Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightഭവനരഹിതർക്ക്...

ഭവനരഹിതർക്ക് സ്വപ്നസാക്ഷാത്കാരം; സി.എം.എന്‍. ട്രസ്റ്റിന്റെ 'എ ഹോം ഓഫ് യുവര്‍ ഓണ്‍' പദ്ധതി സമര്‍പ്പണം 24ന് മുഖ്യമന്ത്രി നിര്‍വഹിക്കും

text_fields
bookmark_border
ഭവനരഹിതർക്ക് സ്വപ്നസാക്ഷാത്കാരം; സി.എം.എന്‍. ട്രസ്റ്റിന്റെ എ ഹോം ഓഫ് യുവര്‍ ഓണ്‍ പദ്ധതി സമര്‍പ്പണം 24ന് മുഖ്യമന്ത്രി നിര്‍വഹിക്കും
cancel
camera_alt

സി. എം. എൻ ട്രസ്റ്റ് ഭവനരഹിതർക്കായി നിർമ്മിച്ചു നൽകുന്ന വീടുകളുടെ സമർപ്പണം സംബന്ധിച്ച് പാലക്കാട് പ്രസ്‌ ക്ലബ്ബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ ചെയർമാൻ പമ്പാവാസൻ നായർ സംസാരിക്കുന്നു. കല പമ്പാവാസൻ, വിഘ്നേഷ് പമ്പാവാസൻ, സന്തോഷ് കയറാട്ട്, വി.ഗോപിനാഥൻ എന്നിവർ സമീപം

പാലക്കാട്: ഭവനരഹിതരായ അമ്പത് കുടുംബങ്ങള്‍ക്ക് സ്‌നേഹത്തിന്റെ മേല്‍ക്കൂരയൊരുക്കുന്നതിന്റെ ഭാഗമായി ചന്ദ്രമ്മ മാധവന്‍ നായര്‍ ട്രസ്റ്റ് (സി.എം.എന്‍. ട്രസ്റ്റ്) നിര്‍മിച്ച വീടുകളുടെ സമര്‍പ്പണവും പുതിയ ഭവന പദ്ധതികള്‍ക്കായുള്ള ധാരണാപത്ര (എം.ഒ.യു.) വിതരണവും ജൂലൈ 24ന് നടക്കും. രാവിലെ 10ന് ഒറ്റപ്പാലം കെ.എം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ താക്കോല്‍ കൈമാറുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ട്രസ്റ്റ് ചെയര്‍മാനും ഗള്‍ഫ് വ്യവസായിയുമായ പമ്പാവാസന്‍ നായര്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ എന്‍. ഷംസുദ്ദീന്‍, കെ.എ. തുളസി, പാലക്കാട് എം.പി. വി.കെ. ശ്രീകണ്ഠന്‍, എം.എല്‍.എമാരായ എം. വിന്‍സെന്റ്, പി. മമ്മിക്കുട്ടി, അഡ്വ. കെ. പ്രേംകുമാര്‍, വി.ടി. ബല്‍റാം, മുന്‍ മന്ത്രി എം.ബി. രാജേഷ്, ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് പി.കെ. കൃഷ്ണദാസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

രണ്ടുദശകത്തോളമായി പാവപ്പെട്ടവര്‍ക്കായി പ്രവര്‍ത്തിച്ചുവരുന്ന സംരംഭമാണ് പമ്പാവാസന്‍ നായര്‍ അദ്ദേഹത്തിന്റെ മാതാവ് ചന്ദ്രമ്മ, പിതാവ് മാധവന്‍ നായര്‍ എന്നിവരുടെ പേരില്‍ രൂപീകരിച്ച സി.എം.എന്‍.ട്രസ്റ്റ് അഥവ ചന്ദ്രമ്മ, മാധവന്‍ നായര്‍ ട്രസ്റ്റ്. 2024 ആഗസ്റ്റില്‍ പുതിയ ഭവനത്തിലേക്ക് താമസം മാറുമ്പോള്‍, ആ സന്തോഷം തന്നില്‍ മാത്രമൊതുങ്ങാതെ ഭവനരഹിതരായ കുടുംബങ്ങള്‍ക്കും അനുഭവവേദ്യമാകണമെന്ന പമ്പാവാസന്‍ നായരുടെ മഹത്തായ ചിന്തയാണ് 'എ ഹോം ഓഫ് യുവര്‍ ഓണ്‍'പദ്ധതി തുടങ്ങാന്‍ വഴിതെളിച്ചത്.

