Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2022 12:23 AM IST Updated On
date_range 3 Aug 2022 12:23 AM ISTശ്രീറാം തെറിച്ചു; വീർപ്പുമുട്ടിയ കലക്ടറേറ്റിന്റെ വാതിലുകൾ മലർക്കെ തുറന്നു
text_fieldsbookmark_border
ആലപ്പുഴ: ശ്രീറാം വെങ്കിട്ടരാമനെ കലക്ടറായി നിയമിച്ചതിന് പിന്നാലെ, പ്രവേശനം പരിമിതപ്പെടുത്തി പൊലീസ് വലയത്തിലായ കലക്ടറേറ്റിന്റെ കവാടങ്ങൾ ചൊവ്വാഴ്ച പൊതുജനങ്ങൾക്കായി മലർക്കെ തുറന്നു. ശ്രീറാമിനെ മാറ്റി തിങ്കളാഴ്ച രാത്രി ഉത്തരവിറങ്ങിയതിന് പിന്നാലെ ചൊവ്വാഴ്ച ഉച്ചയോടെയാണ് എല്ലാ വാതിലുകളും തുറന്നത്. കഴിഞ്ഞ ബുധനാഴ്ച പ്രതിഷേധങ്ങൾക്ക് നടുവിൽ ശ്രീറാം ചുമതലയേറ്റതിന് പിന്നാലെയാണ് കലക്ടറേറ്റിൽ പ്രവേശനത്തിന് നിയന്ത്രണമേർപ്പെടുത്തിയത്. മൂന്ന് കവാടങ്ങളിൽ രണ്ടും അടച്ച് പ്രധാന കവാടത്തിലൂടെ മാത്രമായിരുന്നു ശ്രീറാമിന്‍റെ വരവോടെ ഇന്നലെവരെ പ്രവേശനം. കലക്ടറേറ്റിനുള്ളിൽ കടന്നുള്ള പ്രതിഷേധം ഭയന്നായിരുന്നു ഈ നടപടി. തുടർ പ്രതിഷേധങ്ങൾക്കൊടുവിലാണ് ആറാം നാളിൽ ശ്രീറാമിനെ സിവിൽ സപ്ലൈസ് കോർപറേഷൻ ജനറൽ മാനേജരായി മാറ്റാൻ സർക്കാർ നിർബന്ധിതമായത്. മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ കാർ ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം ചുമതലയേൽക്കാൻ എത്തിയ നിമിഷംതന്നെ കലക്ടറേറ്റിന് മുന്നിൽ പ്രതിഷേധവും തുടങ്ങിയിരുന്നു. കരിങ്കൊടി കാട്ടിയാണ് യൂത്ത് കോൺഗ്രസ് വരവേറ്റത്. തുടർന്ന് കോൺഗ്രസും കേരള മുസ്‌ലിം ജമാഅത്തും മുസ്‌ലിംലീഗുമൊക്കെ പ്രതിഷേധവുമായി രംഗത്തെത്തി. കേരള പത്രപ്രവർത്തക യൂനിയനും സമരത്തിനിറങ്ങി. സമരപരമ്പരയിൽ പിടിച്ചുനിൽക്കാനാകാതെയായിരുന്നു സർക്കാറിന്‍റെ കീഴടങ്ങൽ. കഴിഞ്ഞയാഴ്ച കനത്ത പ്രതിഷേധത്തിൽ വീർപ്പുമുട്ടുകയായിരുന്നു ജില്ലഭരണ സിരാകേന്ദ്രം. പുറം പരിപാടികളിൽനിന്ന് ഒഴിവാക്കേണ്ടിവന്നത് കൂടാതെ ജനങ്ങളില്‍നിന്ന് മാറിനിൽക്കേണ്ട ഗതികേടിലുമായിരുന്നു ശ്രീറാം. അദ്ദേഹം പങ്കെടുത്ത നെഹ്റു ട്രോഫി വള്ളംകളി ആലോചന യോഗം കോൺഗ്രസും മുസ്‌ലിം ലീഗും ബഹിഷ്കരിക്കുകയും ചെയ്തിരുന്നു. കലക്ടറേറ്റിലും ക്യാമ്പ് ഓഫിസ് ഉൾപ്പെടുന്ന വസതിയിലും പൊലീസ് കനത്ത കാവലാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഗണ്‍മാന് പുറമെ പ്രത്യേക പൊലീസ് വാഹന അകമ്പടിയും എര്‍പ്പെടുത്തി. കലക്ടറേറ്റിൽ എത്തുന്നവരെ നിരീക്ഷിച്ചാണ് കടത്തിവിട്ടിരുന്നത്. ശ്രീറാം ബുധനാഴ്ച സ്ഥാനമൊഴിഞ്ഞേക്കും. പട്ടികജാതി വകുപ്പ് ഡയറക്ടറായിരുന്ന കൃഷ്ണതേജയാണ് പകരമെത്തുന്നത്. അഷ്റഫ് വട്ടപ്പാറ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story