Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2022 12:58 AM IST Updated On
date_range 12 Aug 2022 12:58 AM ISTഎം.സി റോഡിലെ 'മരണക്കുഴി' എന്ന് മൂടും
text_fieldsbookmark_border
പെരുമ്പാവൂര്‍: പ്രധാന പാതയായ എം.സി റോഡിന്റെ വശത്ത് രൂപപ്പെട്ട കുഴി അപകടങ്ങള്‍ക്ക് കാരണമായി മാറുന്നു. പെരുമ്പാവൂര്‍-കാലടി റോഡില്‍ ഔഷധി ജങ്ഷന്‍ കഴിയുമ്പോള്‍ കാലടി അങ്കമാലി ഭാഗത്തുനിന്നുള്ള ഭാരവാഹനങ്ങള്‍ തിരിയുന്ന ജി.കെ. പിള്ള റോഡിന്റെ തുടക്കത്തിലാണ് വലിയ കുഴിയുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി മഴ പെയ്തപ്പോള്‍ വെള്ളം നിറഞ്ഞ നിലയിലായിരുന്നു. ശ്രദ്ധയിൽപെടാതെ പകലും ഇരുചക്ര വാഹനങ്ങള്‍ ചാടി അപകടങ്ങളുണ്ടായി. നിലവില്‍ കുഴിയുടെ പകുതി ഭാഗം വെള്ളം നിറഞ്ഞ സ്ഥിതിയിലാണ്. ഇപ്പോള്‍ രാത്രി വാഹനങ്ങള്‍ അപകടത്തിൽപെടുകയാണ്. അപകടത്തിൽപെടുന്നവര്‍ ജീവന്‍ നഷ്ടമാകാത്തത് ഭാഗ്യംകൊണ്ട് മാത്രമാണ്. ഭാരവാഹനങ്ങള്‍ക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് പോകാനുള്ള വണ്‍വേ റോഡിന്റെ തുടക്കത്തിലാണ് വലിയ കുഴി. മാസങ്ങള്‍ക്ക് മുമ്പേ ഇവിടെ കുഴി രൂപപ്പെട്ടിരുന്നു. കുറേനാള്‍ മുമ്പ് വണ്‍വേ റോഡ് അറ്റകുറ്റപ്പണി നടത്തിയപ്പോൾ കൂട്ടത്തില്‍ മൂടിയിരുന്നു. എന്നാല്‍, മഴക്കാലമായതോടെ കുളം പോലെയായി. പെരുമ്പാവൂര്‍-അങ്കമാലി റോഡില്‍ ഇത്രയും അപകടകരമായ കുഴി മറ്റൊരിടത്തുമില്ല. എന്നിട്ടുപോലും ഇത് താല്‍ക്കാലികമായി മൂടാനോ അപകട മുന്നറിയിപ്പ് സംവിധാനം ഒരുക്കാനോ അധികൃതർ തയാറായിട്ടില്ല. രാവിലെയും വൈകീട്ടും വിദ്യാര്‍ഥികളും നഗരത്തിലെ ശ്രീധര്‍മശാസ്ത ക്ഷേത്രത്തിലേക്കും കുഴിപ്പിള്ളി കാവിലേക്കും പ്രായമായവരും ഉള്‍പ്പെടെയുള്ളവര്‍ പോകുന്നത് ജി.കെ. പിള്ള റോഡിലൂടെയാണ്. വര്‍ഷത്തില്‍ നിരവധി തവണ ഈ ഭാഗത്ത് അറ്റകുറ്റപ്പണി നടത്താറുണ്ട്. എന്നാല്‍, അശാസ്ത്രീയ നിര്‍മാണം മൂലം ഇവിടെ വെള്ളക്കെട്ട് രൂപപ്പെടുകയാണ്. ഇനിയെങ്കിലും കുഴി രൂപപ്പെടാത്ത തരത്തില്‍ ഈ ഭാഗം നന്നാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
