Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2022 12:46 AM IST Updated On
date_range 2 Aug 2022 12:46 AM ISTനഗരത്തിലെ വെള്ളക്കെട്ട്: യുദ്ധകാലാടിസ്ഥാനത്തിൽ പരിഹാരം വേണം- ഹൈകോടതി
text_fieldsbookmark_border
കൊച്ചി: നഗരത്തിലെ വെള്ളക്കെട്ടിന് യുദ്ധകാലാടിസ്ഥാനത്തിൽ പരിഹാരം വേണമെന്ന് ഹൈകോടതി. കാനകളിലേക്കുള്ള ജലമൊഴുക്ക് തടസ്സപ്പെട്ടതാണ് വെള്ളക്കെട്ടിന് കാരണം, അതിന് പരിഹാരമായാൽ പ്രശ്നം കുറേയേറെ ഇല്ലാതാകുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജികളാണ് കോടതി പരിഗണിച്ചത്. എറണാകുളത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ആവശ്യത്തിന് ജീവനക്കാരെ നിയോഗിച്ച് കാനകളിലേക്ക് വെള്ളമൊഴുകുന്നതിനുള്ള തടസ്സം നീക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. എന്നാൽ, നഗരത്തിലെ കാനകൾ മഴക്കു മുമ്പേ വൃത്തിയാക്കിയതാണെന്നും വലിയതോതിൽ മഴ പെയ്താലും കാനകൾക്ക് വെള്ളം ഉൾക്കൊള്ളാനാവുമെന്നും സർക്കാർ അഭിഭാഷകൻ വിശദീകരിച്ചു. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് നവീകരിച്ച റോഡിലെ വെള്ളം കാനകളിലേക്ക് ഒഴുകിയെത്തുന്നില്ലെന്ന് ഹരജിക്കാർ ആരോപിച്ചു. ഇത്തരമൊരു പരാതി ഇതുവരെ ഉന്നയിച്ചിരുന്നില്ലെന്ന് കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ അഭിഭാഷകൻ വ്യക്തമാക്കി. നഗരത്തിലെ റോഡുകളിൽനിന്ന് കാനകളിലേക്ക് വെള്ളം ഒഴുകാനായിട്ടിരിക്കുന്ന ഓവുകളുടെ മുകളിൽ സ്ഥാപിക്കുന്ന ഇരുമ്പുമൂടികൾ സാമൂഹികവിരുദ്ധർ എടുത്തുകൊണ്ട് പോകുന്നതായി കൊച്ചി സ്മാർട്ട് മിഷൻ അഭിഭാഷകൻ അറിയിച്ചു. ഇതിനാലാണ് പല ഓവുകൾക്കും മൂടിയില്ലാതാകുന്നതെന്നും അറിയിച്ചു. ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാൻ പൊലീസിന് നിർദേശം നൽകണം. നഗരത്തിലെ വെള്ളക്കെട്ട് തടയാൻ നഗരസഭയും ജില്ല ദുരന്ത നിവാരണ സമിതി ചെയർമാനായ കലക്ടറും കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. വെള്ളക്കെട്ട് പരിഹരിക്കാനുള്ള നടപടികൾ നഗരസഭ അറിയിക്കണം. നവീകരിച്ച റോഡിൽനിന്ന് വെള്ളം കാനയിലേക്ക് ഒഴുകിയെത്തുന്നില്ലെന്ന പരാതിയിൽ കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡും റിപ്പോർട്ട് നൽകണം. പേരണ്ടൂർ കനാലിന്റെ നവീകരണത്തിന് തടസ്സമായ റെയിൽവെ കലുങ്കിന്റെ കാര്യത്തിൽ റെയിൽവേ അധികൃതർ നിലപാട് അറിയിക്കണമെന്നും കോടതി നിർദേശിച്ചു. തുടർന്ന് ഹരജി ആഗസ്റ്റ് നാലിന് വീണ്ടും പരിഗണിക്കാനായി മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story