Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2022 1:46 AM IST Updated On
date_range 3 Aug 2022 1:46 AM IST'അപകടരഹിത കൊച്ചി' നടപ്പാക്കാൻ ജി.സി.ഡി.എ
text_fieldsbookmark_border
കൊച്ചി: നഗരത്തിലെ വാഹനാപകടങ്ങൾ കുറക്കാൻ 'അപകടരഹിത കൊച്ചി' പദ്ധതിയുമായി ഗ്രേറ്റർ കൊച്ചിൻ ഡെവലപ്മെന്റ് അതോറിറ്റി. ജി.സി.ഡി.എയെ കൂടാതെ കെ.എസ്.ടി.സി.ഇ - ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം (നാറ്റ്പാക്), നാഷനൽ സേഫ്റ്റി കൗൺസിൽ കേരള ചാപ്റ്റർ, കൊച്ചിൻ ഷിപ്യാർഡ്, ബി.പി.സി.എൽ കൊച്ചി എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി നടപ്പാകുന്നതിന് മുന്നോടിയായി 'സുസ്ഥിര കൊച്ചിക്കായി സുരക്ഷിതവും പൊതുവുമായ ഗതാഗത സംവിധാനം പ്രോത്സാഹിപ്പിക്കുക' വിഷയത്തിൽ ഈമാസം ഒമ്പതിന് പാലാരിവട്ടം റിനെ ഹോട്ടൽ ഓഡിറ്റോറിയത്തിൽ ശിൽപശാല സംഘടിപ്പിക്കും. മന്ത്രി എം.വി. ഗോവിന്ദൻ ഓൺലൈനായി പങ്കെടുക്കും. ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ശിൽപശാല ഉദ്ഘാടനം ചെയ്യുമെന്ന് ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള പറഞ്ഞു. സ്കൂളുകൾ, സന്നദ്ധ സംഘടനകൾ തുടങ്ങി സമൂഹത്തിന്‍റെ വിവിധ വിഭാഗങ്ങളിലുള്ളവരെ ഭാഗമാക്കി റോഡ് സുരക്ഷ അവബോധം സൃഷ്ടിക്കുമെന്ന് ജി.സി.ഡി.എ ചെയർമാൻ വ്യക്തമാക്കി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വാഹനാപകടങ്ങൾ ഉണ്ടാവുന്ന നഗരമാണ് കൊച്ചിയെന്ന് നാറ്റ്പാക് ഡയറക്ടർ ഡോ. സാംസൺ മാത്യു പറഞ്ഞു. 2100 പേരാണ് ഈ കാലയളവില്‍ ജില്ലയില്‍ റോഡപകടങ്ങളില്‍ മരിച്ചത്. 2021ല്‍ 1780 അപകടങ്ങളില്‍ 141 പേര്‍ മരിച്ചു. 1758 പേര്‍ക്ക് പരിക്കേറ്റു. അപകടങ്ങളിൽപെട്ട 61 ശതമാനം പേരും ഇരുചക്ര വാഹന ഡ്രൈവർമാരാണെന്നും നാറ്റ്പാക് കണ്ടെത്തിയിട്ടുണ്ട്. അതിനാൽ കൊച്ചി നഗരത്തിൽ പദ്ധതിയുടെ പ്രധാന്യം ഏറെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ലയിലുണ്ടായ 70 ശതമാനത്തിലധികം അപകടങ്ങളും സംഭവിച്ചത് ജങ്ഷനുകളില്‍നിന്ന് അകലെയാണെന്നാണ് നാറ്റ്പാക് കണ്ടെത്തല്‍. 68 ശതമാനം അപകടങ്ങള്‍ മീഡിയന്‍ ഇല്ലാത്ത ഭാഗത്തും 67 ശതമാനം നേര്‍രേഖ റോഡ് ഭാഗത്തുമാണെന്നും അദ്ദേഹം വിശദീകരിച്ചു. വാര്‍ത്തസമ്മേളനത്തിൽ നാഷനല്‍ സേഫ്റ്റി കൗണ്‍സില്‍ കേരള ചാപ്റ്റര്‍ സെക്രട്ടറി ഡോ. വി.എം. രമേശ്, കെ.എസ്.ടി.സി.ഇ - ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. സാംസണ്‍ മാത്യു, കൊച്ചിന്‍ ഷിപ്‌യാര്‍ഡ് എ.ജി.എം അബ്ദുല്‍ മനാഫ്, ബി.പി.സി.എല്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ അജിത് കുമാര്‍, ജി.സി.ഡി.എ സെക്രട്ടറി അബ്ദുൽ മാലിക് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story