Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2022 5:47 AM IST Updated On
date_range 23 Jun 2022 5:47 AM ISTപ്ലസ് വൺ സീറ്റ്: മലബാറിനോടുള്ള വിവേചനം അവസാനിപ്പിക്കണം -മലബാർ എജുക്കേഷൻ മൂവ്മെന്റ്
text_fieldsbookmark_border
കൊച്ചി: പ്ലസ് വൺ സീറ്റുകളുടെ എണ്ണത്തിൽ മലബാറിനോടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് മലബാർ എജുക്കേഷൻ മൂവ്മെന്റ്. വിദ്യാഭ്യാസ വിഭവങ്ങളുടെ അസന്തുലിത വിതരണത്തിനിരയാണ് മലബാറിലെ വിദ്യാർഥികളെന്ന് മൂവ്മെന്റ് ചെയർമാൻ ഡോ. കെ.കെ.എൻ. കുറുപ്പ് പറഞ്ഞു. ഓരോ അധ്യയനവർഷവും മലബാർ ജില്ലകളിലെ സീറ്റ് ക്ഷാമം പതിവ് ചർച്ചയാകുന്നതിനപ്പുറം കാര്യമായ നടപടിയുണ്ടാകുന്നില്ല. ഓരോ വർഷവും പതിനായിരക്കണക്കിന് വിദ്യാർഥികളാണ് ഓപൺ സ്കൂളിൽ ചേരാൻ നിർബന്ധിതരാകുന്നത്. 60-65 വിദ്യാർഥികൾ പഠിക്കുന്ന ക്ലാസുകളിൽ സീറ്റുകൾ കൂട്ടി പ്രശ്നം പരിഹരിക്കാമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് അശാസ്ത്രീയമാണ്. തെക്കൻ കേരളത്തിൽ ഉള്ളതിന് ആനുപാതികമായി ഹൈസ്കൂളുകൾ മലബാറിൽ ഇല്ല എന്ന വസ്തുത മനസ്സിലാക്കി പ്രശ്നം പരിഹരിക്കാൻ സർക്കാറുകൾ സന്നദ്ധമാവാത്തതാണ് പ്രശ്നം ഗുരുതരമാക്കുന്നത്. ഉന്നത വിദ്യാഭ്യാസരംഗത്ത് ഈ വിടവ് കൂടിവരുകയാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ ജില്ലയിൽ 1330 പ്ലസ് വൺ സീറ്റുകളുടെ കുറവാണുള്ളത്. പാലക്കാട് 10,132 സീറ്റിന്‍റെയും മലപ്പുറത്ത് 30,941 സീറ്റിന്‍റെയും കുറവുണ്ട്. കോഴിക്കോട് 8579, വയനാട് 2232, കണ്ണൂർ 5356, കാസർകോട് 3723 എന്നിങ്ങനെയും സീറ്റ് കുറവുകളുണ്ട്. അതേസമയം, തെക്കൻ ജില്ലകളിലെല്ലാം സീറ്റുകൾ അധികമാണ്. താൽക്കാലിക പരിഹാരമെന്നതിനുപകരം മലബാറിന്‍റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്നും സംഘാടകർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി അക്ഷയ് കുമാർ, സി.ഇ.ഒ മഞ്ജുദേവ്, കോഓഡിനേറ്റർ ഖദീജ തസ്നിം, ഷിഹാബുദ്ദീൻ റാവുത്തർ, ഡോ. പി.പി. മുഹമ്മദ് കുട്ടി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story