Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകനാൽ ശുചീകരണം: ഒ.ബി.ടി...

കനാൽ ശുചീകരണം: ഒ.ബി.ടി റിപ്പോർട്ടിൽ നഗരസഭയുടെ വിശദീകരണം തേടി ഹൈകോടതി

text_fields
bookmark_border
കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ കാനകളും കനാലുകളും കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കണമെന്നതടക്കം ഓപറേഷൻ ബ്രേക് ത്രൂ അധികൃതരുടെ റിപ്പോർട്ടിൻമേൽ ഹൈകോടതി ​കൊച്ചി നഗരസഭയുടെ വിശദീകരണം തേടി. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കണമെന്ന ഹരജികളിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് വിശദീകരണം തേടിയത്. കനാൽ ശുചീകരണത്തിന്​ പുറമെ മാലിന്യം കാനയിലേക്കും കനാലിലേക്കും വലിച്ചെറിയുന്നത്​ തടയണമെന്ന്​ നിർദേശിക്കുന്ന റിപ്പോർട്ടാണ്​ കോടതി നിർദേശപ്രകാരം ഓപറേഷൻ ബ്രേക് ത്രൂ (ഒ.ബി.ടി ) പദ്ധതി ചുമതലയുള്ള എറണാകുളം സെൻട്രൽ സർക്കിൾ മൈനർ ഇറിഗേഷൻ സൂപ്രണ്ടിങ് എൻജിനീയർ കോടതിയിൽ സമർപ്പിച്ചത്​. തുടർന്ന്​ ഹരജികൾ മേയ് 27ന്​ വീണ്ടും പരിഗണിക്കാൻ മാറ്റി. നീരൊഴുക്ക് സുഗമമാക്കുന്ന രീതിയിൽ കാനകളും കനാലുകളും ശുചീകരിക്കണമെന്നാണ്​ ഓപറേഷൻ ബ്രേക് ത്രൂ (ഒ.ബി.ടി) റിപ്പോർട്ടിൽ പറയുന്നത്​. അടിയന്തരമായി തേവര പേരണ്ടൂർ കനാലിന്റെ ആഴം ഒരു മീറ്റർ കൂട്ടണം. പാതകളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ഡ്രെയിനേജ് പൈപ്പുകളിലെ തടസ്സം നീക്കണം. കാനകളിലും കനാലുകളിലും മാലിന്യം വലിച്ചെറിയുന്നവർക്ക് ഉചിതമായ ശിക്ഷ നൽകണം. പേരണ്ടൂർ റെയിൽവേ ബ്രിഡ്ജ്​ ഭാഗത്തെ കനാലിലെ ചളി നീക്കം രണ്ടുദിവസത്തിനകം തുടങ്ങണം. കായലിലേക്ക് വെള്ളമൊഴുകുന്ന തരത്തിൽ നഗരസഭ പരിധിയിലെ പ്രദേശങ്ങൾ വൃത്തിയാക്കണം. വെള്ളമൊഴുക്ക്​ തടസ്സപ്പെടുത്തുന്ന മേഖലകൾ കണ്ടെത്തി അധികൃതരെ അറിയിച്ചിട്ടുള്ളതായും റിപ്പോർട്ടിൽ പറയുന്നു. ബാനർജി റോഡിൽ കൊച്ചിൻ സ്‌മാർട്ട് മിഷൻ ലിമിറ്റഡ് നടത്തുന്ന ജോലികൾ കൃത്യമായ മേൽനോട്ടത്തോടെ നിർവഹിച്ചില്ലെങ്കിൽ ഭാവിയിൽ ദോഷകരമാകുമെന്ന് കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയും റിപ്പോർട്ട് നൽകിയിട്ടുണ്ട്​. ഈ റിപ്പോർട്ടിൻമേൽ നഗരസഭ നിർദേശങ്ങളും നടപടി റിപ്പോർട്ടും സമർപ്പിക്കണമെന്ന്​ കോടതി നിർദേശിച്ചു. മാലിന്യം വലിച്ചെറിയുന്നില്ലെന്ന്​ നഗരസഭ ഉറപ്പാക്കണം. മുല്ലശേരി കനാൽ നവീകരണം പ്രായോഗികമായി എന്നു പൂർത്തിയാക്കാനാകുമെന്ന് ഒ.ബി.ടി അധികൃതർ അറിയിക്കണം. പിന്നീടു നീട്ടിക്കൊണ്ടുപോകാൻ ഇടവരരുത്. മുല്ലശേരി കനാലിലെ കുടിവെള്ള പൈപ്പ്​ ലൈനുകൾ മാറ്റാനുള്ള നടപടികൾ വ്യക്തമാക്കി വാട്ടർ അതോറിറ്റി എക്സി. എൻജിനീയർ സത്യവാങ്മൂലം നൽകണം. എം.ജി റോഡിൽനിന്ന് പടിഞ്ഞാറേക്ക് വാട്ടർ അതോറിറ്റിയുടെ ഭൂമിയിലൂടെ ഒരു ലിങ്ക് കനാൽ നിർമിക്കുന്നത്​ സംബന്ധിച്ച വിവരങ്ങളും വാട്ടർ അതോറിറ്റി അറിയിക്കണം. പി ആൻഡ് ടി കോളനിയിലുള്ളവരെ പുനരധിവസിപ്പിക്കാനുള്ള പാർപ്പിട പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ വ്യക്തമാക്കി ജി.സി.ഡി.എ സത്യവാങ്മൂലം നൽകണമെന്നും കോടതി നിർദേശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story