Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാനം കറുക്കുമ്പോൾ മനം...

മാനം കറുക്കുമ്പോൾ മനം പിടയുന്നവർ

text_fields
bookmark_border
മൂവാറ്റുപുഴ: മാനത്ത് മഴക്കാറു കനക്കുന്നതോടെ ഭീതിയിലാകുന്ന നൂറുകണക്കിന് കുടുംബങ്ങളും നിരവധി വ്യാപാരികളുമാണ് മൂവാറ്റുപുഴ ടൗണിലുള്ളത്. കിഴക്കൻ മേഖലകളിൽനിന്നും ഒഴുകിയെത്തുന്ന മൂന്ന് ആറുകളുടെ സംഗമകേന്ദ്രമായ മൂവാറ്റുപുഴയാറിൽ ജലനിരപ്പുയരുന്നതോടെ പട്ടണവാസികളുടെ അടക്കം മനസ്സുകളിലും ഇരമ്പൽ ആരംഭിക്കും. പതിറ്റാണ്ടുകൾ പഴക്കമുണ്ട് ഈ ദുരിതത്തിന്. കൃത്യമായി പറഞ്ഞാൽ നഗരത്തിലെ താഴ്ന്ന പ്രദേശമായ കൊച്ചങ്ങാടി, എട്ടങ്ങാടി, കാളച്ചന്ത പ്രദേശങ്ങളിൽ ജനവാസം ആരംഭിച്ച 1940കളിൽ തുടങ്ങി ഇതുതന്നെയാണ് സ്ഥിതി. വെള്ളത്തെ പേടിച്ച് പുതുതലമുറയിലെ പലരും കരകയറി പോയങ്കിലും ഇന്നും നൂറുകണക്കിന് കുടുംബം ഇവിടങ്ങളിൽതന്നെ താമസിക്കുന്നുണ്ട്. ഇതിനിടെ 90കളിൽ നഗരത്തിലെ ഇലാഹിയ കോളനിയിലും ജനവാസം ആരംഭിച്ചു. ഇതോടെ പുഴയിൽ വെള്ളം ഉയർന്നാൽ ആദ്യം ഒഴുകിയെത്തുന്നത് ഇലാഹിയ കോളനിയിലാണ്. അറുപതോളം കുടുംബം ഇവിടെ താമസിക്കുന്നുണ്ട്. മാർക്കറ്റും വ്യാപാര കേന്ദ്രങ്ങളും സ്ഥിതിചെയ്യുന്ന കാവുങ്കര മേഖലയിൽ 2018ലെ പ്രളയത്തിനു ശേഷം തുടർച്ചയായി മൂന്നുവർഷവും വെള്ളം കയറി. ഇതിനു മുമ്പ് വ്യാപാര കേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം അപൂർവമായി മാത്രമേ സംഭവിച്ചിരുന്നുള്ളൂ. ഇക്കുറി ഇതുവരെ വ്യാപാര കേന്ദ്രങ്ങളിലേക്ക് വെള്ളം എത്തിയില്ലെങ്കിലും പലരും ചരക്കുകൾ നീക്കിയിരുന്നു. പ്രളയമുൾപ്പെടെയുണ്ടായ വെള്ളപ്പൊക്കത്തിൽ കാവുങ്കര മേഖലയിൽ മാത്രം 100 കോടി രൂപയുടെ നഷ്ടം ഉണ്ടായതായാണ് മർച്ചന്‍റ്​സ്​ അസോസിയേഷൻ അന്ന് വ്യക്തമാക്കിയത്​. പ്രളയാനന്തരം വെള്ളപ്പൊക്കം നിയന്ത്രിക്കാൻ പദ്ധതികൾ ആവിഷ്കരിച്ചെങ്കിലും ഇതുവരെ നടപ്പായില്ല. ഇതിൽ പ്രധാനമായി തീരുമാനിച്ചത് മൂവാറ്റുപുഴയാറിൽ അടിഞ്ഞുകൂടിയ മാലിന്യവും ചളിയും മണലും നീക്കംചെയ്യാനാണ്. ഡീൻ കുര്യാക്കോസ് എം.പിയുടെ നിർദേശപ്രകാരം ആർ.ഡി.ഒ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് സുപ്രധാന തീരുമാനമെടുത്തത്. എന്നാൽ, കിഴക്കൻ മേഖലയിൽ പിറവം നഗരസഭ മാത്രമാണ് ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചത്. വെള്ളപ്പൊക്കം ഏറ്റവും കൂടുതൽ നാശം വിതച്ച മൂവാറ്റുപുഴ നഗരസഭയടക്കമുള്ളവ ഇത് അവഗണിക്കുകയായിരുന്നു. മലങ്കര ഡാമിൽനിന്ന് കാലവർഷത്തിൽ ഷട്ടറുകൾ തുറന്ന് വെള്ളം വലിയ തോതിൽ തുറന്നുവിടുന്നതാണ് കിഴക്കൻ മേഖലയിൽ വെള്ളപ്പൊക്കം സൃഷ്ടിക്കുന്നതെന്ന പരാതിയെ തുടർന്ന് ഡാമിലെ ജലനിരപ്പ് 39.5 അടിയായി ക്രമീകരിക്കാൻ തീരുമാനമെടുത്തത് മാത്രമാണ് ഇക്കാര്യത്തിൽ നടപ്പായത്. ഇക്കുറി ദിവസങ്ങൾക്കിടെ രണ്ട് തവണയാണ് വെള്ളം കയറിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story