Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 1:42 AM IST Updated On
date_range 11 Aug 2022 1:42 AM ISTദേശീയപാതയിലെ കുഴി: കരാർ പ്രവർത്തനങ്ങൾ ഫലപ്രദമല്ലെന്ന് കലക്ടർമാരുടെ റിപ്പോർട്ട്
text_fieldsbookmark_border
കൊച്ചി: മണ്ണുത്തി - ഇടപ്പള്ളി ദേശീയപാതയിലെ കുഴിയടക്കാൻ കരാർ കമ്പനിയായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ നടത്തുന്ന പ്രവർത്തനങ്ങൾ ഫലപ്രദമല്ലെന്ന് എറണാകുളം, തൃശൂർ ജില്ല കലക്ടർമാർ തയാറാക്കിയ റിപ്പോർട്ട്. കരാർ കമ്പനിക്ക് വേണ്ടത്ര ജീവനക്കാരോ ആവശ്യത്തിനുള്ള ഉപകരണങ്ങളോ ഇല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ദേശീയപാതയിലെ കുഴിയടക്കാൻ കരാർ കമ്പനി നടത്തുന്ന പണികൾ അശാസ്ത്രീയമാണെന്ന് പരാതികൾ ഉയർന്നതിനെത്തുടർന്ന് കഴിഞ്ഞ ദിവസം ഹൈകോടതി വിഷയത്തിൽ ഇടപെട്ടിരുന്നു. എറണാകുളം, തൃശൂർ ജില്ല കലക്ടർമാരോട് പരിശോധന നടത്തി റിപ്പോർട്ട് നൽകാനും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചിരുന്നു. ഇതനുസരിച്ച് തൃശൂർ ജില്ല കലക്ടർ ഹരിത വി. കുമാർ, എറണാകുളം ജില്ല കലക്ടർ ഡോ. രേണുരാജ് എന്നിവരാണ് റിപ്പോർട്ടുകൾ തയാറാക്കിയത്. റിപ്പോർട്ടുകൾ അടുത്ത ദിവസം ഹൈകോടതിയിൽ സമർപ്പിക്കും. താൽക്കാലികമായി കുഴിയടക്കുന്നതിന് ഉപയോഗിക്കുന്ന കോൾഡ് മിക്‌സ് (ടാറും ചെറിയ മെറ്റലും ചേർത്ത മിശ്രിതം) ഫലപ്രദമല്ലെന്നാണ് കണ്ടെത്തൽ. ദേശീയപാത നിർമാണത്തിലും സർവിസ് റോഡുകളുടെ നിർമാണത്തിലും അപാകതകളുണ്ടെന്ന് ഇരുവരും റിപ്പോർട്ടിൽ പറയുന്നു. ഗുരുവായൂർ ഇൻഫ്രാസ്ട്രക്‌ചർ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്താൻ നടപടി സ്വീകരിക്കേണ്ടതുണ്ട്. അറ്റകുറ്റപ്പണികളിൽ വീഴ്ച വരുത്തുന്ന കരാർ കമ്പനി ടോൾ പിരിക്കുന്നത് തടയാൻ ജില്ല കലക്ടർക്ക് അധികാരമുണ്ടോ എന്ന വിഷയത്തിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും തൃശൂർ കലക്ടറുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ദേശീയപാതയിൽ നെടുമ്പാശ്ശേരി അത്താണിക്ക് സമീപത്തെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരൻ ഹാഷിം മരിച്ച സംഭവത്തെത്തുടർന്നാണ് വിഷയത്തിൽ ഹൈകോടതി ഇടപെട്ടത്. ഒരാഴ്ചക്കകം റോഡിലെ കുഴികൾ നികത്തണമെന്ന് സിംഗിൾബെഞ്ച് അന്ത്യശാസനവും നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ദേശീയ പാതയുടെ നിർമാണച്ചുമതലയുള്ള കരാർ കമ്പനി കോൾഡ് മിക്സ് ഉപയോഗിച്ച് കുഴിയടക്കൽ തുടങ്ങിയത്. ഹരജി ആഗസ്റ്റ് 19 ന് ഹൈകോടതി വീണ്ടും പരിഗണിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story