Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2022 12:53 AM IST Updated On
date_range 8 Aug 2022 12:53 AM ISTപെരിയാർ തീരത്ത് കനത്ത ജാഗ്രത നിർദേശം
text_fieldsbookmark_border
കൊച്ചി: ഇടുക്കിക്ക് പിന്നാലെ ചൊവ്വാഴ്ച ഇടമലയാർ അണക്കെട്ടും തുറക്കുന്ന സാഹചര്യത്തിൽ പെരിയാർ തീരത്ത് ശക്തമായ ജാഗ്രത പുലർത്താൻ കലക്ടർ ഡോ. രേണുരാജ് വിവിധ വകുപ്പുകൾക്ക് നിർദേശം നൽകി. ചൊവ്വാഴ്ച രാവിലെ 10 മുതൽ ഷട്ടർ തുറന്ന് 50 മുതൽ 100 ക്യുമെക്സുവരെ ജലം തുറന്നു വിടുന്നതിനാണ് ഇടമലയാർ അണക്കെട്ടിൻെറ ചുമതല വഹിക്കുന്ന വൈദ്യുതി ബോർഡിന് അനുമതി നൽകിയിട്ടുള്ളത്. ഇതുമൂലം പെരിയാറിലെ ജലനിരപ്പിൽ ഗണ്യമായ വ്യതിയാനം പ്രതീക്ഷിക്കുന്നില്ല. എങ്കിലും ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് ബുക്ക് പ്രകാരമുള്ള എല്ലാ മുന്നൊരുക്കവും സ്വീകരിക്കും. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ മുൻകരുതലെന്ന നിലയിൽ നടപടി സ്വീകരിക്കണമെന്ന് സിയാൽ അധികൃതർക്കും കലക്ടർ കത്ത് നൽകി. ജില്ലയിലെ ജനപ്രതിനിധികൾ, വിവിധ വകുപ്പ് മേധാവികൾ, പെരിയാർ തീരത്തെ തദ്ദേശ സ്ഥാപനങ്ങൾ എന്നിവർക്കും ഇതു സംബന്ധിച്ച അറിയിപ്പുകൾ കൈമാറിയിട്ടുണ്ട്. ജില്ല അടിയന്തര ഘട്ട നിർവഹണ കേന്ദ്രത്തിനാണ് (ഡി.ഇ.ഒ.സി) പ്രവർത്തനങ്ങളുടെ ഏകോപനച്ചുമതല. പെരിയാറിലെ ജലനിരപ്പ് ജലസേചന വകുപ്പ് 24 മണിക്കൂറും നിരീക്ഷിക്കും. ശക്തമായ നീരൊഴുക്കുണ്ടാകുന്ന സ്ഥലങ്ങളിൽ പുഴ മുറിച്ചു കടക്കുന്നതും മീൻ പിടിക്കുന്നതും നിരോധിച്ചു. ഈ സമയം പുഴകളിലും കൈവഴികളിലും കുളിക്കാനോ തുണിയലക്കാനോ പാടില്ല. ജലമൊഴുകുന്ന മേഖലകളിൽ വിനോദ സഞ്ചാരവും നിരോധിച്ചു. പെരിയാർ തീരത്തുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മൈക്ക് അനൗൺസ്മെന്റ് മുഖേന പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകും. പ്രശ്നസാധ്യതയുള്ള മേഖലകളിലെ താമസക്കാരെ ആവശ്യമുള്ള പക്ഷം ക്യാമ്പുകളിലേക്ക് മാറ്റും. റവന്യൂ, പഞ്ചായത്ത്, നഗരസഭ അധികൃതർക്കാണ് ഇതിൻെറ ചുമതല. മഴ മാറിനിൽക്കുകയും നദിയിലെ ജലനിരപ്പ് താഴുകയും ചെയ്യുന്നതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ജില്ല ഭരണകൂടം വ്യക്തമാക്കി. സാഹചര്യങ്ങളിലുണ്ടാകുന്ന മാറ്റത്തിനനുസരിച്ച് കൃത്യമായി നിർദേശങ്ങൾ ലഭിക്കും. ഇവ പാലിക്കണമെന്ന് കലക്ടർ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story