ലോക കൊതുക് ദിനാചരണം
text_fieldsആലപ്പുഴ: ലോക കൊതുകു ദിനാചരണത്തിന്റെയും കൊതുക് നിർമാർജനത്തിൽ സ്കൂൾ വിദ്യാർഥികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പ് ജില്ലയിൽ നടപ്പാക്കുന്ന ‘ഈഡിസിനും ഓണപ്പരീക്ഷ’ കാമ്പയിന്റെയും ജില്ലതല ഉദ്ഘാടനം പുന്നപ്ര കേപ്പ് കോളജ് ഓഫ് നഴ്സിങിൽ എച്ച്. സലാം എം.എൽ.എ ബുധനാഴ്ച രാവിലെ 9.30ന് നിർവഹിക്കും. കാമ്പയിന്റെ ഭാഗമായി ജില്ലയിലെ 12,500 യു.പി. സ്കൂൾ വിദ്യാർഥികൾ ഓണാവധിക്കാലത്ത് മുൻകൂട്ടി തയാറാക്കി നൽകിയ ചോദ്യപേപ്പർ മാതൃകയിലുള്ള ചെക്ക് ലിസ്റ്റ് ഉപയോഗിച്ച് കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടും.
വിഖ്യാത ഗവേഷകനായ ഡോ. റൊണാൾഡ് റോസ് മലമ്പനി രോഗം പരത്തുന്നത് അനോഫിലസ് കൊതുകുകളാണെന്ന് കണ്ടെത്തിയതിന്റെ സ്മരണക്കായാണ് ആഗസ്റ്റ് 20 കൊതുകു ദിനമായി ആചരിക്കുന്നത്. ദിനാചരണത്തിന്റെ ഭാഗമായി കൊതുകുജന്യ രോഗങ്ങളെക്കുറിച്ചും കൊതുകു നിയന്ത്രണത്തിനുള്ള മാർഗങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവത്കരിക്കുന്നതിനുള്ള പരിപാടികളാണ് ജില്ലയിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. രാവിലെ ഒമ്പതിന് വാടക്കൽ ഗുരുമന്ദിരം ജംങ്ഷനു സമീപത്ത് കേപ്പ് നഴ്സിങ് കോളജ് വിദ്യാർഥികൾ ഫ്ലാഷ് മോബ് അവതരിപ്പിക്കും. തുടർന്നു നടക്കുന്ന റാലി പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. സരിത ഫ്ലാഗ് ഓഫ് ചെയ്യും. ഉദ്ഘാടന സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിത സതീശൻ അധ്യക്ഷത വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

