Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 5:42 AM IST Updated On
date_range 10 Jun 2022 5:42 AM ISTമാറാടി വില്ലേജ് ഓഫിസ് നിർമാണം: വകുപ്പുകൾ തമ്മിലെ തർക്കത്തിന് പരിഹാരം
text_fieldsbookmark_border
മൂവാറ്റുപുഴ: മാറാടി വില്ലേജ് ഓഫിസ് നിർമാണത്തിന് തടസ്സങ്ങൾ ഒഴിവാകുന്നു. നിർമാണവുമായി ബന്ധപ്പെട്ട് റവന്യൂ, വൈദ്യുതി വകുപ്പുകൾ തമ്മിൽ നിലനിന്നിരുന്ന തർക്കം പരിഹരിച്ചു. നഗരത്തിലെ ടി.ബി ജങ്ഷനിലെ കെ.എസ്.ഇ.ബി ഓഫിസിന് സമീപം റവന്യൂവക സ്ഥലത്ത് വില്ലേജ് ഓഫിസ് നിർമിക്കാൻ തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. കെ.എസ്.ഇ.ബി ഓഫിസ് പ്രവർത്തിക്കുന്ന സ്ഥലത്തിന് സമീപം വില്ലേജ് ഓഫിസ് നിർമിക്കാനുള്ള നീക്കം ആരംഭിച്ചതോടെ രണ്ടു വകുപ്പിലെ ഉദ്യോഗസ്ഥർ തമ്മിൽ തർക്കവും സംഘർഷവും ഉടലെടുത്തിരുന്നു. രണ്ടുമാസം മുമ്പ് നിർമാണം തടഞ്ഞ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ കൂട്ടത്തോടെയുള്ള അറസ്റ്റും പൊലീസ് സ്റ്റേഷൻ ഉപരോധവും അരങ്ങേറി. ഇതേ തുടർന്നാണ് കഴിഞ്ഞ ദിവസം കെ.എസ്.ഇ.ബി-റവന്യൂ ഉദ്യോഗസ്ഥർ പങ്കെടുത്ത ഹൈപവർ കമ്മിറ്റി യോഗം പരിഹാര നിർദേശങ്ങൾ മുന്നോട്ടുവെച്ചത്. നിലവിലെ കെ.എസ്.ഇ.ബി ഓഫിസ് കെട്ടിടത്തിൽ 1400 ചതുരശ്ര അടി വില്ലേജ് ഓഫിസിന്റെ പ്രവർത്തനങ്ങൾക്കു വിട്ടു നൽകണം. സ്ഥലം ഇല്ലെങ്കിൽ കെട്ടിടത്തിൽ രണ്ടാം നില നിർമിച്ച് അതിൽ സൗകര്യം ഒരുക്കണം. മൂവാറ്റുപുഴ സബ് ഡിവിഷൻ ഓഫിസിന് സമീപം ആരംഭിച്ചിരിക്കുന്ന വില്ലേജ് ഓഫിസ് നിർമാണം അഞ്ച് സെന്റിൽ പൂർത്തിയാക്കാൻ കെ.എസ്.ഇ.ബി അധികൃതർ അനുവദിക്കണം, മതിൽ നിർമിക്കരുത് എന്നീ നിർദേശങ്ങളാണ് ഹൈപവർ കമ്മിറ്റി മുന്നോട്ടുവെച്ചത്. ധനവകുപ്പിലെ അഡീഷനൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിങ്, റവന്യൂ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി എ. ജയതിലക്, പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ, ലാൻഡ് റവന്യൂ കമീഷണർ കെ. ബിജു എന്നിവർ അടങ്ങുന്ന വകുപ്പുതല തർക്ക പരിഹാര സമിതിയാണ് നിർദേശങ്ങൾ മുന്നോട്ടുവെച്ചത്. മൂവാറ്റുപുഴയിൽ കെ.എസ്.ഇ.ബി 1 സെക്ഷൻ ഓഫിസ് സ്ഥിതി ചെയ്യുന്ന 34 സെന്റ് സർക്കാർ സ്ഥലത്തിൽ ആറ് സെന്റ് മാത്രമാണ് കെ.എസ്.ഇ.ബി.ക്ക് അനുവദിച്ചിട്ടുള്ളൂ എന്നും ബാക്കി സ്ഥലം കെ.എസ്.ഇ.ബിയുടെ ഉടമസ്ഥതയിൽ ഉള്ളതല്ലെന്നും അന്ന് തഹസിൽദാർ വ്യക്തമാക്കിയിരുന്നു. ഇതിൽനിന്ന് പത്ത് സെന്റ് സ്ഥലമാണ് വില്ലേജ് ഓഫിസ് നിർമിക്കാൻ അനുവദിച്ചത്. എന്നാൽ, ഇവിടെ മാറാടി വില്ലേജ് ഓഫിസ് നിർമിച്ചാൽ കെ.എസ്.ഇ.ബിയിലേക്ക് ഭാരമേറിയ വസ്തുക്കളുമായി വരുന്ന ട്രെയിലർ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് കയറാൻ കഴിയില്ലന്നും നിലവിൽ ഉപയോഗിച്ചുവരുന്ന പാർക്കിങ് ഏരിയ നഷ്ടപ്പെടുമെന്നും വാദിച്ചായിരുന്നു കെ.എസ്.ഇ.ബി അധികൃതർ രംഗത്തു വന്നിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story