Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസി.ബി.എൽ അരികെ;...

സി.ബി.എൽ അരികെ; പൊലീസ്​ പേടിയിൽ ക്ലബുകൾ

text_fields
bookmark_border
പത്തനംതിട്ട: ചാമ്പ്യൻസ്​ ബോട്ട്​ ലീഗിനു (സി.ബി.എൽ) തുടക്കമാകുന്ന ചുണ്ടൻവള്ളങ്ങളുടെ അഭിമാനപോരാട്ടമായ നെഹ്​റു ട്രോഫി ജലോത്സവം ആസന്നമായിരിക്കെ പൊലീസ്​ ടീമിനെ പേടിച്ച്​ ബോട്ട്​ ക്ലബുകൾ. ആവശ്യമായ പരിശീലനം നടത്താനും മികച്ച ടീമിനെ വാർത്തെടുക്കാനും കഴിയാത്തതാണ്​ പ്രശസ്തരായ ടീമുകളെപ്പോലും ആശങ്കയിലാക്കിയിരിക്കുന്നത്​. ഇക്കാര്യത്തിലൊക്കെ ചമ്പക്കുളം ചുണ്ടനിൽ സി.ബി.എൽ തുഴയുന്ന പൊലീസ്​ ടീം ബഹുദൂരം മുന്നിലാണ്​​. സെപ്​റ്റംബർ നാലിനാണ്​ പുന്നമടക്കായലിൽ നെഹ്​റു ട്രോഫി വള്ളംകളി. ജ​ലമേളകൾക്ക്​ തുടക്കം കുറിച്ച്​ നടന്ന ചമ്പക്കുളം മൂലം ജലോത്സവത്തിൽ ജേതാക്കളായ പൊലീസിന്‍റെ ടീം പരിശീലനം തുടങ്ങിയിട്ട്​ മൂന്ന്​ മാസത്തോളമാകുന്നു. ഇതിനകം തന്നെ മികച്ച ടീമിനെ വാർത്തെടുത്ത ഇവരുടെ കൂടെ പുറത്തുനിന്നുള്ള നാൽപ​തോളം തുഴച്ചിൽക്കാരുമുണ്ട്​. ഐ.ടി.ബി.പി, എം.ഇ.ജി തുടങ്ങി വിവിധ സൈനിക, അർധ സൈനിക വിഭാഗങ്ങളിൽനിന്നുള്ളവരാണ്​ ഇവർ. ഒരു ടീമിൽ പുറത്തുനിന്നുള്ളവരുടെ എണ്ണം 20 ശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്​. നൂറിനടുത്ത്​ തുഴച്ചിൽക്കാർ കയറുന്ന ഒരു വള്ളത്തിൽ ഇതുപ്രകാരം പരമാവധി പുറത്തുനിന്ന്​ കയറ്റാവുന്ന തുഴച്ചിൽക്കാരുടെ എണ്ണം 20 മാത്രമാണ്​. ഈ സാഹചര്യത്തിലാണ്​ 40 പേരുമായി പൊലീസ്​ ടീമിന്‍റെ പരിശീലനം. എന്നാൽ, മറ്റ്​ ക്ലബുകളിലെ തുഴച്ചിൽക്കാരിൽ 90 ശതമാനവും കാർഷിക മേഖലയിലടക്കം പണി​യെടുക്കുന്ന തൊളിലാളികളാണ്​. ഏറ്റവും ഒടുവിൽ നീരണിഞ്ഞ പത്തനംതിട്ടയിൽനിന്നുള്ള ആദ്യചുണ്ടനായ നിരണം ചുണ്ടൻ അടക്കം പല വള്ളങ്ങൾക്കും ഒരാഴ്ചയിൽ താഴെ മാത്രമാണ്​ പരിശീലനം നേടാനായതും​. മികച്ച തുഴച്ചിൽക്കാരെ കണ്ടെത്തി പൂർണ ടീമിനെ സജ്ജമാക്കണമെങ്കിൽ ഇനിയും ആഴ്ചകൾ വേണ്ടി വരും. ജലമേളകളിലെ പ്രബലരായ മറ്റ്​ ടീമുകളുടെ സ്ഥിതിയും ഇതു തന്നെയാണ്​. സി.ബി.എൽ ഫൈനലിസ്റ്റുകളായ ക്ലബുകൾക്ക്​​ ആവശ്യമെങ്കിൽ അതിലുൾപ്പെട്ട വള്ളങ്ങളിൽ മാറി തുഴയാമെന്നല്ലാതെ പുറത്തുനിന്ന്​ വള്ളം പാടില്ലെന്ന വ്യവസ്ഥയിൽ മാറ്റം അനുവദിക്കാത്തതാണ്​ കൂടുതൽ ക്ലബുകൾക്കും തിരിച്ചടിയായത്​. താൽ​പര്യമില്ലാത്ത വള്ളത്തിൽ തന്നെ തുഴയേണ്ട ഗതികേടിലാണ് കൂടുതൽ ക്ലബുകളും​. തീരുമാനം ​വൈകിയത്​ ടീമുകളുടെ തയാറെടുപ്പുകളെ സാരമായി ബാധിച്ചു​. കഴിഞ്ഞ സി.ബി.എൽ ജേതാക്കളായ പി.ബി.സിയും പ്രശസ്തരായ യു.ബി.സിയുമൊക്കെ ഇത്തവണ വള്ളം മാറിയാണ്​ കളിക്കുന്നത്​. പി.ബി.സി കാരിച്ചാലിനെ കൈയൊഴിഞ്ഞ്​ കാട്ടിൽ തെക്കതിൽ കളിക്കുമ്പോൾ യു.ബി.സി കാരിച്ചാലിലാണ്​ സി.ബി.എല്ലിന്​ വരുന്നത്​. ആർ. അശോകൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story