അമ്മൂമ്മയെ കൊലപ്പെടുത്തിയ യുവാവിന് ഒമ്പതു വർഷം തടവും പിഴയും
text_fieldsപ്രതി അനന്തു
ആലപ്പുഴ: അമ്മൂമ്മയെ കൊലപ്പെടുത്തിയ ചെറുമകന് ഒമ്പതു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ആലപ്പുഴ അഡീഷനൽ സെഷൻസ് കോടതി ഒന്ന് ജഡ്ജി റോയി വർഗീസ് ആണ് ശിക്ഷ പ്രസ്താവിച്ചത്. പട്ടണക്കാട് പുതിയകാവ് പട്ടികജാതി കോളനിയിൽ തനിച്ച് താമസിച്ചിരുന്ന ശാന്തയെ (72) മകളുടെ മകൻ അരൂർ പഞ്ചായത്ത് ആറാം വാർഡിൽ അക്ഷയ് നിവാസിൽ അനന്തു (26) വ്യായാമത്തിന് ഉപയോഗിക്കുന്ന ഡംബൽ ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
2019 ജൂണിലായിരുന്നു സംഭവം. അനന്തു ലഹരി വാങ്ങാൻ പണം ചോദിച്ചത് അമ്മൂമ്മ നൽകാത്ത വിരോധത്തിലാണ് തലക്കടിച്ചത്. സംഭവ ശേഷം പ്രതി പട്ടണക്കാട് പൊലീസ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസ്സിൽ ശാസ്ത്രീയ തെളിവിന്റെയും മറ്റും അടിസ്ഥാനത്തിലാണ് കുറ്റകൃത്യം തെളിഞ്ഞത്. പട്ടണക്കാട് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അമൃത രംഗൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി. തുടർന്ന് സബ് ഇൻസ്പെക്ടർ ജിജിൻ ജോസഫ് അന്വേഷണം പൂർത്തികരിച്ച് കുറ്റപത്രം കോടതിയിൽ ഹാജരാക്കി. എ.എസ്.ഐ ബൈജു, സീനിയർ സി.പി.ഒ കിഷോർ ചന്ദ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പബ്ലിക് പ്രോസിക്യൂട്ടർ അംബിക കൃഷ്ണൻ, അഡ്വ. അഖിലാകൃഷ്ണൻ എന്നിവർ പ്രോസിക്യൂഷന് വേണ്ടി ഹാജരായി. സിവിൽ പൊലീസ് ഓഫിസർ ഗണേഷ് കുമാർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

