Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2022 2:33 AM IST Updated On
date_range 12 Aug 2022 2:33 AM ISTസാമൂഹ്യവിരുദ്ധർ നഗരം കൈയടക്കിയിട്ടും പൊലീസിന് പ്രിയം ഹെൽമറ്റ് വേട്ട
text_fieldsbookmark_border
കൊച്ചി: ക്രിമിനലുകളും സാമൂഹ്യവിരുദ്ധരും നഗരം കൈയടക്കിയിട്ടും ഹെൽമറ്റ് വേട്ടയിൽ മാത്രമൊതുങ്ങിയിരിക്കുകയാണ് നഗരത്തിലെ പൊലീസിന്‍റെ പ്രവർത്തനമെന്ന് ആക്ഷേപം. പൊലീസ് സ്റ്റേഷന് മീറ്റററുകൾക്കപ്പുറം സാമൂഹ്യവിരുദ്ധർ തമ്പടിച്ചിരിക്കുമ്പോഴും അവരെ കണ്ടെത്താനും നിരീക്ഷിക്കാനും പൊലീസിനാകുന്നില്ല. രാത്രി പട്രോളിങ് എന്നത് നഗരത്തിലെ പ്രധാന റോഡുകൾ കേന്ദ്രീകരിച്ച് പേരിന് മാത്രമായുള്ള ഏർപ്പാടായി മാറി. കഴിഞ്ഞ ദിവസം രാത്രി മധ്യവയസ്കനെ കുത്തിക്കൊന്ന നോർത്ത് മേൽപാലത്തിനടിയിൽ ക്രിമിനൽ സംഘങ്ങൾ തമ്പടിക്കുന്ന പ്രദേശമാണെന്ന് ജനങ്ങൾ പറയുന്നു. ലഹരി ഉൽപന്നങ്ങൾ പരസ്യമായി ഉപയോഗിക്കുന്നതും സംഘട്ടനങ്ങൾ ഉണ്ടാകുന്നതും പതിവാണ്. ബുധനാഴ്ച രാത്രി ഒമ്പതോടെ കൊലപാതകം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് പാലത്തിനടിയിൽ പൊലീസ് സംഘം ഹെൽമറ്റ്- സീറ്റ് ബെൽറ്റു വേട്ടക്കിറങ്ങിയിരുന്നു. പാലത്തിന് അടിയിൽ അനധികൃതമായി പാർക്ക് ചെയ്തിരിക്കുന്നതും ഉപേക്ഷിച്ച നിലയിലുള്ള വാഹനങ്ങളും കെട്ടിടങ്ങൾക്ക് സമീപത്തെ ഒഴിഞ്ഞയിടങ്ങളും സാമൂഹ്യവിരുദ്ധരുടെ താവളമാണ്. സി.സി.ടി.വികൾ പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ടെങ്കിലും മിക്കതും പ്രവർത്തിക്കുന്നില്ല. നഗരത്തിലെ മിക്ക ഓവർ ബ്രിഡ്ജുകളുടെയും താഴെ രാത്രികാലങ്ങളിൽ ലഹരിവിൽപനക്കാരുടെയും സാമൂഹ്യവിരുദ്ധരുടെയും താവളമാണ്. ഇവിടെയൊന്നും പൊലീസ് തിരിഞ്ഞ് നോക്കാത്തത് സമീപവാസികളുടെ സ്വൈര്യം കെടുത്തുകയാണ്. നോർത്ത് റെയിൽ വേ സ്റ്റേഷനിലേക്കുള്ള പ്രധാന വഴികളിൽ ഒന്നായ നോർത്ത് റെയിൽവെ മേൽപാലത്തിൽ പൊലീസിന്‍റെ ശ്രദ്ധ വേണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്. സാമൂഹ്യവിരുദ്ധരെ അമർച്ചചെയ്യണം - കെ.എച്ച്.ആർ.എ കൊച്ചി: ജനങ്ങൾക്കും വ്യാപാരികൾക്കും ഭീഷണിയായി വിലസുന്ന എറണാകുളം നോർത്ത് പ്രദേശത്തെ സാമൂഹ്യവിരുദ്ധരെ അമർച്ചചെയ്യാൻ പൊലീസ് കർശന നടപടികളെടുക്കണമെന്ന് കേരള ഹോട്ടൽ റസ്റ്റാറന്‍റ് അസോസിയേഷൻ. എറണാകുളം നോർത്ത് റെയിൽവേസ്റ്റേഷൻ പരിസരം സാമൂഹ്യവിരുദ്ധരുടെ താവളമായിരിക്കുകയാണ്. പ്രദേശത്തെ വ്യാപാരികൾക്കും, റെയിൽവേസ്റ്റേഷനിലേക്കെത്തുന്ന ആളുകൾക്കും ഇവർ ഭീഷണിയാണ്. കഴിഞ്ഞ ദിവസം റെയിൽവേസ്റ്റേഷന് മുന്നിലെ ഹോട്ടലിൽ കാഷ് കൗണ്ടറിലിരുന്ന ഉടമയെ സാമൂഹ്യവിരുദ്ധർ വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. അതിന്‍റെ പിറകെയാണ് ഇന്നലെ ഹോട്ടലിന് മുന്നിൽ ഒരാളെ കുത്തിക്കൊന്നത്. രാത്രി ഈ പരിസരം സാമൂഹ്യവിരുദ്ധരുടെ കയ്യിലാണ്. പരിസരത്തെ വഴിവിളക്കുകളും കത്തുന്നില്ല. പൊലീസ് പട്രോളിങ് കർശനമാക്കണമെന്നും, രാത്രി പൊലീസിന്‍റെ സ്ഥിരം സാന്നിധ്യം വേണമെന്നും ജില്ല പ്രസിഡന്‍റ് ടി. ജെ. മനോഹരനും, ജില്ല സെക്രട്ടറി കെ.ടി. റഹീമും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story