Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2022 1:06 AM IST Updated On
date_range 8 Aug 2022 1:06 AM ISTബിഗ് ബെൻ ഹൗസ്: നഗരസഭ മാറ്റിപാർപ്പിച്ച ആറുകുടുംബം ദുരിതത്തിൽ
text_fieldsbookmark_border
മട്ടാഞ്ചേരി: പത്തുമാസം പിന്നിട്ടിട്ടും കോമ്പാറമുക്ക് ബിഗ് ബെൻ ഹൗസ് കെട്ടിടത്തിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ നടപടിയായില്ല. ദുരിതപൂർണമായ ജീവിതം നയിക്കുകയാണ് കുടുംബാംഗങ്ങൾ. ആറ് കുടുംബത്തിൽനിന്നുള്ള സ്ത്രീകളും കുട്ടികളുമടങ്ങുന്ന 32 പേർ നഗരസഭയുടെ മട്ടാഞ്ചേരി കെ.എം. മുഹമ്മദ് കമ്യൂണിറ്റി ഹാളിൽ കഴിഞ്ഞുവരുകയാണ്. കഴിഞ്ഞ വർഷം ഒക്ടോബർ 15നാണ് കനത്ത കാറ്റിലും മഴയിലും ബിഗ് ബെൻ ഹൗസ് കെട്ടിടത്തിൻെറ ഭിത്തിയിൽ വിള്ളൽ വീണത്. 34 പേരെയാണ് അന്ന് സുരക്ഷിതത്വം കണക്കിലെടുത്ത് നഗരസഭ താൽക്കാലികമായി കമ്യൂണിറ്റി ഹാളിലേക്ക് മാറ്റിയത്. ഇവർക്കായി ഭവനപദ്ധതി ഒരുക്കുമെന്നായിരുന്നു മേയറടക്കം പറഞ്ഞത്. എന്നാൽ, വിഗ്ദാനങ്ങളല്ലാതെ ഒന്നും ഉണ്ടായില്ല. പത്തുമാസത്തിനുള്ളിൽ രണ്ടുപേർ സ്വന്തം ഭവനം കാണാനാകാതെ മരണത്തിന് കീഴടങ്ങുകയും ചെയ്തു. കമ്യൂണിറ്റി ഹാളിൽ ഒരു സുരക്ഷിതത്വവുമില്ലാതെയാണ് ഈ കുടുംബങ്ങൾ കഴിയുന്നത്. സ്വകാര്യതപോലും നഷ്ടപ്പെട്ട കുടുംബങ്ങൾ ഭാവിയെക്കുറിച്ച് ഒരു പ്രതീക്ഷയുമില്ലാത്ത അവസ്ഥയിലാണ്. താമസിച്ചിരുന്ന ബിഗ് ബെൻ കെട്ടിടത്തിന് വിള്ളൽ വീണപ്പോൾ ഉടൻ പരിഹാരമുണ്ടാക്കാമെന്ന ഉറപ്പുമായി ജനപ്രതിനിധികൾ അടക്കമുള്ളവർ എത്തിയെങ്കിലും ഇവരെ കമ്യൂണിറ്റി ഹാളിലേക്ക് മാറ്റിയതോടെ എല്ലാം മന്ദഗതിയിലായി. വഖഫ് ബോർഡിൻെറ അധീനതയിലെ കെട്ടിടമായതിനാൽ അറ്റകുറ്റപ്പണി നടത്താൻ അവരുടെ അനുവാദം വേണമായിരുന്നു. വഖഫ് ബോർഡ് അനുവാദം നൽകുകയും നഗരസഭ ഫണ്ട് അനുവദിക്കുകയും ചെയ്തെങ്കിലും സെക്രട്ടറി അനുവാദം നൽകിയില്ലെന്നാണ് ബിഗ് ബെൻ ഹൗസിലെ താമസക്കാർ പറയുന്നത്. ഇവരുടെ ദുരവസ്ഥയറിഞ്ഞ് പൊതുമേഖല സ്ഥാപനങ്ങൾ ഉൾപ്പെടെ സൗജന്യ ഭവന പദ്ധതികളുമായി എത്തിയെങ്കിലും നഗരസഭ ഫണ്ട് അനുവദിച്ചുവെന്ന് അറിയിച്ചതോടെ വാഗ്ദാനം ചെയ്ത പൊതുമേഖല സ്ഥാപനങ്ങൾ പിൻവലിഞ്ഞു. വാഗ്ദാനം ചെയ്ത നഗരസഭയാകട്ടെ ഇപ്പോൾ ഫണ്ടില്ലെന്ന നിലപാടിലുമാണ്. ഇതോടെ വല്ലാത്തൊരു അവസ്ഥയിലായിരിക്കയാണ് ഈ കുടുംബങ്ങൾ. സുഖമില്ലാതെ കഴിയുന്ന വയോധികർ ഉൾപ്പെടെയുള്ളവർ ഹാളിനകത്ത് ദുരിതജീവിതം നയിക്കുകയാണ്. സ്വന്തം ഭവനത്തിലേക്ക് മടങ്ങണമെന്ന ആഗ്രഹവുമായി പ്രതീക്ഷയോടെ കഴിയുകയാണ് ഈ കുടുംബങ്ങൾ. ചിത്രം.. ബിഗ് ബെൻ ഹൗസ് കെട്ടിടത്തിലെ താമസക്കാർ മട്ടാഞ്ചേരി കമ്യൂണിറ്റി ഹാളിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story