പറവൂർ മുനിസിപ്പൽ റിക്രിയേഷൻ സ്റ്റേഡിയത്തിലെ ഗാലറി പൊളിക്കുന്നത് വൈകുന്നു
text_fieldsപറവൂർ: മുനിസിപ്പൽ റിക്രിയേഷൻ സ്റ്റേഡിയത്തിലെ ഗാലറി പൊളിക്കാൻ സർക്കാർ ഉത്തരവിറങ്ങി ആറു മാസം പിന്നിട്ടിട്ടും പൊളിക്കുന്നത് വൈകുന്നു. നവീകരണത്തിന് മുന്നോടിയായി അശാസ്ത്രീയമായി നിർമിച്ച ഗാലറി നീക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വർഷമാണ് കൗൺസിൽ തീരുമാനം സർക്കാറിലേക്ക് അയച്ച് അനുവാദം വാങ്ങിയത്.
തുടർന്ന് മാർച്ചിൽ ഗാലറി പൊളിക്കുന്നതിനായി ലേലം ചെയ്തു. മുപ്പതോളം ആളുകൾ പങ്കെടുത്ത ലേലത്തിൽ 5.50 ലക്ഷം രൂപക്ക് ഒരു വ്യക്തിക്ക് ലേലം ഉറപ്പിച്ച് നൽകി. ലേലം ലഭിച്ച വ്യക്തി തുകയുടെ മൂന്നിലൊന്ന് നഗരസഭയിൽ അടക്കാതെ മുങ്ങിക്കളഞ്ഞു. ഇയാൾക്ക് നോട്ടീസ് നൽകിയെങ്കിലും മറുപടി ലഭിക്കാതിരുന്നതിനാൽ ഇയാളുടെ ഇ.എം.ഡി തുക നഗരസഭ പിടിച്ചുവെച്ചു.
തുടർന്ന് നടന്ന കൗൺസിൽ യോഗത്തിൽ രണ്ടാമതും ലേലം ചെയ്യാൻ തീരുമാനിക്കുകയും പുനർലേലം ചെയ്തു. ഈ ലേലത്തിൽ 2,25,000 രൂപക്ക് ആലുവ സ്വദേശി ഏറ്റെടുത്തു. എന്നാൽ, ലേലത്തുക കുറഞ്ഞു പോയതായി പ്രതിപക്ഷം ആക്ഷേപം ഉയർത്തി. ഇതോടെ ഗാലറി പൊളിക്കുന്നതിനായി ലേലം ചെയ്ത വ്യക്തിക്ക് നോട്ടീസ് നൽകുന്നതിന് കാലതാമസം നേരിട്ടു.
തുടർന്ന് ചൊവ്വാഴ്ച നടന്ന കൗൺസിലിൽ ഇതു സംബന്ധിച്ച് പ്രതിപക്ഷം വീണ്ടും തർക്കം ഉന്നയിച്ചു. എന്നാൽ, വിഷയം വോട്ടിനിട്ട് മേയിൽ നടന്ന പുനർലേലം കൗൺസിൽ പാസാക്കി. അടുത്ത ദിവസം തന്നെ ലേലം പിടിച്ച വ്യക്തിയോട് ഗാലറി പൊളിക്കാൻ നോട്ടീസ് നൽകും. പൊതുമരാമത്ത് അധികൃതർ ഗാലറിയുടെ സാമഗ്രികൾക്ക് നിശ്ചയിച്ച തുക 57,000 രൂപയായിരുന്നു. എന്നാൽ, ഈ തുക കുറവാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നെങ്കിലും വർഷങ്ങളുടെ പഴക്കമുള്ള ഗാലറിക്ക് പൊതുമരാമത്ത് വകുപ്പ് മാനദണ്ഡപ്രകാരം ഈ തുക മാത്രമേ ഈടാക്കാൻ കഴിയുകയുള്ളൂ. ഏതായാലും ഈ മാസം അവസാനത്തോടെ ഗാലറി പൊളിച്ചുനീക്കാൻ ആവശ്യപ്പെട്ട് കരാറുകാരന് അടുത്ത ദിവസം തന്നെ കത്ത് നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

