Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2022 5:50 AM IST Updated On
date_range 4 Jun 2022 5:50 AM ISTഅപ്രസക്തരായി പി.സി. ജോർജും കെ.വി. തോമസും
text_fieldsbookmark_border
കൊച്ചി: വർഗീയ പ്രസ്താവനകളും വിദ്വേഷ പ്രചാരണവുമായി രംഗത്തിറങ്ങിയ പി.സി. ജോർജിനെയും കോൺഗ്രസിനെ പ്രതിരോധത്തിലാക്കി സി.പി.എമ്മുമായി കൈകോർത്ത കെ.വി. തോമസിനെയും ജനങ്ങൾ അവഗണിച്ച് തള്ളുന്ന ഫലം കൂടിയായി തൃക്കാക്കര. യഥാക്രമം ബി.ജെ.പിയും സി.പി.എമ്മും ഏറെ പ്രതീക്ഷയോടെ അവതരിപ്പിച്ച ഇരുവർക്കും വോട്ടർമാർ ഒരു വിലയും കൽപിച്ചില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചന. കെ.വി. തോമസിനെയിറക്കി പയറ്റിയ തന്ത്രങ്ങളൊന്നും മണ്ഡലത്തിൽ വിലപ്പോയില്ലെന്നാണ് ഇടത് കേന്ദ്രങ്ങൾതന്നെ വിലയിരുത്തുന്നത്. വികസനമാണ് തൃക്കാക്കരക്ക് വേണ്ടതെന്നും അവിടത്തെ ജനങ്ങൾ കോൺഗ്രസിനെ തള്ളി വികസനത്തിനും എൽ.ഡി.എഫിനും ഒപ്പം നിൽക്കുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ അവകാശവാദം. എന്നാൽ, ജനങ്ങൾ 'കൈ'വിട്ട തോമസിന്‍റെ വാക്കുകേട്ട് തൃക്കാക്കരയെ 'കൈ'വിടാൻ തയാറായില്ല. വോട്ടെണ്ണലിൽ യു.ഡി.എഫ് അനുകൂല തരംഗം പ്രകടമായതിന് പിന്നാലെ തോമസിന്‍റെ ഫേസ്ബുക്ക് പേജും അപ്രത്യക്ഷമായെങ്കിലും വൈകീട്ടോടെ തിരികെവന്നു. വിജയിച്ച ഉമ തോമസിനെയും അതിന് വേണ്ടി പ്രവർത്തിച്ച നേതാക്കളെയും അനുമോദിക്കുകയും ചെയ്ത അദ്ദേഹം, എന്തുകൊണ്ട് എൽ.ഡി.എഫ് സ്ഥാനാർഥി തോറ്റെന്ന് പരിശോധിക്കണമെന്നും മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ സ്വാഭാവിക പ്രതിഷേധങ്ങളായി മാത്രം കണ്ടാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മതവിദ്വേഷ പ്രസംഗം നടത്തിയ കേസിൽ അറസ്റ്റിലായ പി.സി. ജോർജിനെ വീരപരിവേഷത്തോടെയാണ് ബി.ജെ.പി അവതരിപ്പിച്ചത്. ജാമ്യത്തിലിറങ്ങിയ അദ്ദേഹത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറക്കിയിരുന്നു. ഫോർട്ട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും അത് അവഗണിച്ചാണ് തൃക്കാക്കരയിലെത്തിയത്. ബി.ജെ.പിയുടെ സംസ്ഥാന നേതാക്കളൊക്കെയും ജോർജിന് വേണ്ടി രംഗത്തിറങ്ങിയിരുന്നു. തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുള്ള പിണറായി വിജയന്‍റെ രാഷ്ട്രീയ നാടകമാണ് അറസ്റ്റ് എന്നുവരെ ആരോപണമുന്നയിച്ചു. വി.ഡി. സതീശനെതിരെയും കോൺഗ്രസിനെതിരെയും രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. 2011നെക്കാൾ 2526 വോട്ടിന്‍റെ കുറവാണ് ബി.ജെ.പി സംസ്ഥാന നേതാവായ എ.എൻ. രാധാകൃഷ്ണന് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story