Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2022 5:33 AM IST Updated On
date_range 31 May 2022 5:33 AM ISTജസ്റ്റിസ് വി. ഷേർസി ഇന്ന് പടിയിറങ്ങും
text_fieldsbookmark_border
കൊച്ചി: ശ്രദ്ധേയമായ ഒട്ടേറെ വിധികൾ പുറപ്പെടുവിച്ച ജസ്റ്റിസ് വി. ഷേർസി കേരള ഹൈകോടതിയുടെ പടിയിറങ്ങുന്നു. തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ല ജഡ്ജി ആയിരിക്കെ 2016 ഒക്ടോബർ അഞ്ചിന് ഹൈകോടതി ജഡ്ജിയായി നിയമിതയായ ജസ്റ്റിസ് ഷെർസി ചൊവ്വാഴ്ചയാണ് ന്യായാധിപ സ്ഥാനത്തുനിന്ന് വിരമിക്കുന്നത്. ഇതോടനുബന്ധിച്ച് ഒന്നാം കോടതിയിൽ ഫുൾകോർട്ട് റഫറൻസിലൂടെ യാത്രയയപ്പ് നൽകി. തിരുവനന്തപുരം കടയ്ക്കാവൂരിൽ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസിലെ അസ്വാഭാവികത ചൂണ്ടിക്കാട്ടി വനിത ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സത്യാവസ്ഥ പുറത്ത് കൊണ്ടുവന്നത് ജസ്റ്റിസ് വി. ഷേർസിയാണ്. മാതൃത്വത്തെ മറന്ന കേസാണിതെന്നായിരുന്നു അമ്മക്ക് ജാമ്യം അനുവദിച്ച് കോടതി പരാമർശിച്ചത്. മുട്ടിൽ മരം മുറി കേസിൽ പ്രതികൾക്ക് ജാമ്യം നിഷേധിച്ചത് അന്ന് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഭാര്യയെയും ഭാര്യാപിതാവിനെയുമടക്കം മർദിച്ച യുവ ഡോക്ടറും ബന്ധുക്കളും നൽകിയ ജാമ്യ ഹരജി തള്ളി ഭർതൃവീടുകൾ സ്ത്രീകൾക്ക് അപകടകരമായ വാസസ്ഥലമായി മാറിയെന്ന നിരീക്ഷണം ജസ്റ്റിസ് ഷേർസി നടത്തി. ഗുരുവായൂർ ദേവസ്വം ഫണ്ടിൽനിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കൈമാറുന്നത് നിയമവിരുദ്ധമാണെന്ന് ഉത്തരവ് പുറപ്പെടുവിച്ച വനിത ജഡ്ജിമാർ മാത്രമടങ്ങുന്ന ഫുൾ ബെഞ്ചിന്‍റെ ഭാഗമായിരുന്നു. തിരുവനന്തപുരത്ത് ജില്ല ജഡ്‌ജിയായിരിക്കെ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അഡ്‌മിനിസ്ട്രേറ്റിവ് കമ്മിറ്റി ചെയർപേഴ്‌സണായിരുന്നു. ജസ്റ്റിസ് ഷേർസി പടിയിറങ്ങുന്നതോടെ ഹൈകോടതിയിലെ വനിത ജഡ്ജിമാരുടെ എണ്ണം ആറായി കുറയും. സാധാരണക്കാരന് നീതിപീഠത്തിലുള്ള വിശ്വാസം തകർക്കാൻ ആരെയും അനുവദിക്കരുതെന്ന് യാത്രയയപ്പിന് മറുപടിയായി ജസ്റ്റിസ് ഷെർസി പറഞ്ഞു. ആലപ്പുഴ മെഡിക്കൽ കോളജിലെ റിട്ട. പ്രഫസർ ഡോ. പി.കെ. ബാലചന്ദ്രനാണ് ഭർത്താവ്. മകൾ നമിത നീതു ബാലചന്ദ്രൻ അഭിഭാഷകയാണ്. ചീഫ് ജസ്റ്റിസിന്റെ അഭാവത്തിൽ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ ഫുൾകോർട്ട് റഫറൻസിൽ അധ്യക്ഷത വഹിച്ചു. ചിത്രം -ekg justice shercy ചൊവ്വാഴ്ച വിരമിക്കുന്ന ഹൈകോടതി ജഡ്ജി ജസ്റ്റിസ് വി. ഷേർസി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story