Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2022 12:30 AM IST Updated On
date_range 12 Aug 2022 12:30 AM ISTമുല്ലപ്പെരിയാർ വെള്ളം കാട് മുക്കുന്നു; ആനകളുടെ ആവാസവ്യവസ്ഥക്കും ഭീഷണി
text_fieldsbookmark_border
കുമളി: ഇന്ന് ലോക ആന ദിനം ആചരിക്കുമ്പോൾ പെരിയാർ വന്യജീവി സങ്കേതത്തിലെ ആനകൾ നിലനിൽപിനായുള്ള പോരാട്ടത്തിലാണ്. 2012 ആഗസ്റ്റ് 12ന് തുടക്കം കുറിച്ച ആനദിനാചരണം 10 വർഷം പിന്നിടുമ്പോൾ പുൽമേടുകളും മേച്ചിൽ സ്ഥലങ്ങളും വെള്ളത്തിൽ മുക്കിയ മനുഷ്യന്‍റെ ഇടപെടലുകൾവഴി ദുരിതത്തിലായ ആനക്കൂട്ടങ്ങളാണ് പെരിയാർ വനമേഖലയിൽ കാണാനാകുന്നത്. പെരിയാർ വനമേഖലയുടെയും തേക്കടിയുടെയും ഏറ്റവും വലിയ ആകർഷണങ്ങളിൽ ഒന്നാണ് ആനകൾ. ശരാശരി 70 വയസ്സുവരെ ആയുർദൈർഘ്യമുള്ള ആനകൾ ദിവസവും 16 മണിക്കൂർ ഭക്ഷണത്തിനായാണ് വിനിയോഗിക്കുന്നത്. ആവാസകേന്ദ്രങ്ങൾ നശിക്കുന്നതും കൊമ്പിനും പല്ലിനുമായുള്ള വേട്ടയും മനുഷ്യന്‍റെ മറ്റ് ചൂഷണങ്ങളുമാണ് ആനകൾക്ക് വെല്ലുവിളി ഉയർത്തുന്നത്. 140-270 കിലോവരെ ഭക്ഷണം ഒരു ദിവസം ആവശ്യമുള്ള ആനകൾ പ്രധാനമായും തേക്കടി തടാകതീരത്തിന്‍റെ വിവിധ ഭാഗങ്ങളിലെ പുൽമേടുകളിലാണ് തീറ്റതേടിയെത്തുക. കൂട്ടമായെത്തി തീരത്തെ പുൽത്തകിടിയിലും തടാകത്തിന് നടുവിലെ തുരുത്തുകളിലുമായാണ് പെരിയാറിലെ ആനകൾ വസിച്ചിരുന്നത്. എന്നാൽ, മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142ലേക്ക് ഉയർത്തിയതോടെ കാടിനുള്ളിലെ മിക്കസ്ഥലത്തും വെള്ളം കയറി. തടാകതീരത്തെ പുൽമേടുകൾ, തടാകത്തിനു നടുവിലെ തുരുത്തുകൾ എന്നിവയെല്ലാം വെള്ളത്തിൽ മുങ്ങി. തടാകതീരത്ത് നിലനിന്ന ഒട്ടുമിക്ക മരങ്ങളും ദിവസങ്ങളോളം വെള്ളം നിന്നതോടെ നശിച്ചു. പുൽമേടുകളിലെ തീറ്റക്കിടെ വെള്ളം കുടിക്കാനും ശരീരം തണുപ്പിക്കാനും സൗകര്യമായതിനാൽ പെരിയാറിലെ ആനക്കൂട്ടങ്ങൾ മിക്കപ്പോഴും തടാകതീരത്താണ് ചുറ്റിത്തിരിഞ്ഞിരുന്നത്. കാടിന്‍റെ മിക്കഭാഗവും വെള്ളത്തിൽ മുങ്ങിയതോടെ ആനകളുടെ സ്വാഭാവിക ജീവിതരീതി തകിടം മറിഞ്ഞു. തടാകതീരത്ത് തീറ്റയില്ലാതായതോടെ ആനക്കൂട്ടങ്ങൾ തീറ്റതേടി മറ്റു മേഖലകളിലേക്ക് പ്രയാണം ചെയ്യുന്ന സ്ഥിതിയാണ് പെരിയാർ വനമേഖലയിൽ. ആനദിനാചരണത്തിന്‍റെ ഭാഗമായി രാജ്യത്തെ പ്രധാന പരിപാടി വെള്ളിയാഴ്ച തേക്കടിയിൽ നടക്കുമ്പോൾ പെരിയാർ വനമേഖലയുടെ വീണ്ടെടുപ്പിന് തുടക്കമാകുമെന്ന പ്രതീക്ഷയിലാണ് ഈ രംഗത്തുള്ളവർ. ............. Cap: തീരവും കാടും മുക്കിയ മുല്ലപ്പെരിയാർ വെള്ളം cap: പെരിയാർ വനമേഖലയിലെ ആനക്കൂട്ടം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
