ഷട്ടറുകൾ തുറക്കാൻ വൈകി, വേമ്പനാട്ടുകായലിൽ മത്സ്യലഭ്യത കുറഞ്ഞു
text_fieldsവൈക്കം: തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറക്കാൻ വൈകിയത് വേമ്പനാട്ടുകായലിലെ മത്സ്യലഭ്യത കുറച്ചു. ഇതോടെ കായലിൽ മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തിപ്പോന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പട്ടിണിയിലായി.
സ്വാമിനാഥൻ കമീഷന്റെ കാർഷിക കലണ്ടർ പ്രകാരം ഡിസംബർ 15ഓടെ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ അടക്കുകയും, മാർച്ചിൽ തുറക്കുകയും ചെയ്യണമായിരുന്നു. എന്നാൽ, ഇക്കുറി ഈ നിബന്ധന നടപ്പായില്ല. നിശ്ചിതസമയം കഴിഞ്ഞ് രണ്ടുമാസത്തിന് ശേഷമാണ് ബണ്ടിന്റെ ഷട്ടർ തുറന്നത്.
മുൻകാലങ്ങളിൽ ഡിസംബറിൽ അടച്ച് മാർച്ച് ഒടുവിൽ ബണ്ട് തുറന്നപ്പോഴെല്ലാം ഓരുജലപ്രവാഹം മത്സ്യങ്ങളുടെ പ്രജനനത്തിന് സഹായകരമായിരുന്നു. ബണ്ടിന്റെ ഷട്ടർ ഏറെ വൈകി തുറന്നതിനാൽ ഓരുജലത്തിൽ പ്രജനനം നടത്തി പെരുകുന്ന മത്സ്യങ്ങളെ ഇത്തവണ കാണാനാകുന്നില്ല. തെള്ളി, നാരൻ, ചൂടൻ, കാര തുടങ്ങിയ ചെമ്മീൻ ഇനങ്ങളും വറ്റ, കട്ല, കുറിച്ചിൽ, കൊഴുവ, കൂരി, കരിമീൻ, വാള, നങ്ക് പോലുള്ള നിരവധി മത്സ്യങ്ങൾ ലഭിച്ചിരുന്നു.
കാലാവസ്ഥ വ്യതിയാനവും, ബണ്ട് തുറക്കുന്നത് വൈകിയതും മത്സ്യങ്ങളുടെ ലഭ്യത കുറച്ചതോടെ വേമ്പനാട്ടുകായലിൽ ഊന്നിവല ഉപയോഗിച്ചു മത്സ്യബന്ധനം നടത്തിയിരുന്ന തൊഴിലാളികൾ ഊന്നിക്കുറ്റികൾ കായലിൽ സ്ഥാപിക്കാൻ വിമുഖത കാട്ടുകയാണ്. കായലിന് കുറുകെ നീളമുള്ള അടക്കാമര കുറ്റികൾ താഴ്ത്തി അതിലാണ് വല ബന്ധിക്കുന്നത്. കായലിലെ ഒഴുക്കിന് അഭിമുഖമായി ഇടുന്ന വല, കുറ്റിയിൽ ബന്ധിക്കുന്ന ഭാഗം വളരെ വികസിച്ചതും പിന്നിലേക്കു വരുമ്പോൾ സങ്കോചിച്ചുവരുന്ന രീതിയിലുമാണ് ക്രമീകരിച്ചിരിക്കുന്നത്.
ജലപ്രവാഹത്തിനൊപ്പം ഒഴുകിയെത്തുന്ന മത്സ്യങ്ങൾക്ക് പിന്നീട് വലയിൽനിന്ന് രക്ഷപ്പെടാനാവില്ല.
മത്സ്യങ്ങളില്ലാതെ വെള്ളക്കെട്ടായി മാറിയ കായലിൽ ഊന്നിക്കുറ്റികൾ സ്ഥാപിച്ച് വല കെട്ടാനില്ലെന്ന നിലപാടിലാണ് തൊഴിലാളികൾ.
ഊന്നിക്കുറ്റികൾ സ്ഥാപിക്കാനായി ഏറെ പണം മുടക്കിയാലും മുടക്കുമുതൽ പോലും മത്സ്യബന്ധനത്തിലൂടെ തിരിച്ചുകിട്ടുമെന്ന് ഉറപ്പില്ലാത്തതിനാൽ മത്സ്യത്തൊഴിലാളികൾ കായലിൽ നാട്ടാനായി കൊണ്ടുവന്ന അടക്കാമരക്കുറ്റികൾ കായലോരത്ത് കെട്ടിയിട്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

