ആലപ്പുഴ തുറമുഖത്തോട് ഏറ്റവും അടുത്ത പ്രദേശമായതിനാലാണ് ഇവിടം അദ്ദേഹം വ്യാപാരകേന്ദ്രമായി തെരഞ്ഞെടുത്തത്. പ്രധാനമായും മത്സ്യവ്യാപാരമായിരുന്നു. ഇതിന് പ്രത്യേകം മാർക്കറ്റും സ്ഥാപിച്ചു. ഇവിടുത്തെ മത്സ്യമാർക്കറ്റ് ഇന്നും പ്രസിദ്ധമാണ്. കിഴക്കൻ ജില്ലകളിലേക്കുള്ള മത്സ്യവ്യാപാരം ഇവിടെനിന്നായിരുന്നു.
മത്സ്യവ്യാപാരത്തിന് പുറമെ വസ്ത്രവ്യാപാരത്തിലും സക്കരിയ സേട്ട് ശ്രദ്ധകേന്ദ്രീകരിച്ചിരുന്നു. സൂറത്തിലെ മില്ലുകളിൽനിന്ന് തുണിത്തരങ്ങൾ എത്തിച്ചായിരുന്നു വ്യാപാരം.
ഇന്നത്തെ ആലപ്പുഴ ഒരുകാലത്ത് കാടുപിടിച്ച് മനുഷ്യവാസയോഗ്യമല്ലാത്ത സ്ഥലമായിരുന്നു. തുറമുഖത്തിന് പറ്റിയ സ്ഥലമാണെന്ന് തിരിച്ചറിഞ്ഞാണ് ആലപ്പുഴയെ വികസനത്തിലേക്ക് കൊണ്ടുവരാൻ ആലപ്പുഴയുടെ ശിൽപിയായ രാജാ കേശവദാസ് തീരുമാനിച്ചത്. ഇതിന് സൂറത്ത്, മുംബൈ, കച്ച് എന്നിവിടങ്ങളിൽനിന്നുള്ള വ്യാപാരികളെ കൊണ്ടുവന്നു. അവർക്ക് പ്രത്യേകം സ്ഥലവും സൗകര്യവും ഒരുക്കിക്കൊടുത്തു. കൊപ്രവ്യാപാരം നടത്തിയ സ്ഥലത്തിന് ഓൾഡ് ബസാർ, മലഞ്ചരക്ക് വ്യാപാരം നടത്തിയ സ്ഥലം ന്യൂ ബസാർ എന്നിങ്ങനെയാണ് അറിയപ്പെട്ടിരുന്നത്. തുറമുഖത്തേക്ക് ചരക്കുകൾ കൊണ്ടുവരുന്നതിന് രണ്ട് കനാലും നിർമിച്ചു. പിന്നീട് ആലപ്പുഴ തിരുവിതാംകൂറിന്റെ വാണിജ്യനഗരമായി മാറി. തിരുവനന്തപുരം മുതൽ അങ്കമാലി കറുകുറ്റിവരെ നിർമിച്ചതാണ് ഇന്നത്തെ സംസ്ഥാനപാത.