Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 2:16 AM IST Updated On
date_range 4 Aug 2022 2:16 AM ISTഅനധികൃത കൊടിമരങ്ങൾ നീക്കാൻ സർക്കുലർ പുറപ്പെടുവിക്കണം -ഹൈകോടതി
text_fieldsbookmark_border
കൊച്ചി: പൊതുസ്ഥലങ്ങളിലും റോഡുകളിലും അനധികൃതമായി കൊടിമരങ്ങൾ സ്ഥാപിക്കുന്നത് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സർക്കുലർ പുറപ്പെടുവിക്കണമെന്ന് സർക്കാറിനോട് ഹൈകോടതി. റോഡ് മധ്യത്തിൽപോലും കൊടിമരങ്ങൾ സ്ഥാപിക്കുകയാണ്. രാഷ്ട്രീയ കക്ഷികളുടേതായതിനാൽ ബുദ്ധിമുട്ടുണ്ടായാലും ഭയം മൂലം പൊതുജനം പ്രതികരിക്കുന്നില്ല. ഇവ നീക്കാൻ അധികൃതരുടെ ഭാഗത്ത് നിന്ന് നീക്കമുണ്ടാകുന്നുമില്ല. തോന്നുന്നിടത്ത് എത്ര വേണമെങ്കിലും കൊടിമരങ്ങൾ സ്ഥാപിക്കാമെന്ന രീതിക്ക് അവസാനമുണ്ടായേ തീരൂ. ഭൂസംരക്ഷണമടക്കം നിയമങ്ങൾ ഉൾപ്പെടുത്തി വേണം സർക്കുലർ പുറപ്പെടുവിക്കാനെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. തുടർന്ന്, ഹരജി ആഗസ്റ്റ് 24ന് വീണ്ടും പരിഗണിക്കാൻ മാറ്റി. മുൻ ഉത്തരവിനെത്തുടർന്ന് സർക്കാർ ചൊവ്വാഴ്ച പുറപ്പെടുവിച്ച സർക്കുലർ സീനിയർ ഗവ. പ്ലീഡർ കോടതിയുടെ ശ്രദ്ധയിൽപെടുത്തി. പുതിയ സർക്കുലർ പ്രകാരം നടപ്പാതകളുടെ കൈവരികളിലോ മീഡിയനുകളിലോ ട്രാഫിക് ഐലൻഡുകളിലോ കൊടികളോ ബാനറുകളോ ബോർഡുകളോ സ്ഥാപിക്കാനാകില്ല. ഇങ്ങനെ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ നീക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകുന്നത് കൂടിയാണ് സർക്കുലർ. എന്നാൽ, സ്ഥിരമായി സ്ഥാപിച്ച കൊടിമരങ്ങളെക്കുറിച്ച് സർക്കുലറിൽ പറയുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പന്തളം മന്നം ആയുർവേദ കോ ഓപറേറ്റിവ് മെഡിക്കൽ കോളജ് കവാടത്തിൽ രാഷ്ട്രീയ പാർട്ടികൾ സ്ഥാപിച്ച കൊടിമരങ്ങൾ നീക്കാൻ പൊലീസ് സംരക്ഷണം തേടി മന്നം ഷുഗർ മിൽ നൽകിയ ഹരജിയടക്കമാണ് കോടതിയുടെ പരിഗണനയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story