Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2022 5:35 AM IST Updated On
date_range 19 May 2022 5:35 AM ISTഎൻ.സി.പിയിൽ പോര് രൂക്ഷം; സമ്മേളന പോസ്റ്ററില്‍നിന്ന് എം.എല്‍.എയുടെ ചിത്രം വെട്ടി
text_fieldsbookmark_border
-ദേശീയ കൗൺസിൽ അംഗത്തെ തരംതാഴ്ത്തി ശരദ്പവാർ ആലപ്പുഴ: എൻ.സി.പി സംസ്ഥാന പ്രതിനിധി സമ്മേളനം 24ന് കൊച്ചിയില്‍ നടക്കാനിരിക്കെ, പി.സി. ചാക്കോ അനുകൂലികളും എതിര്‍ചേരിയിൽപെട്ടവരും തമ്മിൽ പോര് മുറുകി. സംസ്ഥാന പ്രസിഡന്‍റ് ചാക്കോയുടെ നോമിനിയായി ദേശീയ നേതൃത്വത്തിലെത്തിയ ഹോട്ടല്‍ വ്യവസായി റെജി ചെറിയാനെ ദേശീയ അധ്യക്ഷന്‍ ശരദ്പവാര്‍ സംസ്ഥാന കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയതാണ് ഒടുവിലത്തെ സംഭവവികാസം. ഒരാഴ്ച മുമ്പ് ആലപ്പുഴ ജില്ല നേതൃയോഗത്തില്‍ സംസ്ഥാന ഭാരവാഹികളുടെ സാന്നിധ്യത്തില്‍ തോമസ് കെ. തോമസ് എം.എല്‍.എയെയും അദ്ദേഹത്തെ അനുകൂലിക്കുന്നവരെയും ചാക്കോ അനുകൂലികള്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന ആരോപണമാണ് തരംതാഴ്ത്തലിലേക്ക് എത്തിയതെന്നാണ് വിവരം. എം.എല്‍.എയുടെ നേതൃത്വത്തില്‍ നേതാക്കള്‍ പവാറിനെ നേരില്‍ക്കണ്ട് പരാതിപ്പെട്ടിരുന്നു. പാര്‍ട്ടി അംഗം പോലുമല്ലാതിരുന്ന റെജി ചെറിയാന്‍ ജില്ലയിലെ നേതൃത്വം കൈപ്പിടിയിലാക്കാന്‍ വഴിവിട്ട് ശ്രമിക്കുന്നെന്നാണ് ആരോപണം. തുടര്‍ന്നാണ് നടപടിയുണ്ടായത്. ചാക്കോ മുന്‍കൈയെടുത്താണ് ഒരു വര്‍ഷം മുമ്പ് റെജി ചെറിയാനെ പാര്‍ട്ടിയിലെത്തിക്കുകയും ദേശീയ കൗൺസിൽ അംഗമാക്കുകയും ചെയ്തത്. ആലപ്പുഴ ജില്ലക്കാരനായ റെജി ചെറിയാൻ ചാക്കോയുടെ വിശ്വസ്തനായി പാർട്ടിയിൽ ഉയർന്ന പോസ്റ്റിൽ എത്തിയതോടെ ജില്ലയിൽനിന്നുള്ള പാർട്ടി എം.എൽ.എ തോമസ് കെ. തോമസ് ഇടയുകയായിരുന്നു. ഭാവിയിൽ തന്‍റെ പകരക്കാരനായി റെജിയെ ചാക്കോ ഉയർത്തിക്കാട്ടിയേക്കുമെന്ന് ഭയപ്പെട്ട ഇദ്ദേഹം, എൻ.സി.പി നേതാവ് പീതാംബരൻ മാസ്റ്ററുടെ സഹകരണത്തോടെയാണ് ചാക്കോയുടെ നോമിനിയെ ദേശീയനേതൃത്വത്തിൽനിന്ന് വെട്ടിയത്. അതിനിടെ, ദേശീയ അധ്യക്ഷന്‍ ശരദ്പവാര്‍ പങ്കെടുക്കുന്ന കൊച്ചിയിലെ സംസ്ഥാന പ്രതിനിധി സമ്മേളനത്തിന്റെ പ്രചാരണ ബോര്‍ഡുകളില്‍നിന്ന് പി.സി. ചാക്കോയെ എതിര്‍ക്കുന്നവരുടെ ചിത്രങ്ങള്‍ ഒഴിവാക്കിയതും വിവാദമായി. ഇതിന് പിന്നിലും റെജി ചെറിയാനാണെന്നാണ് തോമസ് കെ. തോമസ് വിഭാഗം ആരോപിക്കുന്നത്. കായംകുളത്ത് സ്ഥാപിച്ച ബോര്‍ഡുകളില്‍നിന്ന് എം.എൽ.എയുടെയും സംസ്ഥാന സെക്രട്ടറി സാദത്ത് ഹമീദിന്‍റെയും ചിത്രങ്ങളാണ് വെട്ടിമാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story