Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2022 12:41 AM IST Updated On
date_range 14 Aug 2022 12:41 AM ISTനയതന്ത്ര സ്വർണക്കടത്ത്: അന്വേഷണ ചുമതലയുള്ള ഇ.ഡി ഉദ്യോഗസ്ഥന് ചെന്നൈയിലേക്ക് സ്ഥലംമാറ്റം
text_fieldsbookmark_border
കൊച്ചി: നയതന്ത്ര സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ പി. രാധാകൃഷ്ണന് സ്ഥലംമാറ്റം. പകരം ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താതെയാണ് ജോയന്റ് ഡയറക്ടർ റാങ്കിലുള്ള രാധാകൃഷ്ണനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചെന്നൈയിലേക്ക് സ്ഥലംമാറ്റിയത്. ഒരുവർഷം മുമ്പ് രാധാകൃഷ്ണനെ മാറ്റി ഉത്തരവിറങ്ങിയിരുന്നെങ്കിലും തുടക്കം മുതൽ സ്വർണക്കടത്ത് കേസ് അന്വേഷണത്തിന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥനെന്ന നിലയിൽ സ്ഥലംമാറ്റം മരവിപ്പിച്ചിരുന്നു. എന്നാല്‍, കേസില്‍ കുറ്റപത്രം സമർപ്പണമടക്കം നടപടികൾ പൂർത്തിയായിട്ടുണ്ട്. സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയെ തുടർന്നുള്ള അന്വേഷണത്തിന്‍റെ ചുമതലയും രാധാകൃഷ്ണനാണ്. ഈ അന്വേഷണം നടക്കുന്നതിനിടെയാണ് സ്ഥലംമാറ്റം. 10 ദിവസത്തിനകം ചെന്നൈ സോണൽ ഓഫിസിൽ ചുമതലയേൽക്കാൻ നിർദേശിച്ചാണ് ഇ.ഡിയുടെ ഉത്തരവ്. ഇതേ തുടർന്ന് കൊച്ചി ഓഫിസിലെ ചുമതല അദ്ദേഹം ഒഴിഞ്ഞു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങള്‍ക്കും മുന്‍ മന്ത്രിമാരുമടക്കമുള്ളവർക്കെതിരെ സ്വപ്ന കോടതിയിൽ നൽകിയ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിൽ ഇ.ഡി അന്വേഷണം പുരോഗമിക്കുകയാണ്. മൊഴിപ്പകർപ്പ് കോടതി മുഖേന വാങ്ങിയ ശേഷം പലതവണ സ്വപ്നയെ ഇ.ഡി ഓഫിസിൽ വിളിച്ചുവരുത്തി രാധാകൃഷ്ണന്‍റെ നേതൃത്വത്തിൽ ചോദ്യം ചെയ്തിരുന്നു. സ്വപ്നയുടെ മൊഴി പ്രകാരം കൂടുതൽ ഉന്നതരെ ചോദ്യം ചെയ്യുമെന്ന സൂചനകൾ നിലനിൽക്കെയാണ് സ്ഥലംമാറ്റം. ഒരുവർഷം മുമ്പ് മരവിപ്പിച്ച സ്ഥലംമാറ്റം അന്വേഷണത്തിന്‍റെ ഒരുഘട്ടം പൂർത്തിയായ സാഹചര്യത്തിൽ നടപ്പാക്കുന്നുവെന്ന വിശദീകരണമാണ് ഇ.ഡി നൽകുന്നത്. എന്നാൽ, സ്വപ്നയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ കാര്യക്ഷമമായ അന്വേഷണം നടക്കുന്നില്ലെന്നതടക്കം രാധാകൃഷ്ണനെതിരെ ലഭിച്ച ചില പരാതികളാണ് അടിയന്തരമായി സ്ഥലം മാറ്റുന്നതിന് പിന്നിലെന്നാണ് സൂചനകൾ. സ്വപ്ന നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണവുമായി ബന്ധപ്പെട്ട സുപ്രധാന കാര്യങ്ങളിലേക്ക് ഉദ്യോഗസ്ഥൻ ഇതുവരെ കടന്നിട്ടില്ലെന്ന ആരോപണം സ്വപ്നയുടെ സംഘ്പരിവാർ ബന്ധമുള്ള അഭിഭാഷകനടക്കമുള്ളവർക്കുണ്ട്. കേരളത്തിൽനിന്ന് കേസ് ബംഗളൂരുവിലേക്ക് മാറ്റാൻ രാധാകൃഷ്ണൻ ഏകപക്ഷീയമായി നീക്കം നടത്തിയെന്ന ആരോപണം നേരത്തേതന്നെയുണ്ട്. രാധാകൃണന്‍റെ ഒഴിവിൽ ഉടൻ പുതിയ ഉദ്യോഗസ്ഥനെ നിയമിക്കുമെന്നാണ് ഇ.ഡി അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story