Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2020 5:28 AM IST Updated On
date_range 6 Oct 2020 5:28 AM IST'മട്ടാഞ്ചേരിയിലെ ഭവനപദ്ധതികൾ; അനാസ്ഥ അവസാനിപ്പിക്കണം'
text_fieldsbookmark_border
കൊച്ചി: കേരളത്തിൽ ഏറ്റവും കൂടുതൽ ഭവനരഹിതരുള്ള മട്ടാഞ്ചേരിയിലെ ആയിരക്കണക്കിന് കുടുംബങ്ങളുടെ വീടെന്ന സ്വപ്നം കോർപറേഷൻ അധികൃതരുടെ രാഷ്ട്രീയക്കളികളിൽ പൊലിയുകയാണെന്ന് ഭൂ-ഭവന രഹിതരുടെ കൂട്ടായ്മ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. മാറി മാറി വരുന്ന സർക്കാറുകൾ വിവിധ പേരിട്ട ഭവനപദ്ധതികൾ നടത്തുമ്പോഴും അതിൻെറ ഗുണഫലം മട്ടാഞ്ചേരിക്കാർക്ക് കിട്ടുന്നില്ല. ഇക്കാര്യത്തിൽ കോർപറേഷനിലെ ഭരണ-പ്രതിപക്ഷ കക്ഷികൾ ഒരുപോലെ ഉത്തരവാദികളാണ്. അടുത്തിടെ ലൈഫ് പദ്ധതിയുടെ സർവേയിലൂടെ കോർപറേഷനിൽ കണ്ടെത്തിയ 12,910 ഭവനരഹിത കുടുംബങ്ങളിൽ ഏറ്റവുമധികം േപരുള്ളത് മട്ടാഞ്ചേരിയിലാണ്. സ്മാർട്ട് പദ്ധതിയിൽ 4000 വീടുകൾ, ഇത് എൻെറ വീട് പദ്ധതി തുടങ്ങിയവയൊന്നും നടപ്പാകുന്നില്ല. രാജീവ് ആവാസ് യോജനയിലൂടെ (റേ) നടപ്പാക്കാനിരിക്കുന്ന 398 കുടുംബങ്ങളുടെ ഭവന പദ്ധതി എങ്ങുമെത്തിയില്ല. ഒന്നും രണ്ടും ഘട്ടങ്ങളിലായി തീർക്കേണ്ട നിർമാണം 198 പേർക്കുള്ള ആദ്യഘട്ടം തുടങ്ങിയതിനു പിന്നാലെ നിർത്തി. ഇതുമൂലം 400ഓളം കുടുംബങ്ങൾ വൻതുക വാടക നൽകി താമസിക്കേണ്ട സാഹചര്യമാണ്. വഖഫ് ഭൂമിയിൽ കുടിയിറക്ക് ഭീഷണി നേരിടുന്ന മഹാജനവാടി, സീലാട്ട്പറമ്പ്, എം.കെ.എസ് പറമ്പ്, ബംഗ്ലാവ് പറമ്പ്, പനച്ചിക്കപറമ്പ്, വലിയ മാളോത്ത് പറമ്പ്, കസംസേട്ട് പറമ്പ് എന്നിവിടങ്ങളിലെ നിരവധി കുടുംബങ്ങളും ദുരിതത്തിലാണ്. പലതവണ അധികൃതരെ സമീപിച്ചെങ്കിലും നടപടിയില്ല. പദ്ധതികൾ നടപ്പാക്കാൻ ഭൂമിയില്ലെന്ന് പറയുന്ന അധികൃതർ 25 ഏക്കറുള്ള രാമൻതുരുത്ത്, 3.3 ഏക്കറുള്ള കൊച്ചിൻ ക്ലബ്, രണ്ടേക്കറുള്ള ആസ്പിൻവാൾ തുടങ്ങിയവ കാണണം. 2019-20 ബജറ്റിൽ ലൈഫ് മിഷനുവേണ്ടി അനുവദിച്ച തുക വകമാറ്റാതെ തങ്ങളുടെ ഭവനസ്വപ്നം പൂവണിയിക്കാൻ ചെലവഴിക്കണം, അതുവരെ വാടക അലവൻസ് അനുവദിക്കുകയും വേണമെന്ന് റേ പദ്ധതി ഗുണഭോക്താവ് പി.യു. റിൻസീന ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി മട്ടാഞ്ചേരി ഡിവിഷൻ പ്രസിഡൻറ് ഇ.എ. അലി, റേ ഗുണഭോക്താവായ മുംതാസ് തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story