Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:39 AM IST Updated On
date_range 17 Jun 2022 5:39 AM ISTമുല്ലശ്ശേരി കനാൽ നവീകരണം നിലച്ചോയെന്ന് കോടതി
text_fieldsbookmark_border
കൊച്ചി: മുല്ലശ്ശേരി കനാലിന്റെ നവീകരണ പ്രവർത്തനങ്ങളുടെ പുരോഗതി സംബന്ധിച്ച് റിപ്പോർട്ട് തേടി ഹൈകോടതി. കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ടുള്ള ഹരജികളിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർദേശം. കനാൽ നവീകരണം നിലച്ചോയെന്ന് ആരാഞ്ഞ കോടതി തുടർന്നാണ് ഇക്കാര്യത്തിൽ റിപ്പോർട്ട് നൽകാൻ സർക്കാറിനോടും പരിശോധിച്ച് റിപ്പോർട്ട് നൽകാൻ അമിക്കസ്ക്യൂറിയോടും നിർദേശിച്ചു. മുല്ലശ്ശേരി കനാലിലൂടെ കടന്നുപോകുന്ന വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനുകൾ നീക്കാത്തതാണ് നവീകരണം നിലക്കാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്. മുല്ലശ്ശേരി കനാൽ നവീകരണം ഏറക്കുറെ നിലച്ചെന്നാണ് കോടതിക്ക് ലഭിച്ച വിവരമെന്ന് ഹരജികൾ പരിഗണിക്കവെ കോടതി ചൂണ്ടിക്കാട്ടി. കനാൽ നവീകരണം ഫലപ്രദമായി നടത്തിയില്ലെങ്കിൽ മഴ കനക്കുന്നതോടെ നഗരം വീണ്ടും വെള്ളത്തിലാകുമെന്നും ഹൈകോടതി മുന്നറിയിപ്പ് നൽകി. കനാലിലൂടെ കടന്നു പോകുന്ന പൈപ്പ് ലൈനുകൾ രണ്ടാഴ്ചക്കകം മാറ്റണമെന്ന് മേയ് അവസാനം ഹൈകോടതി വാട്ടർ അതോറിറ്റിക്ക് നിർദേശം നൽകിയിരുന്നു. ഇതിനായി പണം നൽകിയിട്ടുണ്ടെന്ന് നഗരസഭയും അറിയിച്ചിരുന്നു. മുല്ലശ്ശേരി കനാലിലെ പൈപ്പ് ലൈനുകൾ നീക്കാനുള്ള ജോലികൾക്ക് ടെൻഡർ നൽകിയെന്നും ജോലികളുടെ പുരോഗതി അറിയിക്കാമെന്നും വാട്ടർ അതോറിറ്റി അഭിഭാഷകൻ അറിയിച്ചു. തുടർന്ന് ഹരജികൾ അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story