Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 12:26 AM IST Updated On
date_range 11 Aug 2022 12:26 AM ISTത്രിമാന ചിത്രകലയുടെ മാന്ത്രികൻ ശിവദാസിന് അക്ഷരവീട്; സമർപ്പണം ഇന്ന്
text_fieldsbookmark_border
ആലപ്പുഴ: തീക്ഷ്ണ സമരസ്മരണകൾ നിറഞ്ഞ പുന്നപ്രയുടെ മണ്ണിൽ പൂർത്തിയായ 'അക്ഷരവീട്' വ്യാഴാഴ്ച കൈമാറും. മലയാളത്തിലെ മധുരമൂറുന്ന അക്ഷരങ്ങൾ കോർത്തിണക്കി 'മാധ്യമം' ദിനപത്രവും സിനിമ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യും യൂനിമണി-എൻ.എം.സി ഗ്രൂപ്പും ചേർന്ന് നടപ്പാക്കുന്ന പദ്ധതിയിൽ 'ച' അക്ഷരവീട് ത്രിമാന ചിത്രകലയുടെ മാന്ത്രികൻ ശിവദാസ് വാസുവിനാണ് നൽകുന്നത്. വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാൻ കഴിയുംവിധം എട്ട് തൂണുകളുടെ അടിത്തറയിൽ അഞ്ചടി ഉയരത്തിൽ പുന്നപ്ര വടക്ക് പഞ്ചായത്തിലാണ് വീട് നിർമിച്ചത്. പ്രമുഖ വാസ്തുശിൽപി ഡോ. ജി. ശങ്കറാണ് അക്ഷരവീട് രൂപകൽപന ചെയ്തത്. ആലപ്പുഴയിൽ നിർമിച്ചുനൽകുന്ന രണ്ടാമത്തെ അക്ഷരവീടാണിത്. ജീവൻതുടിക്കുന്ന ശിൽപ നിർമിതിയുടെ കലാകാരൻ സുരേഷ് തോട്ടപ്പള്ളിക്ക് 'ഛ' അക്ഷരവീട് നൽകിയതാണ് ആദ്യത്തേത്. വ്യാഴാഴ്ച രാവിലെ 11.30ന് കപ്പക്കട പത്തിൽപാലത്തിന് സമീപത്തെ പറവൂർ തെക്ക് എൻ.എസ്.എസ് കരയോഗം ഹാളിൽ ചേരുന്ന സമ്മേളനത്തിൽ കൃഷിമന്ത്രി പി. പ്രസാദ് സ്നേഹാദരവായി വീട് സമർപ്പിക്കും. എച്ച്. സലാം എം.എൽ.എ മുഖ്യാതിഥിയാവും. മാധ്യമം സി.ഇ.ഒ പി.എം. സാലിഹ്, അമ്മ പ്രതിനിധിയും നടനുമായ ഇടവേള ബാബു, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഷീബ രാഗേഷ്, പുന്നപ്ര നോർത്ത് പഞ്ചായത്ത് പ്രസിഡന്‍റ് സജിത സതീശൻ, ജില്ല പഞ്ചായത്ത് അംഗം ഗീത ബാബു, ഗ്രാമപഞ്ചായത്ത് അംഗം കവിത, മാധ്യമം ജില്ല രക്ഷാധികാരി ഹക്കീം പാണാവള്ളി, റോട്ടറി ഡിസ്ട്രിക്റ്റ് ചെയർമാൻ റോജസ് ജോസ്, ഹാബിറ്റാറ്റ് എൻജിനീയർ ബി. വിനോദ്കുമാർ, പറവൂർ പബ്ലിക് ലൈബ്രറി പ്രസിഡന്‍റ് വി.കെ. വിശ്വനാഥൻ, പറവൂർ തെക്ക് എൻ.എസ്.എസ് കരയോഗം പ്രസിഡന്‍റ് കെ. ഉണ്ണികൃഷ്ണൻ, മാധ്യമം റെസിഡന്‍റ് എഡിറ്റർ എം.കെ.എം. ജാഫർ തുടങ്ങിയവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story