Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2022 5:31 AM IST Updated On
date_range 22 Jun 2022 5:31 AM ISTവിവാദങ്ങൾക്കും ദുരിതത്തിനുമൊടുവിൽ പത്തടിപ്പാലത്തെ മെട്രോ തൂൺ നിർമാണം പൂർത്തിയായി
text_fieldsbookmark_border
കൊച്ചി: മാസങ്ങൾ നീണ്ട വിവാദങ്ങൾക്കും ദുരിതത്തിനുമൊടുവിൽ പത്തടിപ്പാലത്തെ 347ാം നമ്പർ മെട്രോ തൂൺ ബലപ്പെടുത്തുന്ന ജോലികൾ പൂർത്തീകരിച്ചു. ഇതോടെ ബുധനാഴ്ച മുതൽ ആലുവ-പേട്ട റൂട്ടില്‍ മെട്രോ സര്‍വിസ് ബുധനാഴ്ച മുതല്‍ സാധാരണ നിലയിലാകുമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് അധികൃതർ അറിയിച്ചു. ഇനി ഏഴര മിനിറ്റ് ഇടവിട്ട് ട്രെയിനുകള്‍ ഈ റൂട്ടില്‍ ഓടും. നേരത്തേ 20 മിനിറ്റ് ഇടവിട്ടായിരുന്നു ആലുവക്കും പത്തടിപ്പാലത്തിനും ഇടയില്‍ സര്‍വിസ്. ഈ ഭാഗത്ത് ഇരുട്രാക്കും ഗതാഗതത്തിന് ഉപയോഗിച്ചു തുടങ്ങിയതോടെ ആലുവ -പേട്ട റൂട്ടില്‍ തിങ്കള്‍ മുതല്‍ ശനിവരെ തിരക്കുള്ള സമയങ്ങളില്‍ 7.30 മിനിറ്റും മറ്റ് സമയങ്ങളില്‍ 8.30 മിനിറ്റും ഇടവിട്ട് സര്‍വിസ് ഉണ്ടാകും. കുസാറ്റ് മുതല്‍ പത്തടിപ്പാലം വരെയുണ്ടായിരുന്ന വേഗനിയന്ത്രണം ഘട്ടം ഘട്ടമായി ഒഴിവാക്കും. നാല് പൈലുകള്‍ അധികം സ്ഥാപിച്ച് പൈല്‍ ക്യാപ് മുഖേന തൂണുമായി ബന്ധിപ്പിച്ചാണ് പത്തടിപ്പാലത്തെ അടിത്തറ ശക്തിപ്പെടുത്തിയതെന്ന് കെ.എം.ആർ.എൽ അധികൃതർ പറഞ്ഞു. ലോഡ് ടെസ്റ്റ് നടത്തി പൈലുകളുടെ ബലപരിശോധനയും ഓസിലേഷന്‍ മോണിറ്ററിങ് നടത്തി ട്രെയിന്‍ യാത്ര പരിശോധനയും വേഗപരിശോധനയും നടത്തിയശേഷമാണ് ഈ ഭാഗത്തെ ഗതാഗതം പൂര്‍വസ്ഥിതിയിലാക്കിയതെന്നും അവർ അറിയിച്ചു. പത്തടിപ്പാലത്തെ കൊച്ചി മെട്രോയുടെ 347ാം നമ്പർ തൂണിൽ ഫെബ്രുവരിയിലാണ് ചരിവ് കണ്ടെത്തിയത്. ഇതോടെ പാതയിൽ ട്രെയിൻ ഗതാഗതം തകരാറിലായി. മാർച്ച് 19ന് തൂൺ ബലപ്പെടുത്താനുള്ള നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ പത്തടിപ്പാലത്തെ വഴിയിലും ഗതാഗതക്കുരുക്ക് രൂക്ഷമായി. ഏപ്രിൽ അവസാനത്തോടെ നിർമാണം പൂർത്തീകരിക്കുമെന്നായിരുന്നു കൊച്ചി മെട്രോ അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ, നിർമാണം ആരംഭിച്ച് 90 ദിവസത്തിലധികം കഴിഞ്ഞപ്പോഴാണ് പണികൾ പൂർത്തീകരിച്ചിരിക്കുന്നത്. ഭൂമിക്കടിയിലെ പാറയിൽ തൂണിന്‍റെ പൈലുകൾ കൃത്യമായി ഉറപ്പിക്കാത്തതിനാലാണ് തൂണിന് ചരിവ് സംഭവിച്ചതെന്ന് കണ്ടെത്തിയിരുന്നു. മെട്രോ തൂണുകൾ നിർമിക്കുമ്പോൾ സാധാരണഗതിയിൽ നാല് പില്ലറുകൾ മണ്ണിലേക്ക് ഇറക്കി ഭൂമിക്കടിയിലുള്ള പാറയുമായി ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാൽ, ഇവിടെ അത്തരത്തിൽ യോജിപ്പിച്ചിട്ടില്ലെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. പിഴവ് സംഭവിച്ചെന്ന് ഡി.എം.ആർ.സി മുൻ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരനും തുറന്നുപറഞ്ഞിരുന്നു. ഗുരുതര പിഴവ് കണ്ടെത്തിയിട്ടും ഇതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ലെന്നതാണ് ശ്രദ്ധേയം. അറ്റകുറ്റപ്പണിക്കുള്ള ചെലവ് സംസ്ഥാന സർക്കാറിനെ ബാധിക്കാത്ത രീതിയിൽ കരാറുകാരായ എല്‍ ആൻഡ് ടി കമ്പനിയാണ് വഹിക്കുന്നതെന്ന് കെ.എം.ആർ.എൽ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story