Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2022 5:38 AM IST Updated On
date_range 29 May 2022 5:38 AM ISTശബ്ദ പ്രചാരണത്തിന് കൊടിയിറങ്ങും; ഇന്ന് കൊട്ടിക്കലാശം
text_fieldsbookmark_border
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് കലാശക്കൊട്ടോടെ ഞായറാഴ്ച പരസ്യപ്രചാരണത്തിന് സമാപനമാകും. പതിവില്ലാത്തവിധം മണ്ഡലത്തെ ഇളക്കിമറിച്ച പ്രചാരണ പ്രവർത്തനങ്ങളാൽ ഏറെ രാഷ്ടീയ പ്രാധാന്യം നേടിയ തെരഞ്ഞെടുപ്പ് സംസ്ഥാന - ദേശീയ നേതാക്കളുടെ സാന്നിധ്യംകൊണ്ടും ശ്രദ്ധേയമായിരുന്നു. വികസനം അജണ്ടയായി പ്രഖ്യാപിച്ചെങ്കിലും വിവാദങ്ങൾക്കായിരുന്നു പ്രചാരണ രംഗത്ത് മുൻതൂക്കം. മുഖ്യമന്ത്രി പിണറായി വിജയൻ, കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയ മുതിർന്ന നേതാക്കൾതന്നെ വിവാദ പരാമർശങ്ങളുയർത്തിയത് രംഗം ചൂടുപിടിപ്പിച്ചു. സഭ സ്ഥാനാർഥിയെന്ന ആരോപണം മുതൽ ഇടത് സ്ഥാനാർഥിക്കെതിരെ പ്രചരിച്ച വ്യാജ അശ്ലീല ദൃശ്യങ്ങൾ വരെ മണ്ഡലത്തിൽ വിവാദങ്ങൾ തൊടുത്തുവിട്ടു. ഇടത് -വലത് ചേരികൾക്ക് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നേരിട്ട് നേതൃത്വം കൊടുത്ത പ്രചാരണ കോലാഹലങ്ങളാണ് മണ്ഡലം ദർശിച്ചത്. ഇടത് സ്ഥാനാർഥി ഡോ. ജോ ജോസഫിനായി മണ്ഡലത്തിൽ തമ്പടിച്ച മുഖ്യമന്ത്രി പിണറായി വിജയൻ നിരവധി തെരഞ്ഞെടുപ്പു റാലികളിലും പൊതുപരിപാടികളിലും പങ്കെടുത്തു. മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും മണ്ഡലത്തിൽ ഓരോ വീടുകളിലും കയറിയിറങ്ങി. എം.പിമാർ, എം.എൽ.എമാർ പാർട്ടി നേതാക്കൾ എന്നിവരും ആഴ്ചകളോളം മണ്ഡലത്തിൽ താമസിച്ച് പ്രചാരണരംഗത്ത് സജീവമായിരുന്നു. നിയമസഭയിലെ എൽ.ഡി.എഫ് അംഗസംഖ്യ നൂറു തികക്കുക മാത്രമല്ല, കെ-റെയിലിനുള്ള അംഗീകാരമായി തെരഞ്ഞെടുപ്പ് ഫലം മാറ്റിയെടുക്കണമെന്ന ദൃഢനിശ്ചയത്തോടെയായിരുന്നു ഇടത് പ്രവർത്തനങ്ങൾ. അതേസമയം, പാർട്ടി സെക്രട്ടറി സീതാറാം യെച്ചൂരി അടക്കം ദേശീയ നേതാക്കളുടെ അസാന്നിധ്യം 'പിണറായി ഷോ'യോടുള്ള നീരസമായും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ചില കല്ലുകടികൾ ദൃശ്യമായെങ്കിലും യു.ഡി.എഫ് കേന്ദ്രങ്ങളിലും പതിവില്ലാത്തവിധം ഐക്യം പ്രകടമായ തെരഞ്ഞെടുപ്പായിരുന്നു ഇത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഴുസമയം ക്യാമ്പ് ചെയ്താണ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചത്. മുതിർന്ന നേതാക്കളായ കെ. സുധാകരൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവർക്കൊപ്പം അവസാന ലാപ്പിൽ ഗുജറാത്തിൽനിന്ന് ജിഗ്നേഷ് മേവാനിയും എ.കെ. ആന്‍റണിയുമൊക്കെ കളത്തിലിറങ്ങിയത് യു.ഡി.എഫ് വൃത്തങ്ങളിൽ ആത്മവിശ്വാസം സൃഷ്ടിച്ചു. മുസ്ലിം ലീഗിന്‍റേതടക്കം ഘടകകക്ഷി നേതാക്കളും ആദ്യാവസാനം പ്രചാരണ രംഗത്ത് സജീവമായിരുന്നു. കെ.വി. തോമസ് അടക്കം ചില നേതാക്കൾ മറുകണ്ടം ചാടിയത് ചില പോക്കറ്റുകളിലെങ്കിലും യു.ഡി.എഫിന് തലവേദനയാകും. പ്രചാരണത്തിന്‍റെ അവസാന ഘട്ടത്തിൽ ബി.ജെ.പി വർഗീയ പ്രചാരണത്തിനാണ് മുൻതൂക്കം നൽകിയത്. പി.സി. ജോർജിന്‍റെ അറസ്റ്റ് ക്രിസ്ത്യൻ വിഭാഗത്തിന്‍റെ വോട്ട് കുറച്ചെങ്കിലും നേടാൻ ഉപകരിക്കുമോ എന്ന നിലയിലാണ് അവർ ആഘോഷിച്ചത്. അവസാനം നടൻ സുരേഷ് ഗോപിയെ അടക്കം രംഗത്തിറക്കി ആവേശമുണ്ടാക്കി. ഞായറാഴ്ച രാവിലെ മുതൽ ആരംഭിക്കുന്ന മണ്ഡലമാകെ ചുറ്റിയുള്ള റോഡ് ഷോയോടെ സമാപനം കൊട്ടിക്കലാശമാക്കി മാറ്റി പ്രചാരണം അവസാനിപ്പിക്കാനാണ് മൂന്നു മുന്നണികളുടെയും തീരുമാനം. പാലാരിവട്ടത്ത് പ്രത്യേകം നിശ്ചയിച്ച സ്ഥലത്ത് കൊട്ടിക്കലാശവും നടക്കും. കൊട്ടിക്കലാശത്തോടെ ശബ്ദ പ്രചാരണങ്ങൾ അവസാനിക്കും. തിങ്കളാഴ്ച നിശ്ശബ്ദ പ്രചാരണത്തിന് ശേഷം ചൊവ്വാഴ്ചയാണ് തൃക്കാക്കരയുടെ നാല് വർഷത്തെ ജനപ്രതിനിധിയെ നിശ്ചയിക്കാനുള്ള വോട്ടെടുപ്പ്. വോട്ടെണ്ണൽ ജൂൺ മൂന്നിന് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story