അഞ്ചുവര്‍ഷത്തിനുള്ളില്‍ അമ്പതു വീടുകള്‍ അര്‍ഹരായവര്‍ക്ക് നല്‍കുക എന്ന ലക്ഷ്യത്തോടെ 2024 ഓഗസ്റ്റ് 25 നാണ് പദ്ധതിക്ക് തുടക്കമിട്ടത്. പദ്ധതിയാരംഭിച്ച് ഇരുപത് മാസത്തിനുള്ളില്‍ നാല്‍പത്തിയെട്ട് വീടുകള്‍ നല്‍കാന്‍ ട്രസ്റ്റിന് കഴിഞ്ഞു. ഒരു പദ്ധതി പ്രഖ്യാപിച്ച് ഇത്ര വേഗം പൂര്‍ണ്ണതയിലെത്തുന്നത് സംസ്ഥാനത്താദ്യമാണ്. പാലക്കാട് ജില്ലയില്‍ മുപ്പത് വീടുകള്‍ നല്‍കി. തൃശൂര്‍, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂര്‍, എറണാകുളം എന്നീ ജില്ലകളിലും വീടുകള്‍ നല്‍കിയിട്ടുണ്ട്. 500 ചതുരശ്ര അടി വിസ്തൃതിയില്‍, ഗുണഭോക്താവിന്റെ സ്ഥലത്തിന് അനുയോജ്യമായ വീടുകളാണ് നിര്‍മിച്ചു നല്‍കുന്നത്. പുറമെ, അടിസ്ഥാന സൗകര്യങ്ങളും ട്രസ്റ്റ് ഒരുക്കി നല്‍കുന്നുണ്ട്.

സ്വന്തമായി സ്ഥലമില്ലാത്ത കുടുംബങ്ങള്‍ക്ക് വീടും സ്ഥലവും ഒരുമിച്ച് നല്‍കുന്ന 'അനുഗ്രഹ ഹോംസ്' പദ്ധതിയാണ് ട്രസ്റ്റ് ഈ വര്‍ഷം പുതിയതായി നടപ്പാക്കുന്നതെന്ന് പമ്പാവാസൻ നായർ പറഞ്ഞു. മുപ്പത് സെന്റ് സ്ഥലത്ത് ആറു കുടുംബങ്ങള്‍ക്കാണ് വീട് നിര്‍മിച്ചുനല്‍കുന്നത്.

ഭവനപദ്ധതിക്കപ്പുറം ചികിത്സാസഹായം, വിവാഹസഹായം, വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്, അര്‍ഹരായവര്‍ക്ക് പ്രതിമാസ പെന്‍ഷന്‍ തുടങ്ങി വിവിധ സാമൂഹിക സേവനങ്ങളും ട്രസ്റ്റ് നടപ്പാക്കിവരുന്നു. നിലവില്‍ 125-ഓളം പേര്‍ക്ക് പ്രതിമാസ പെന്‍ഷന്‍, ട്രസ്റ്റ് നല്‍കുന്നുണ്ട്.

പറമ്പിക്കുളം ആദിവാസി കോളനികളില്‍ അവശ്യസാധന കിറ്റുകള്‍ വിതരണം ചെയ്യല്‍, അട്ടപ്പാടിയിലെ ഊരുകളില്‍ സൗരോര്‍ജ വിളക്കുകള്‍ സ്ഥാപിക്കല്‍, വയനാട് തിരുനെല്ലിയില്‍ കുടിവെള്ള പദ്ധതി തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ വനവാസി മേഖലയിലും ട്രസ്റ്റ് സജീവ സാന്നിധ്യമാണ്.

