Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2022 5:37 AM IST Updated On
date_range 9 Jun 2022 5:37 AM ISTട്രോളിങ് നിരോധനം തുടങ്ങുന്നു കടലോളം നഷ്ടമെന്ന് ബോട്ട് ഉടമകൾ
text_fieldsbookmark_border
പറവൂർ: വ്യാഴാഴ്ച അർധരാത്രി മുതൽ ട്രോളിങ് നിരോധനം നിലവിൽ വരുമ്പോൾ കഴിഞ്ഞ സീസണിലെ നഷ്ടക്കണക്കുകളോർത്ത് നെടുവീർപ്പുമായി ബോട്ട് ഉടമകളും തൊഴിലാളികളും. കോവിഡ് മൂലം ഹാർബറുകൾ തുറക്കാതായ നാളുകളിലെ ദുരിതം മറന്ന് ഏറെ പ്രതീക്ഷകളോടെയാണ് കഴിഞ്ഞ ആഗസ്റ്റ് ഒന്നിനാരംഭിച്ച സീസണിൽ ബോട്ടുകൾ കടലിലിറങ്ങിയത്. ആദ്യ ദിവസങ്ങളിലെ ഭേദപ്പെട്ട വരുമാനത്തിനുശേഷം പിന്നീട് വല നിറയെ നഷ്ടങ്ങളുമായാണ് ബോട്ടുകൾ കരക്കടുത്തത്. വലിയ ബോട്ടുകളെയാണ് മത്സ്യ ലഭ്യതക്കുറവ് വല്ലാതെ വലച്ചത്. ചെലവിനേക്കാൾ കുറഞ്ഞ വരുമാനവുമായി മടങ്ങിയ ബോട്ടുകൾ തൊഴിലാളികൾക്കും ബാധ്യതയായി. ബാറ്റക്കാശിൽ വരുമാനം ഒതുങ്ങിയതോടെ ഇതര സംസ്ഥാന തൊഴിലാളികൾ ഉടമകളോട് പോലും പറയാതെ സ്ഥലം വിട്ടു. സീസൺ അവസാനിക്കുമ്പോൾ 10 മുതൽ 15 ശതമാനം ബോട്ടുകൾക്ക് മാത്രമാണ് എന്തെങ്കിലും ലാഭം ഉണ്ടായിട്ടുള്ളൂവെന്നും മറ്റുള്ളവർ അഞ്ച് മുതൽ പതിമൂന്ന് ലക്ഷം വരെ കടത്തിലാണെന്നും ഫിഷിങ്ങ് ബോട്ട് ഓണേഴ്സ് ആൻഡ് ഓപറേറ്റേഴ്സ് കോഓഡിനേഷൻ ജനറൽ കൺവീനർ കെ.ബി. കാസിം ചൂണ്ടിക്കാട്ടുന്നു. വാർഷികഅറ്റകുറ്റപ്പണിക്കുള്ള തുക വേറെ കണ്ടെത്തണം. പത്തു മാസത്തെ സീസണിൽ 40തവണ കടലിൽ പോകേണ്ട ബോട്ടുകളിൽ നല്ലൊരു ശതമാനവും 20 തവണ മാത്രമാണ് പോയത്. കാലാവസ്ഥാ മുന്നറിയിപ്പുമൂലമുള്ള വിലക്കുകളും മത്സ്യലഭ്യതക്കുറവുമായിരുന്നു കാരണം. ചെറുവള്ളങ്ങളെ ബാധിക്കുന്ന കാറ്റിന്‍റെയും കടൽക്ഷോഭത്തിന്‍റെയും പേരിൽ വലിയ ബോട്ടുകളെ വിലക്കരുതെന്ന ആവശ്യത്തിൽ സർക്കാർ ഇതുവരെ അനുകൂല തീരുമാനം എടുത്തിട്ടില്ല. സമീപ സംസ്ഥാനങ്ങളിൽ ബോട്ടുകളുടെ ലൈസൻസ് പുതുക്കാൻ മൂവായിരത്തിൽ താഴെയാണ് വാർഷിക ഫീസ്. കേരളത്തിലത് 26,500 രൂപയാണ്. ഇതിന് പുറമേ ക്ഷേമനിധിയിലേക്ക് 24,000വും നൽകണം. നഷ്ടം പെരുകുന്നതിനാൽ ഈ രംഗം വിടാനുള്ള ആലോചനയിലാണ് വലിയൊരു വിഭാഗം ബോട്ട് ഉടമകൾ. എന്നാൽ, ബോട്ട് എടുക്കാൻ നാട്ടിലാളില്ല. സമീപ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരാകട്ടെ ഉടമകൾ ആവശ്യപ്പെടുന്നതിന്‍റെ പകുതി വിലയാണ് പറയുന്നത്. 3800 ഓളം ബോട്ടുകളാണ് കേരളത്തിലുള്ളത്. ഇതിൽ 280 എണ്ണം കഴിഞ്ഞ സീസണിൽ പൊളിച്ചു വിറ്റു. സർക്കാർ ഇടപെട്ടില്ലെങ്കിൽ അടുത്ത സീസണോടെ കേരളത്തിലെ ബോട്ട് വ്യവസായം തകരുമെന്ന് കെ.ബി. കാസിം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story