Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2022 5:37 AM IST Updated On
date_range 18 May 2022 5:37 AM ISTമീൻവലയിൽ കുടുങ്ങിയത് ഗ്രനേഡ്, നിർവീര്യമാക്കി ബോംബ് സ്ക്വാഡ്
text_fieldsbookmark_border
അവശിഷ്ടങ്ങള്‍ വിശദ പരിശോധനക്ക് അയക്കും മാവേലിക്കര: കനാലിൽ മീൻപിടിച്ചവർക്ക് ലഭിച്ച ഗ്രനേഡ് ബോംബ് സ്ക്വാഡ് നിർവീര്യമാക്കി. മാവേലിക്കര കുറത്തികാട് വസൂരിമാല ക്ഷേത്രത്തിന് സമീപം ടി.എ കനാലിൽനിന്നാണ് തിങ്കളാഴ്ച രാത്രി 9.10ന് വീശുവലക്ക് മീൻ പിടിച്ചിരുന്നവർക്ക് ഗ്രനേഡ് ലഭിച്ചത്. സംശയം തോന്നിയ ഇവർ വിവരം കുറത്തികാട് പൊലീസിനെ അറിയിക്കുകയായിരുന്നു. എസ്.എച്ച്.ഒ സി. നിസാമിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി ഗ്രനേഡ് സ്റ്റേഷനിലെത്തിച്ചു. ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെ എറണാകുളത്തുനിന്ന് ബോംബ് സ്ക്വാഡ് എസ്.ഐ എസ്. സിബുവിന്റെ നേതൃത്വത്തിലുള്ള സംഘം കുറത്തികാട്ടെത്തി ഗ്രനേഡ് പരിശോധിച്ചു. സ്ഫോടന ശേഷിയുണ്ടെന്ന നിഗമനത്തിൽ നിർവീര്യമാക്കാൻ തീരുമാനിക്കുകയായിരുന്നു. സ്റ്റേഷന് സമീപത്തെ പഞ്ചായത്ത് ഗ്രൗണ്ട് ആദ്യം തിരഞ്ഞെടുത്ത് മണൽച്ചാക്കുകൾ അടുക്കിയെങ്കിലും സുരക്ഷിതത്വം കണക്കിലെടുത്ത് കോമല്ലൂർ തെക്ക് പാടശേഖരത്ത് ഇതിനുള്ള ക്രമീകരണമൊരുക്കുകയും ഗ്രനേഡ് നിർവീര്യമാക്കുകയുമായിരുന്നു. ഉഗ്ര സ്ഫോടനത്തോടെയാണ് ഗ്രനേഡ് പൊട്ടിത്തെറിച്ചത്. വിവരം അറിഞ്ഞ് ധാരാളം ആളുകളും സ്ഥലത്ത് കൂടിയിരുന്നു. 250 അടിയിൽ അപകടമുണ്ടാക്കാനും ഒമ്പത് മീറ്റർ പരിധിയിൽ ആളുകൾക്ക് ജീവഹാനിയുണ്ടാക്കാനും കഴിയുന്ന തരത്തിൽ പ്രഹരശേഷിയുള്ള ഗ്രനേഡായിരുന്നു ഇതെന്ന് എസ്.ഐ സാബിത്ത് പറഞ്ഞു. ആരോ ഉപേക്ഷിച്ച ഗ്രനേഡ് ഒഴുകിയെത്തിയതാകാമെന്നാണ് പൊലീസ് നിഗമനം. ഗ്രനേഡ് ഇന്ത്യന്‍ നിര്‍മിതമാണോ വിദേശ നിര്‍മിതമാണോ എന്ന് കണ്ടെത്താനായിട്ടില്ല. കൂടാതെ ചളിയും തുരുമ്പും പറ്റിപ്പിടിച്ചിരുന്നതിനാല്‍ മറ്റ് വിശദാംശങ്ങളും കൃത്യമായി ലഭ്യമായിട്ടില്ല. അപകടസാധ്യത പരിഗണിച്ച് ഉപരിതലം വൃത്തിയാക്കുന്നത് ഒഴിവാക്കി നിര്‍വീര്യമാക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൊട്ടിയ ഗ്രനേഡിന്റെ അവശിഷ്ടങ്ങള്‍ വിശദ പരിശോധനക്കായി അയക്കും. കുറത്തികാട് പ്രദേശങ്ങളിൽ മുമ്പ് മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടായിരുന്നതും ഇപ്പോൾ ഗ്രനേഡ് കണ്ടെത്തിയ സംഭവുമായി ഇതിന് ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. എറണാകുളം സ്ക്വാഡിൽനിന്നുള്ള എ.എസ്.ഐ എം.വി. ജോസ്, സി.പി.ഒ വിവേക്, എസ്.സി.പി.ഒ സനോജ്, ആലപ്പുഴ ജില്ല ബോംബ് സ്ക്വാഡിലെ ഉദ്യോഗസ്ഥരായ ജോഷി, അനുരാജ്, രാജ്മോഹൻ എന്നിവരും കുറത്തികാട് പൊലീസും ചേർന്നാണ് ഗ്രനേഡ് നിർവീര്യമാക്കിയത്. 1-വലയിൽ കുടുങ്ങി മീൻ പിടിക്കുന്നവർക്ക് ലഭിച്ച ഗ്രനേഡ് 2 ഗ്രനേഡ് നിർവീര്യമാക്കാനുള്ള നടപടികളുമായി ബോംബ് സ്ക്വാഡ് 3 ഗ്രനേഡ് നിർവീര്യമാക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
