തിരയിൽപ്പെട്ട് മത്സ്യബന്ധന വള്ളം മറിഞ്ഞു;
text_fieldsചേറ്റുവ: അഴിമുഖത്ത് തിരയിൽപ്പെട്ട് വള്ളം മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന നാല് മത്സ്യത്തൊഴിലാളികളെ മറ്റ് വള്ളങ്ങളിലുണ്ടായിരുന്നവർ രക്ഷപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. തളിക്കുളം നമ്പിക്കടവ് സ്വദേശി കറുത്തേടത്ത് രവിയുടെ ഉടമസ്ഥതയിലുള്ള വിഷ്ണുമായ എന്ന ചെറുവള്ളമാണ് അപകടത്തിൽപ്പെട്ടത്.
പുലർച്ചെയോടെ ചേറ്റുവ ഹാർബറിൽ നിന്നാണ് നാല് മത്സ്യത്തൊഴിലാളികൾ ചെറുവള്ളത്തിൽ മത്സ്യബന്ധനത്തിനായി പോയത്. മടങ്ങുന്നതിനിടെയാണ് വളളം അപകടത്തിൽപ്പെട്ടത്. ഉടമയായ രവി മറ്റൊരു വള്ളത്തിലാണ് ഉണ്ടായിരുന്നത്.
അഴിയിൽ നിന്ന് ഇറങ്ങുന്നതിനിടെ ചെറുവള്ളം ശക്തമായ തിരയിൽപ്പെട്ട് മറിയുകയായിരുന്നു. തിരയടിയിൽ ചെറുവള്ളം തകർന്നു. വള്ളത്തിലുണ്ടായിരുന്ന തളിക്കുളം സ്വദേശികളായ അശോകൻ,ബിജു,ഗിരീഷ്, സുബ്രഹ്മണ്യൻ പത്ത് മിനിറ്റോളം സമയം തിരയിൽ അകപ്പെട്ടു. ഇതിനിടെ പുറകെ എത്തിയ മറ്റ് വള്ളങ്ങളിൽ ഉണ്ടായിരുന്നവർ കടലിൽ വീണ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തുകയായിരുന്നു.
വിവരമറിഞ്ഞ് രക്ഷാപ്രവർത്തനത്തിനായി മുനക്കകടവ് തീരദേശ പൊലീസ് സ്ഥലത്തെത്തിയിടുന്നു. തകർന്ന വള്ളത്തിനൊപ്പം വല, എഞ്ചിൻ, അമ്പതിനായിരം രൂപ വിലവരുന്ന അയല എന്നിവയും അപകടത്തിൽ നഷ്ടപ്പെട്ടു. ഏകദേശം അഞ്ചര ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
ഏറെ അപകട സാധ്യതയുള്ള സ്ഥലത്താണ് വള്ളം മറിഞ്ഞതെങ്കിലും നിസാരപരിക്കുകളോടെ മത്സ്യത്തൊഴിലാളികൾക്ക് രക്ഷപ്പെടാനായി. മത്സ്യത്തൊഴിലാളികളിൽ അശോകനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പ്രാഥമിക ചികിത്സക്കായി ഏങ്ങണ്ടിയൂർ എം.ഐ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

