജില്ലയിൽ സമരസമിതി രൂപവത്കരിക്കാനുള്ള മുന്നൊരുക്കത്തിലാണ് പരിസ്ഥിതി പ്രവർത്തകർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story