Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2021 5:33 AM IST Updated On
date_range 6 Jan 2021 5:33 AM ISTനിറ്റ ജലാറ്റിൻ കമ്പനി: വിഷജലം ഒഴുക്കാനുള്ള സാധ്യതാപഠനത്തിന് പുത്തൻവേലിക്കര പഞ്ചായത്ത് അനുമതി നിഷേധിച്ചു
text_fieldsbookmark_border
പറവൂർ: കാതിക്കുടത്തെ നിറ്റ ജലാറ്റിൻ കമ്പനിയുടെ വിഷമലിന ജലം പുത്തൻവേലിക്കര പഞ്ചായത്തിലെ കണക്കൻകടവിൽ എത്തിച്ച് പുഴയിൽ ഒഴുക്കാൻ കമ്പനി അധികൃതർ സർക്കാർ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി നടത്തിയ നീക്കത്തിന് പുത്തൻവേലിക്കര പഞ്ചായത്ത് ഭരണസമിതി തടയിട്ടു. ഇതുസംബന്ധിച്ച സാധ്യതാ പഠനത്തിന് അനുമതി നൽകേണ്ടതില്ലെന്ന് ചൊവ്വാഴ്ച ചേർന്ന അടിയന്തര കമ്മിറ്റി യോഗം ഐകകണ്ഠ്യേന തീരുമാനിച്ചു. സർക്കാറിൻെറ ഏകജാലക ക്ലിയറൻസ് ബോർഡ് സാധ്യതാപഠനത്തിന് അനുമതി നൽകി വിവരം പഞ്ചായത്തിനെ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് സർക്കാറും വ്യവസായ വകുപ്പും മൂന്നുവട്ടം ആവശ്യപ്പെട്ടിട്ടും പഞ്ചായത്ത് ഭരണസമിതി അനുമതി നൽകിയിരുന്നില്ല. ജനവികാരം മാനിച്ചും പ്രതിഷേധം ശക്തമായതിനെത്തുടർന്നും പുതിയ ഭരണസമിതിയും പഠനത്തിനുള്ള അനുമതി തള്ളുകയായിരുന്നു. 17 അംഗ പഞ്ചായത്ത് ഭരണസമിതി സംയുക്തമായി മുഖ്യമന്ത്രിയെയും വ്യവസായ മന്ത്രിയെയും കണ്ട് സാഹചര്യങ്ങൾ ബോധ്യപ്പെടുത്തുകയും നിവേദനം നൽകുകയും ചെയ്യും. 10 ദിവസത്തിനകം മറുപടി നൽകാത്ത പക്ഷം എൻ.ഒ.സി നൽകിയതായി കണക്കാക്കുമെന്ന് പഞ്ചായത്തിന് നൽകിയ അറിയിപ്പിൽ പറയുന്നുണ്ട്. ഇതിൻെറ നിയമവശങ്ങൾ ഗവ. പ്ലീഡറുമായി സംസാരിച്ച് പരിഹാരം കാണാൻ പഞ്ചായത്ത് സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി. സർക്കാർ തീരുമാനം വൻപ്രതിഷേധം ക്ഷണിച്ചു വരുത്തിയതിനാൽ പഞ്ചായത്ത് കമ്മിറ്റി തീരുമാനം ഉറ്റുനോക്കുകയായിരുന്നു നാട്ടുകാർ. അതേസമയം, നിർദിഷ്ട പദ്ധതിയും സാധ്യതാ പഠനവും തള്ളിക്കളയണമെന്ന് ജനകീയ പ്രതിരോധ സമിതി ജനറൽ കൺവീനർ എം.പി. ഷാജൻ പറഞ്ഞു. കമ്പനി നിലവിൽ പുഴയിൽ തള്ളുന്ന 'ട്രീറ്റഡ് വാട്ടർ' പരിശോധിച്ച് കാടുകുറ്റിയിൽ ജലക്ഷാമം നേരിടുന്ന പ്രദേശത്തെ ജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന പഠനമാണ് ആവശ്യമെന്നും ഷാജൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story