Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2022 12:46 AM IST Updated On
date_range 8 Aug 2022 12:46 AM ISTഎൽദോയുടെ സ്വപ്നനേട്ടം; ജന്മനാട്ടിൽ ആഘോഷം
text_fieldsbookmark_border
കോലഞ്ചേരി: കോമൺവെൽത്ത് ഗെയിംസിന്‍റെ ട്രിപ്പിൾ ജംപിൽ എൽദോ പോളിന്‍റെ സുവർണനേട്ടം പാലക്കാമറ്റം ഗ്രാമത്തിന് ഉത്സവമായി. ഷാപ്പ് തൊഴിലാളിയായ പാലക്കാമറ്റം കൊച്ചുതോട്ടത്തിൽ പൗലോസിന്‍റെയും പരേതയായ മറിയക്കുട്ടിയുടെയും മൂത്ത മകനാണ് എൽദോസ്. പ്രാരാബ്ധങ്ങളോടും പ്രതിസന്ധികളോടും പടവെട്ടിയാണ് കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജംപിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന നേട്ടം ഈ 25 കാരൻ സ്വന്തമാക്കിയത്. പാമ്പാക്കുട സ്കൂളിലെ പ്ലസ് ടു പഠനത്തിനുശേഷം കോതമംഗലം എം.എ കോളജിൽ ബിരുദ പഠനത്തിന് ചേർന്നതോടെയാണ് എൽദോയുടെ ജീവിതത്തിൽ വഴിത്തിരിവായത്. ഇവിടുത്തെ കായിക അധ്യാപകൻ ഡോ. മാത്യു ജേക്കബ്, ദ്രോണാചാര്യ ടി.പി. ഔസേഫ് എന്നിവരുടെ നേതൃത്വത്തിൽ ലഭിച്ച പരിശീലനങ്ങൾ എൽദോയിലെ പ്രതിഭയെ വാർത്തെടുത്തു. ബിരുദ പഠനത്തിനിടെ തന്നെ ഇന്ത്യൻ നേവിയുടെ ഭാഗമാവുകയും ചെയ്തു. കിരീടനേട്ടം വാർത്തമാധ്യമങ്ങളിലൂടെ അറിഞ്ഞതോടെ നാട്ടുകാരും വിവിധ സാംസ്കാരിക സംഘടനകളും ദേശീയ പതാകയുമേന്തി നിരത്തിലൂടെ ഘോഷയാത്ര നടത്തി. പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും നാട്ടുകാരന്‍റെ സ്വപ്നനേട്ടം അവർ ആഘോഷമാക്കി. രണ്ടാഴ്ച മുമ്പ് അമേരിക്കയിലെ യൂജീനിൽ നടന്ന ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ട്രിപ്പിൾ ജംപിൽ ഫൈനലിലെത്തിയ എൽദോസ് പോളിന് നിർഭാഗ്യംകൊണ്ടാണ് കിരീടം നഷ്ടമായത്. അന്നും കിരീട പ്രതീക്ഷയിൽ ആഘോഷത്തിനായി നാട്ടുകാർ വലിയ ഒരുക്കം നടത്തിയിരുന്നു. ഇക്കാര്യം അന്ന് 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് ചുണ്ടിനും കപ്പിനുമിടയിൽ നഷ്ടമായ കിരീടനേട്ടം കോമൺവെൽത്ത് ഗെയിംസിൽ സുവർണ നേട്ടമായി തിരികെപ്പിടിച്ചത് നാടിന് ഇരട്ടി മധുരമായി. എബിനാണ് സഹോദരൻ. ഫോട്ടോ അടിക്കുറിപ്പ്: പാലക്കാമറ്റത്ത് നാട്ടുകാർ നടത്തിയ ആഹ്ലാദപ്രകടനം 2) പിതാവ് പൗലോസും മുത്തശ്ശി മറിയാമ്മയും മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
