ട്രെയിനിൽ എസ്.ഐ വേഷത്തിൽ യാത്ര; യുവാവ് പിടിയിൽ
text_fieldsട്രെയിനിൽ എസ്.ഐ വേഷത്തിൽ യാത്രക്കിടെ പിടിയിലായ അഖിലേഷ്
ആലപ്പുഴ: ട്രെയിനിൽ എസ്.ഐയുടെ വേഷത്തിൽ യാത്രചെയ്ത യുവാവ് പിടിയിൽ. തിരുവനന്തപുരം നെടുമങ്ങാട് പാനാവൂർ രോഹിണിഭവനിൽ അഖിലേഷിനെയാണ് (30) റെയിൽവേ പൊലീസ് പിടികൂടിയത്. ചെന്നൈ എഗ്മോർ-ഗുരുവായൂർ എക്സ്പ്രസിൽ ശനിയാഴ്ച പുലർച്ചയാണ് സംഭവം. ട്രെയിൻ കായംകുളം സ്റ്റേഷൻ വിട്ടപ്പോൾ പരിശോധന നടത്തിയ റെയിൽവേ പൊലീസ് സംഘം, പൊലീസ് യൂനിഫോമിൽ കണ്ടയാളെ സല്യൂട്ട് ചെയ്തു.
എസ്.ഐയുടെ തോളിലെ നക്ഷത്രചിഹ്നവും തൊപ്പിയുമുണ്ടായിരുന്നു. എന്നാൽ, തിരിച്ചുകിട്ടിയ സല്യൂട്ടിൽ അസ്വാഭാവികത തോന്നി ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങൾ പുറത്തായത്. തൃശൂരിലേക്ക് പോകുകയാണെന്നും ഇരിങ്ങാലക്കുട സ്റ്റേഷനിലെ എസ്.ഐയാണെന്നും പറഞ്ഞു. പൊലീസുകാർ ഇരിങ്ങാലക്കുട സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോൾ അങ്ങനെയൊരാളില്ലെന്ന് മനസ്സിലായി. ഇതിനകം ട്രെയിൻ ആലപ്പുഴയിലെത്തിയിരുന്നു. അവിടെ റെയിൽവേ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് എസ്.ഐ കെ. ബിജോയ്കുമാറിന്‍റെ നേതൃത്വത്തിൽ വിശദമായി ചോദ്യംചെയ്തപ്പോഴാണ് തൃശൂരിൽ പി.എസ്.സി പരീക്ഷയെഴുതാൻ പോയതാണെന്ന് സമ്മതിച്ചത്.
വിമുക്തഭടന്‍റെ മകനായ യുവാവിന് ചെറുപ്പം മുതൽ പൊലീസിൽ ചേരാൻ ആഗ്രഹമുണ്ടായിരുന്നു. ഇതിനായി പലതവണ ടെസ്റ്റ് എഴുതിയെങ്കിലും പാസായില്ല. അത് സഫലമാക്കാനാണ് പൊലീസ് വേഷം ധരിച്ച് ട്രെയിനിൽ യാത്രചെയ്തതെന്നാണ് പറയുന്നത്. യൂനിഫോം ധരിച്ച് വീട്ടിനുള്ളിൽ നടക്കുമായിരുന്നു. ആദ്യമായിട്ടാണ് ഇത് ധരിച്ച് പുറത്തിറങ്ങിയത്. പൊലീസിന്‍റെ ഔദ്യോഗികചിഹ്നവും വേഷവും ദുരുപയോഗം നടത്തിയതിന് കേസെടുത്ത് പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

