ഇന്ന് പാലിയേറ്റീവ് കെയർ ദിനം; രോഗികൾക്ക് സ്നേഹസ്പർശമായി വടുതല ‘കനിവ്’
text_fieldsഅരൂക്കുറ്റി: രോഗിപരിചരണത്തിൽ സ്നേഹസ്പർശവുമായി വടുതല കനിവ്. നിർധനരോഗികൾക്കും കിടപ്പുരോഗികൾക്കും സാന്ത്വനപരിചരണം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വടുതല കേന്ദ്രമായി പ്രവർത്തനമാരംഭിച്ച കനിവ് പാലിയേറ്റീവ് കെയർ യൂനിറ്റ് സേവനപാതയിൽ ഏഴാണ്ട് പിന്നിടുകയാണ്.
തുടക്കത്തിൽ കിടപ്പുരോഗികൾക്ക് മരുന്നും ഭക്ഷണവും സാന്ത്വനവും ഉറപ്പുവരുത്തുകയായിരുന്നു ലക്ഷ്യം. അതിനായി വളണ്ടിയേഴ്സ് ഹോംകെയർ, നഴ്സസ് കെയർ, പ്രതിമാസ ഡോക്ടേഴ്സ് ഹോംകെയർ എന്നിവ തുടങ്ങി. ആലപ്പുഴ മെഡിക്കൽകോളജ് സൂപ്രണ്ട് ഡോ. അബ്ദുസ്സലാമിന്റെ നേതൃത്വത്തിൽ മെഡിക്കൽസംഘം മാസത്തിലൊരിക്കൽ അരൂക്കുറ്റി, പാണാവള്ളി പഞ്ചായത്തുകളിലെ കിടപ്പുരോഗികളെ സന്ദർശിച്ച് മരുന്നും സാന്ത്വനപരിചരണവും ഉറപ്പുവരുത്തുന്ന ഡോക്ടേഴ്സ് ഹോം കെയറാണ് ഇതിൽ പ്രധാനം.
കോവിഡ് സമയമൊഴിച്ച് ഇപ്പോഴും കൃത്യമായ ഇടവേളകളിൽ നടക്കുന്ന ഈപ്രവർത്തനം പ്രദേശങ്ങളിലെ കിടപ്പുരോഗികൾക്ക് ഏറെ ആശ്വാസമാണ്.
കഴിഞ്ഞ വർഷം മുതൽ കോതമംഗലം പീസ്വാലിയുടെയും കോഴിക്കോട് ആസ്ഥാനമായ തണലിന്റെയും പിന്തുണയോടെയുള്ള സാമൂഹികമാനസികാരോഗ്യപദ്ധതിയും നടപ്പാക്കുന്നുണ്ട്. പണച്ചെലവ് ഏറെയുള്ള മാനസികരോഗ സംബന്ധമായചികിത്സയും പരിചരണവും ഒന്നിടവിട്ട ആഴ്ചകളിൽ സൈക്യാട്രിസ്റ്റ് ഡോ. ഷീൻ മരിയയുടെ നേതൃത്വത്തിലുള്ള സൈക്യാട്രി ടീമംഗങ്ങൾ വടുതല ദിശാകാരുണ്യകേന്ദ്രം ആസ്ഥാനമാക്കി ക്ലിനിക്കും ഹോംകെയറും നടത്തുന്നു. കൗൺസിലിങ് സൈക്കോളജിസ്റ്റ് ഫാത്തിമ അൻസാരിയുടെ സേവനവുമുണ്ട്.
കിടപ്പുരോഗികൾക്ക് ആവശ്യമായ സർജിക്കൽ കോട്ട്, ഓക്സിജൻ സപ്പോർട്ട്, വാട്ടർ ബെഡ്, വീൽചെയർ അടക്കമുള്ള പരിചരണസാമഗ്രികളുടെ വിപുലമായ ശേഖരമുണ്ട്.
ആവശ്യക്കാർക്ക് തികച്ചും സൗജന്യമായിട്ടാണ് ഇത് നൽകുന്നത്. നിർധന കിടപ്പുരോഗികൾക്ക് വിശേഷദിവസങ്ങളിൽ ഭക്ഷ്യകിറ്റുകളും നൽകാറുണ്ട്.
സാന്ത്വന പരിചരണപ്രവർത്തനങ്ങൾക്കായി ഒരുആസ്ഥാനവും അതിൽ ഫിസിയോതെറപ്പി, ഡയാലിസിസ് യൂനിറ്റ്, സൗജന്യ നിരക്കിൽ മരുന്നുകൾ ലഭ്യമാക്കുന്ന കമ്മ്യൂണിറ്റി ഫാർമസി, ആംബുലൻസ് സർവിസ് എന്നിവ ഉൾപ്പെടെയുള്ള സേവനങ്ങളും നൽകാൻകഴിയുന്ന സേവനകേന്ദ്രം സാക്ഷാത്കരിക്കാനുളള ഒരുക്കത്തിലാണ് കനിവ് പ്രവർത്തകർ. ജമാഅത്തെഇസ്ലാമി ചേർത്തല ഏരിയയുടെ മേൽനോട്ടത്തിലുള്ള ജനസേവന സംരംഭമായ സഹായി വെൽഫെയർ സൊസൈറ്റിയുടെ കീഴിലുള്ള കനിവിന്റെ പ്രവർത്തനത്തിന് വി.എം.അനസ് കൺവീനറും സലീം താഹ സെക്രട്ടറിയുമായ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

