Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Nov 2020 5:30 AM IST Updated On
date_range 4 Nov 2020 5:30 AM ISTതദ്ദേശ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനം: ചർച്ചകൾ അന്തിമഘട്ടത്തിൽ
text_fieldsbookmark_border
കൊച്ചി: ഡിസംബറിൽ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് മുന്നണികളിലെ ചർച്ചകൾ അവസാനഘട്ടത്തിൽ. പഞ്ചായത്തുതല ചർച്ചകൾ ബുധനാഴ്ചയോടെ പൂർത്തിയാക്കി വ്യാഴാഴ്ച മുതൽ സ്ഥാനാർഥി നിർണയത്തിലേക്ക് കടക്കണമെന്ന നിർദേശമാണ് എൽ.ഡി.എഫ്, യു.ഡി.എഫ് ജില്ല നേതൃത്വങ്ങൾ നൽകിയത്. പലയിടത്തും ഇത് നീണ്ടുപോയേക്കുമെന്നാണ് വിവരം. കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് ഇല്ലാതിരുന്ന കക്ഷികൾ എത്തിയതോടെ പല സ്ഥലങ്ങളിലും സീറ്റ് ചർച്ചകൾ കീറാമുട്ടിയായിട്ടുണ്ട്. എല്ലാവർക്കും അർഹമായ പരിഗണന നൽകാനാണ് ഇരുമുന്നണിയുടെയും ശ്രമം. ഘടകകക്ഷികൾ ഉന്നയിച്ച കൂടുതൽ സീറ്റ് എന്ന അവകാശവാദത്തിന് ബുധനാഴ്ച പരിഹാരം കാണും. എൽ.ഡി.എഫിലേക്ക് വന്ന കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ച സീറ്റുകൾ ലഭിക്കണമെന്നും നിർണായക സ്വാധീനമുള്ള സ്ഥലങ്ങളിൽ കൂടുതൽ പരിഗണന നൽകണമെന്നും ആവശ്യപ്പെടുന്നു. ജില്ല പഞ്ചായത്തിലേക്ക് പോത്താനിക്കാട്, കോടനാട് ഡിവിഷനുകളാണ് ആവശ്യം. പെരുമ്പാവൂർ ബ്ലോക്ക് പഞ്ചായത്തിൽ ഒക്കൽ, വേങ്ങൂർ പഞ്ചായത്തിൽ ഒരു സീറ്റ്, മുടക്കുഴ-രണ്ട്, അശമന്നൂർ-രണ്ട്, രായമംഗലം-രണ്ട്, പെരുമ്പാവൂർ മുനിസിപ്പാലിറ്റി-ഒന്ന്, വെങ്ങോല-ഒന്ന് എന്നിങ്ങനെ ആവശ്യമുന്നയിച്ചിട്ടുണ്ട്. കൊച്ചി കോർപറേഷനിൽ അഞ്ച് സീറ്റാണ് ആവശ്യം. സി.പി.ഐ അടക്കം പാർട്ടികളെ തൃപ്തിപ്പെടുത്തി ജോസ് കെ. മാണി വിഭാഗത്തിന് സീറ്റുകൾ പങ്കിടുകയെന്നതാണ് വെല്ലുവിളി. ജില്ല, പഞ്ചായത്ത് തല സീറ്റ് വിഭജന ചർച്ചകൾ വ്യാഴാഴ്ചയോടെ പൂർത്തിയാക്കാനാണ് യു.ഡി.എഫ് നിർദേശം. കൊച്ചി കോർപറേഷൻ, ആലുവ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ മുസ്ലിം ലീഗ് പുതിയ ആവശ്യങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്. കേരള കോൺഗ്രസ്-ജേക്കബിൽനിന്ന് അടർന്ന ഒരുകക്ഷി മുന്നണിയിലെതന്നെ ജോസഫ് വിഭാഗത്തിനോടൊപ്പം ലയിച്ചത് ചിലയിടങ്ങളിലെ ചർച്ചകൾ നീളാൻ കാരണമാകുന്നുണ്ടെന്നാണ് സൂചന. കൂത്താട്ടുകുളത്തും പിറവത്തും കൗൺസിലർമാർ തങ്ങൾക്കൊപ്പമാണെന്നത് അനൂപ് ജേക്കബ് വിഭാഗം ഉയർത്തിക്കാട്ടുന്നു. അതേസമയം, അനൂപ് വിഭാഗത്തിലുണ്ടായിരുന്ന ആയവന, കീരംപാറ പഞ്ചായത്തുകളിലെ അംഗങ്ങളിൽ ചിലരും ബ്ലോക്ക് പഞ്ചായത്ത് അംഗവും ജോസഫ് വിഭാഗത്തിനൊപ്പം പോയിരുന്നു. തർക്കങ്ങളില്ലാത്ത സീറ്റ് വിഭജനമാണ് ഉദ്ദേശിക്കുന്നതെന്ന് ഇരുപാർട്ടിയിലെയും നേതാക്കൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story