Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2022 5:36 AM IST Updated On
date_range 9 Jun 2022 5:36 AM ISTകെ.എസ്.ആർ.ടി.സി ബസുകൾ ക്ലാസ് മുറികളാക്കുന്നതിനെ വിമർശിച്ച് ഹൈകോടതി
text_fieldsbookmark_border
കൊച്ചി: കെ.എസ്.ആർ.ടി.സി ബസുകൾ ക്ലാസ് മുറികളാക്കുന്നത് നിർത്തി അവ സർവിസിന് ഉപയോഗിക്കണമെന്ന് ഹൈകോടതി. എത്രകാലം കുട്ടികളെ ഇങ്ങനെ പഠിപ്പിക്കാൻ കഴിയും. ചിലരുടെ താൽപര്യം സംരക്ഷിക്കാൻ ചിലത് ചെയ്ത് അവസാനം ബാധ്യതയാവുകയാണ്. സ്ഥാപനം നന്നായി കൊണ്ടുപോകാൻ ചിലർക്ക് താൽപര്യമില്ല. ശമ്പളവും പെൻഷനും നൽകാൻ വായ്‌പയെടുക്കുന്ന കമ്പനി എങ്ങനെ ഈ രീതിയിൽ മുന്നോട്ടുപോകുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആരാഞ്ഞു. ശമ്പളം വൈകുന്നതിനെതിരായ ഹരജികൾ പരിഗണിക്കവേയായിരുന്നു ഈ നിരീക്ഷണം. സമരം തുടരുകയാണെങ്കിൽ ഈ വിഷയത്തിൽ ഇടപെടില്ലെന്നും കോടതിയിൽ വിശ്വാസമുണ്ടെങ്കിൽ സമരം തുടരരുതെന്നും സിംഗിൾ ബെഞ്ച് ആവശ്യപ്പെട്ടു. ഒരു മാസം 180 കോടി രൂപയാണ് കോർപറേഷന്‍റെ വരുമാനം. ഇതിൽ ഡീസലിന് മാസം 92 കോടി വേണം. ബസുകൾ യാർഡുകളിൽ കിടന്ന് തുരുമ്പെടുക്കുന്നു. കെ.എസ്.ആർ.ടി.സിയുടെ വിശദീകരണത്തിൽ ബാധ്യതകളുടെയും പരാധീനതകളുടെയും വിവരങ്ങൾ മാത്രമാണുള്ളത്. ജീവനക്കാർക്ക് ശമ്പളത്തെക്കുറിച്ച് മാത്രമാണ് ആശങ്ക. മറ്റ് ആശങ്കകൾ മാനേജ്മെന്‍റിനാണ് ഉണ്ടാകേണ്ടത്. നഷ്ടത്തിലായിരുന്ന എയർ ഇന്ത്യ മറ്റൊരാൾ ഏറ്റെടുത്തപ്പോൾ എങ്ങനെയാണ് ലാഭത്തിലായത്. 10 വർഷമായി കെ.എസ്.ആർ.ടി.സി നഷ്ടത്തിലാണെന്ന് പറയുന്നു. ഇത് പരിഹരിക്കാനാണ് നടപടിയുണ്ടാകേണ്ടത്. ബസുകൾ തുരുമ്പ് വിലയ്ക്ക് വിൽക്കുകയല്ല, സർവിസ് നടത്തി നേട്ടമുണ്ടാക്കുകയാണ് വേണ്ടത്. ഇങ്ങനെ പോയാൽ കെ.എസ്.ആർ.ടി.സി ഇടിച്ചു നിൽക്കും. ഇതിൽനിന്ന് തലയൂരാൻ നോക്കുകയല്ല സർക്കാർ ചെയ്യേണ്ടത്. 2020ൽ തമിഴ്‌നാട്ടിലെ അവിനാശിയിലുണ്ടായ ബസപകടത്തിൽ മരിച്ച കെ.എസ്.ആർ.ടി.സി ഡ്രൈവർ വി.ഡി. ഗിരീഷ്, കണ്ടക്‌ടർ വി.ആർ. ബൈജു എന്നിവർ ഏറ്റവും മികച്ച ജീവനക്കാരായിരുന്നുവെന്ന് കോടതി അനുസ്മരിച്ചു. സ്ഥാപനത്തോടും യാത്രക്കാരോടും ഏറെ കരുതലും സ്നേഹവും കാട്ടിയിരുന്നു. ഒരിക്കൽ യാത്രക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരിയെ ആശുപത്രിയിൽ എത്തിക്കാനും പരിചരിക്കാനും അവർ മനസ്സുകാട്ടി. ജീവനക്കാരായാൽ അങ്ങനെ വേണം. മിണ്ടിയാൽ അവകാശത്തെക്കുറിച്ചുമാത്രം പറയുന്നവർ ഇവരുടെ സേവനങ്ങൾ വിസ്മരിക്കരുതെന്നും കോടതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story