Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 5:48 AM IST Updated On
date_range 10 Jun 2022 5:48 AM ISTമട്ടാഞ്ചേരി പൊലീസ് സബ് ഡിവിഷനിലെ നാല് സ്റ്റേഷനിൽ നാഥനില്ല
text_fieldsbookmark_border
മട്ടാഞ്ചേരി: മട്ടാഞ്ചേരി പൊലീസ് സബ് ഡിവിഷനിലെ നാല് പൊലീസ് സ്റ്റേഷനുകളിൽ നാഥനില്ല. ക്രമസമാധാന നിയന്ത്രണത്തെ ബാധിക്കുന്നു. സ്ഥലംമാറിപ്പോയ സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്ക് പകരം നിയമനം നടത്തിയിട്ടില്ല. മട്ടാഞ്ചേരി, ഫോർട്ട്കൊച്ചി, പള്ളുരുത്തി, കണ്ണമാലി എന്നീ സ്റ്റേഷനുകളിലാണ് എസ്.എച്ച്.ഒ ഇല്ലാത്തത്. ആറ് പൊലീസ് സ്റ്റേഷനാണ് മട്ടാഞ്ചേരി സബ് ഡിവിഷന്റെ കീഴിൽ മുമ്പ് ഉണ്ടായിരുന്നത്. ഇതിൽ ഹാർബർ സ്റ്റേഷൻ എറണാകുളം സബ് ഡിവിഷനിലേക്ക് മാറി. തോപ്പുംപടി സ്റ്റേഷനിൽ മാത്രമാണ് നിലവിൽ സ്റ്റേഷൻ ഹൗസ് ഓഫിസറുള്ളത്. മട്ടാഞ്ചേരിയിൽനിന്ന് ഓഫിസർ സ്ഥാനക്കയറ്റം കിട്ടി സ്ഥലംമാറിപ്പോയി ഒന്നരമാസം പിന്നിട്ടിട്ടും ഇവിടെ പകരം ആളെ നിയമിച്ചിട്ടില്ല. ഈ സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസം നാട്ടുകാരെ ഭീതിയുടെ മുൾമുനയിൽ നിർത്തി ബസാറിൽ ലഹരി സംഘങ്ങൾ തമ്മിൽ മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടൽ നടന്നിരുന്നു. ഒരാൾക്ക് എയർഗൺ ഉപയോഗിച്ചുള്ള വെടിയേൽക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഒരു പ്രതിയെ പോലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഫോർട്ട്കൊച്ചി പൊലീസ് സ്റ്റേഷനിൽനിന്ന് കഴിഞ്ഞ ദിവസമാണ് സ്റ്റേഷൻ ഓഫിസർ സ്ഥാനക്കയറ്റത്തോടെ സ്ഥലംമാറി പോയത്. ഈ സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ചൊവ്വാഴ്ച ലഹരി സംഘം സഞ്ചാരികളായി എത്തിയ പെൺകുട്ടികളെ ശല്യം ചെയ്യുകയും ഇത് ചോദ്യം ചെയ്തതിന് ഹോം സ്റ്റേയിൽ കയറി അക്രമം നടത്തുകയും ഉണ്ടായിരുന്നു. ഈ കേസിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയും സ്റ്റേഷൻ ജാമ്യത്തിൽ വിടുകയും ചെയ്തു. മുപ്പതോളം വരുന്ന സംഘം ഹോം സ്റ്റേ കയറി മർദിച്ച സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ ഉണ്ടായിട്ടും ബാക്കിയുള്ളവരെ അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. മറ്റൊരു സ്റ്റേഷനായ പള്ളുരുത്തിയിൽനിന്ന് എസ്.എച്ച്.ഒ ഒരു മാസത്തിലേറെയായി സ്ഥലംമാറി പോയിട്ട്. പള്ളുരുത്തിയിലാണ് കഴിഞ്ഞ ദിവസം വീട്ടിൽ കയറി വയോദമ്പതികളെ ആക്രമിക്കുകയും ഭാര്യ കൊല്ലപ്പെടുകയും ഉണ്ടായത്. മുൻ വൈരാഗ്യത്തെ തുടർന്നുള്ള കൊലപാതകത്തിനു ശേഷം പ്രതി സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. കണ്ണമാലി പൊലീസ് സ്റ്റേഷനിലും ഓഫിസറില്ല. മത്സ്യത്തൊഴിലാളികൾ തിങ്ങിവസിക്കുന്ന തീരമേഖലയായ ഇവിടെ ട്രോളിങ് നിരോധനം ആരംഭിച്ച സാഹചര്യത്തിൽ സ്റ്റേഷനിൽ എസ്.എച്ച്.ഒ ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കും. പല കേസുകളിലും സ്റ്റേഷൻ ഹൗസ് ഓഫിസറില്ലാത്ത സാഹചര്യത്തിൽ എസ്.ഐമാർക്ക് നടപടികൾ മുന്നോട്ട് കൊണ്ടുപോകാൻ പരിമിതികളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story