പരിപാടിയുടെ ഭാഗമായി പമ്പാവാസന്‍ നായരുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സി.എം.എന്‍. ട്രസ്റ്റ് പൂര്‍ത്തിയാക്കിയ ഭവനങ്ങളും ഉള്‍ക്കൊള്ളുന്ന ദൃശ്യാവിഷ്‌കാരം പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് ഭദ്രദീപം തെളിയിച്ച് മുഖ്യമന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്യും.

മണിയമ്മ (തൃക്കുന്നപ്പുഴ), രേഖ (കാവശ്ശേരി), നീതു (തരുവക്കോണം), ദേവയാനി (തടുക്കശ്ശേരി), പ്രമോദ് (ചെറുവത്താനി),രമേഷ് ബാബു (കരിമ്പുഴ), മിനി (തിരുവല്ല),ജ്യോതി (കടമ്പൂര്‍), നിഷ (കാപ്പൂര്‍) , ശ്രീജമോള്‍ (കോട്ടയം), പ്രിയങ്ക (ചെരുമ്പറ്റക്കാവ്), ജയപ്രകാശ് (മായന്നൂര്‍), ബിന്ദു (വിളപ്പില്‍ശാല തിരുവനന്തപുരം) എന്നിവർക്ക് പുതിയ വീടിൻ്റെ താക്കോൽ ചടങ്ങിൽ കൈമാറും.അല്‍ഫോന്‍സ (കണ്ണൂര്‍), ഷീബ (ചെങ്ങന്നൂര്‍), ഗീത (കണ്ണാടി), ലത (തിരുവില്ല്വാമല), വിമല്‍ വി.കെ. (നെടുമങ്ങാട്), വിജി (കൊഴിഞ്ഞാംപാറ), ശാന്തമ്മ (കോട്ടയം), വേണു ( പറവൂർ) സീതാരത്‌നൻ ( പറവൂർ ) , ചിന്താമണി( പറവൂർ ) എന്നിവര്‍ക്ക് പുതിയ ഭവന പദ്ധതികളുടെ ധാരണാപത്രം ചടങ്ങില്‍ വിതരണം ചെയ്യും.

'അനുഗ്രഹ ഹോംസ്' പദ്ധതിയുടെ ഭാഗമായി കാര്‍ത്യായനി (മുണ്ടനാട്ടുകര), കവിത എം.കെ. (പൂക്കോട്ടുകാവ്), വാസന്തി വി. (മംഗലം) എന്നിവര്‍ക്കും ധാരണാപത്രം കൈമാറും. ചടങ്ങിന് മുന്നോടിയായി പ്രണവം ശശിയും സംഘവും അവതരിപ്പിക്കുന്ന നാടന്‍പാട്ട് അവതരണവും നടക്കും. വാർത്താ സമ്മേളനത്തിൽ ട്രസ്‌റ്റ് ചെയർമാൻ പമ്പാവാസൻ നായർ, ട്രസ്‌റ്റിമാരായ കലാ പമ്പാവാസൻ , വിഘ്നേഷ് പമ്പാവാസൻ , ട്രസ്റ്റ് മാനേജർ സന്തോഷ് കയറാട്ട്, ട്രസ്‌റ്റ് ചാർട്ടേഡ് അക്കൗണ്ടൻ്റ് വി. ഗോപിനാഥൻ എന്നിവർ പങ്കെടുത്തു.

ട്രസ്റ്റിന്റെ സഹായ പദ്ധതികളില്‍ അപേക്ഷ നല്‍കാന്‍ ചെര്‍പ്പുളശ്ശേരിയിലെ ഓഫീസുമായോ മാനേജര്‍ സന്തോഷ് കയറാട്ടുമായോ ബന്ധപ്പെടാം. വിവരങ്ങള്‍ക്ക്:ഫോണ്‍:7594005550. ഇമെയില്‍:info@cmntrust.com . ട്രസ്റ്റിന്റെ ഗൈഡ്‌ലൈന്‍, അപേക്ഷാഫോം തുടങ്ങിയവ വെബ്‌സൈറ്റായ www.cmntrust.com എന്നതിൽ ലഭ്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Homelesskerala local newsPambavasan NairPalakkadVD Satheesan
News Summary - CMN Trust's 'A Home of Your Own' project to be inaugurated by the Chief Minister
Next Story