Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2022 5:41 AM IST Updated On
date_range 18 May 2022 5:41 AM ISTഇടതു കൗണ്‍സിലറോട് മൃദുസമീപനം; കോണ്‍ഗ്രസില്‍ ഭിന്നത
text_fieldsbookmark_border
പെരുമ്പാവൂര്‍: വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ ഇടത് കൗണ്‍സിലറോടുള്ള കോണ്‍ഗ്രസിന്റെ മൃദുസമീപനത്തില്‍ പ്രവര്‍ത്തകര്‍ക്ക് അമര്‍ഷം. രണ്ടാഴ്ച മുമ്പ് നടന്ന സംഭവത്തില്‍ പ്രതിഷേധം പോലും സംഘടിപ്പിക്കാത്തത് അണികള്‍ക്കിടയില്‍ മുറുമുറുപ്പിന് ഇടയാക്കിയിട്ടുണ്ട്. സി.പി.എം കൗണ്‍സിലറായ പി.എസ്. അഭിലാഷിനെതിരെ ലോക്കല്‍, ഏരിയ കമ്മിറ്റികൾ നടപടിയിലേക്ക് നീങ്ങുമ്പോള്‍ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് കുറ്റവാളിയെ പിന്തുണക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം. കൗണ്‍സില്‍ യോഗത്തില്‍ അഭിലാഷിനെതിരെ കോണ്‍ഗ്രസിലെ ചില അംഗങ്ങള്‍ പ്രതികരിച്ചതല്ലാതെ പുറത്ത് ശബ്ദമുയര്‍ത്താന്‍ ആരും തയാറായില്ല. പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെ പ്രതിഷേധം സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് കൂടിയാലോചന നടത്തിയിരുന്നു. എന്നാല്‍, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ രംഗത്തിറക്കാന്‍ തീരുമാനിച്ച് അവസാനം പിന്‍വാങ്ങി. അഭിലാഷിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാന്‍ തീരുമാനിച്ച സ്ഥിതിക്ക് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തിയിട്ട് കാര്യമില്ലെന്നു പറഞ്ഞാണ് നേതൃത്വം കൈയൊഴിയുന്നത്. അങ്ങനെയെങ്കില്‍ അഭിലാഷ് കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് നഗരസഭ കവാടത്തില്‍ ധര്‍ണ സംഘടിപ്പിക്കാമെന്ന അഭിപ്രായം യൂത്ത് കോണ്‍ഗ്രസില്‍നിന്ന് ഉയര്‍ന്നു. അഭിലാഷ് വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയെന്നത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷാജി സലീം ആസൂത്രണം ചെയ്തതാണെന്ന് ആരോപിച്ച് അഭിലാഷ് ടീം ഫ്ലക്‌സ് ബോര്‍ഡ് പോലും ഉയര്‍ത്തി. നഗരസഭ തെരഞ്ഞെടുപ്പില്‍ 23ാം വാര്‍ഡില്‍ അഭിലാഷിന്റെ എതിര്‍ സ്ഥാനാര്‍ഥിയായിരുന്നു ഷാജി സലീം. ഇതേ തുടര്‍ന്നുണ്ടായ ചില വിഷയങ്ങളുമായി ബന്ധപ്പെട്ട് ഷാജി സലീം പകപോക്കുകയാണെന്നായിരുന്നു അഭിലാഷിന്റെ ആരോപണം. എന്നാല്‍, ആരോപണങ്ങളെ തള്ളിപ്പറയാന്‍ ബ്ലോക്ക് പ്രസിഡന്റ് ഒഴികെയുള്ളവര്‍ തയാറാകാതിരുന്നത് പ്രവര്‍ത്തകരെ നിരാശരാക്കി. അഭിലാഷിനെതിരെ പ്രതിഷേധിക്കുന്നതില്‍ താല്‍പര്യമില്ലാത്തവരില്‍ പ്രമുഖര്‍ എം.എല്‍.എയും മുനിസിപ്പല്‍ ചെയര്‍മാനുമാണെന്നാണ് വിവരം. പൊതുപ്രവര്‍ത്തകനായതുകൊണ്ട് അഭിലാഷിനുണ്ടായ പ്രശ്‌നം ഊതിവീര്‍പ്പിക്കേണ്ടതില്ലെന്ന നിലപാടിലാണ് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ. നഗരസഭയില്‍ അടുത്ത സുഹൃത്തായ അഭിലാഷിനെതിരെ പ്രതിഷേധിക്കാന്‍ ചെയര്‍മാന്‍ ടി.എം. സക്കീര്‍ ഹുസൈനും തയാറല്ലത്രെ. വിഷയത്തില്‍ നേതൃത്വവും ജനപ്രതിനിധികളും രണ്ടുതട്ടിലായ സ്ഥിതിയാണ്. മുന്‍കൂര്‍ ജാമ്യം ലഭിക്കാത്ത സാഹചര്യത്തില്‍ അഭിലാഷിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയാറാകാത്തതിലെ പ്രതിഷേധം നേതാക്കളെ ചിലര്‍ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story