Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപെരുമഴപോലെ തുടക്കം​;...

പെരുമഴപോലെ തുടക്കം​; ​തോർന്നൊഴിഞ്ഞപ്പോൾ കുറഞ്ഞ ശതമാനത്തിലേക്ക്​ ഇറക്കം

text_fields
bookmark_border
കൊച്ചി: മണിക്കൂറുകൾ നീണ്ട പെരുമഴ നേർത്ത്​ തോർന്നൊഴിഞ്ഞത്​ പോലെയായിരുന്നു തൃക്കാക്കരയിലെ പോളിങ്​. റെ​ക്കോഡിലേക്ക്​​​​ കുതിക്കുന്ന സൂചനകൾ നൽകി കുതിച്ചും ഉച്ചകഴിഞ്ഞതോടെ പതുങ്ങിയുമായിരുന്നു പോളിങ്ങിന്‍റെ ഗതി. ആവേശത്തോടെ തുടങ്ങിയ പോളിങ്​​ ആറുമണിക്ക്​ അവസാനിക്കുമ്പോൾ കഴിഞ്ഞ മൂന്ന്​ പൊതുതെരഞ്ഞെടുപ്പിലെ ശതമാനക്കണക്കിനൊപ്പമെത്താനാവാതെ 68.75 ശതമാനത്തിലൊതുങ്ങി. ​മണ്ഡലത്തിൽ ഇതുവരെയുള്ള ഉയർന്ന പോളിങ്​ റെക്കോഡുകൾ തകർക്കുന്ന വിധമായിരുന്നു രാവിലെ മുതൽ പോളിങ് മുന്നേറിയത്​. ദിവസം മുഴുവൻ തെളിഞ്ഞ കാലാവസ്ഥ നിലനിന്നത്​ മുന്നണികൾക്ക്​ പ്രതീക്ഷ നൽകുകയും ചെയ്തു. എന്നാൽ, വോട്ടെടുപ്പ്​ പൂർത്തിയായപ്പോൾ മണ്ഡലത്തിലെ ഏറ്റവും കുറഞ്ഞ പോളിങ്ങിലേക്കൊതുങ്ങി. രാവിലെ മിക്കവാറും ബൂത്തുകളിൽ നീണ്ടനിരയാണ്​​ ഉണ്ടായിരുന്നത്. ഉച്ചക്കുശേഷം പല ബൂത്തിലും തിരക്ക്​ നന്നേ കുറഞ്ഞു. നാലും ആറും എട്ടും ബൂത്തുകൾ വീതമുണ്ടായിരുന്ന ​ചില പോളിങ്​ കേന്ദ്രങ്ങൾ മാത്രമാണ്​ ഉച്ചക്ക്​ ശേഷം അൽപമെങ്കിലും സജീവമായിരുന്നത്​. രാവിലെ ഏഴിന്​​ ആരംഭിച്ച വോട്ടിങ് ഒരു മണിക്കൂർ പിന്നിട്ടപ്പോഴേക്കും 8.15 ശതമാനം പേർ വോട്ട്​ ചെയ്തു​. ഒമ്പതോടെ 15.93ഉം പത്തുവരെ 23.79 ശതമാനവുമായിരുന്നു പോളിങ്​. ​രാവിലെ 11 വരെ 31.62, 12 വരെ 39.31 എന്നിങ്ങനെയായിരുന്നു പോളിങ്​. ഉച്ചക്ക് ഒന്നാകുമ്പോഴേക്കും 45.77 ശതമാനം എന്ന നിലയിലേക്ക്​ എത്തി. 48 ​ശതമാനം പുരുഷന്മാരും 43 ശതമാനം സ്ത്രീകളുമാണ്​ ഈ ആറ്​ മണിക്കൂറിനിടയിൽ വോട്ട്​ ചെയ്തത്​. ​ഉച്ചക്ക്​ ഒരു മണി വരെ മണിക്കൂറിൽ ഏഴുമുതൽ ഒമ്പതുവരെ ശതമാനമെന്ന നിലയിൽ കുതിച്ച പോളിങ്​ ഉച്ചക്കുശേഷം മന്ദഗതിയിലായി. ഉച്ചക്ക്​ രണ്ടിനുമുമ്പുതന്നെ 50 ​ശതമാനം പിന്നിട്ടെങ്കിലും ഒരു മണി മുതൽ ആറുവരെയുള്ള അഞ്ച്​ മണിക്കൂറിനകം വർധിച്ചത്​ 22.98 ശതമാനം മാത്രം​. 66.78 ശതമാനമായിരുന്നു അഞ്ചുവരെയുള്ള പോളിങ്​​. ശേഷിക്കുന്ന അവസാന ഒരു മണിക്കൂറിൽ 1.97 ശതമാനം ​പേർ മാത്രമാണ്​ വോട്ട്​ ചെയ്യാനെത്തിയത്​. സാധാരണ അവസാന ഒരു മണിക്കൂറിൽ കനത്ത പോളിങ്​ നടക്കാറുള്ളതാണെങ്കിലും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇത്​ പ്രകടമായില്ല. സ്ത്രീ വോട്ടർമാരാണ്​ മണ്ഡലത്തിൽ കൂടുതലുള്ളതെങ്കിലും പതിവുപോലെ പോളിങ്ങിൽ മുന്നിൽനിന്നത്​ പുരുഷന്മാരാണ്​. 34.52 ശതമാനം പുരുഷന്മാരും (32,897പേർ) 28.82 ശതമാനം സ്​ത്രീകളും (29,271പേർ) ആദ്യ മൂന്നു മണിക്കൂറിൽ വോട്ട്​ ചെയ്തു. ആകെ 239 ബൂത്തുള്ളതിൽ ഏറ്റവുമധികം പേർ വോട്ട്​ ചെയ്തത്​ തെങ്ങോട്​ ഗവ. യു.പി സ്കൂളിലെ ബൂത്തിലാണ്​. 83.30 ശതമാനം. വൈറ്റില റൈസ്​ റിസർച്​ സെന്‍ററിലെ ഒരു ബൂത്ത്​ 81.51 ശതമാനം വോട്ടിങ്ങുമായി തൊട്ടുപിന്നിലുണ്ട്​. അതേസമയം, 51.14 ശതമാനം പേർ മാത്രം വോട്ട്​ ചെയ്ത ഗിരിനഗർ എൽ.പി സ്കൂൾ ബൂത്താണ്​ ഏറ്റവും പിന്നിൽ. ഇടപ്പള്ളി ഗവ. ഹൈസ്കൂൾ ബൂത്തിലും 53.78 ശതമാനം പേർ മാത്രമാണ്​ വോട്ട്​ ചെയ്തത്​. ശതമാനക്കണക്കിൽ മാറ്റം വന്നാലും വലിയതോതിലുള്ള വ്യത്യാസമുണ്ടാകാനുള്ള സാധ്യത കുറവാണ്​. പി.എ. സുബൈർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story