വൺ മില്യൻ ഗോൾ: ഗോളടിച്ച് എം.എൽ.എ
text_fieldsആലപ്പുഴയിൽ വൺ മില്യൻ ഗോൾ പരിശീലന പരിപാടിയുടെ ജില്ലതല ഉദ്ഘാടനം
ഗോളടിച്ച് എച്ച്. സലാം എം.എൽ.എ നിർവഹിക്കുന്നു
ആലപ്പുഴ: ലോകകപ്പ് ഫുട്ബാൾ ആവേശം കളിക്കളത്തിലേക്ക് പകർന്നുനൽകി 'വൺ മില്യൻ ഗോൾ'. ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന ജില്ലതല ഉദ്ഘാടനം എച്ച്. സലാം എം.എൽ.എ ഗോൾ അടിച്ചാണ് നിർവഹിച്ചത്. തൊട്ടുപിന്നാലെ ജില്ല സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി.ജി. വിഷ്ണു, കെ. നാസർ, രാജേഷ് രാജഗിരി, അനസ് മോൻ, സുരേഷ് സോക്കർ എന്നിവർ 'ഗോൾ' വലയിലാക്കി. ഇതോടെ പരിപാടിയിൽ പങ്കെടുത്ത സ്ത്രീകളും എ.ബി.സി ഫുട്ബാൾ അക്കാദമിയിലെ കുട്ടികളും താരങ്ങളും ഗോൾനിറച്ചാണ് മടങ്ങിയത്.
വൺ മില്യൻ ഗോൾ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തെരഞ്ഞെടുത്ത 71 കേന്ദ്രങ്ങളിൽ 12 വയസ്സിന് താഴെ പ്രായമുള്ള 100 കുട്ടികൾക്ക് വീതം 10 ദിവസം ഫുട്ബാൾ പരിശീലനം നൽകും. ഇങ്ങനെ പരിശീലനം ലഭിച്ച കുട്ടികളെയും പൊതുജനങ്ങളെയും ഉൾപ്പെടുത്തി ഓരോ കേന്ദ്രങ്ങളിലും 1000 ഗോൾ അടിക്കും.
തീരദേശത്തും ആവേശത്തിരമാല
ആറാട്ടുപുഴ: കാൽപന്തുകളിയുടെ ആവേശത്തിരമാലകൾ തീരദേശ ഗ്രാമങ്ങളിലും ആഞ്ഞടിക്കുന്നു. മുമ്പെങ്ങുമില്ലാത്ത ആവേശത്തിലാണ് ആറാട്ടുപുഴ തൃക്കുന്നപ്പുഴ തീരഗ്രാമങ്ങളിലെ ഫുട്ബാൾ ആരാധകർ. തെരുവുകളിൽ ആഘോഷത്തിന്റെ പ്രതീതിയാണ്. ഇഷ്ടടീമിനെ വാനോളം ഉയർത്തി കൂറ്റൻ ബോർഡുകൾ സ്ഥാപിക്കുന്ന മത്സരത്തിലാണിവർ.
പത്തിശ്ശേരി ജങ്ഷനിലും ബസ്സ്റ്റാൻഡിലുമടക്കം ഇതിനകം കൂറ്റൻ ബോർഡുകൾ വന്നു. കൂടാതെ കൊടി തോരണങ്ങളാൽ ഓരോ ടീമിന്റെയും ആരാധകർ മത്സരിച്ചുള്ള അലങ്കാരങ്ങളാണ് നടത്തുന്നത്. എതിർപക്ഷത്തെ പ്രകോപിപ്പിച്ചും തങ്ങൾ നെഞ്ചിലേറ്റുന്ന താരങ്ങളെ പുകഴ്ത്തിയുമുള്ള വാക്കുകളാണ് ബോർഡുകളിലുള്ളത്. ബ്രസീൽ, അർജന്റീന, പോർചുഗൽ എന്നീ ടീമുകൾക്കാണ് ആരാധകർ ഏറെയും. ഇന്ത്യയുടെ വരവ് പ്രതീക്ഷിച്ച് കാത്തിരിക്കുന്ന ആരാധകരുമുണ്ട്. കളിക്കുന്നവർ ജയിക്കട്ടെ നമ്മുടെ രാജ്യത്തിന്റെ ലോകകപ്പ് പ്രവേശനത്തിനായി നമുക്ക് പ്രാർഥിക്കാം എന്നെഴുതിയ ബോർഡാണ് അവർ സ്ഥാപിച്ചിട്ടുള്ളത്. റോഡ് ഷോ അടക്കമുള്ള വിവിധങ്ങളായ ആഘോഷ പരിപാടികൾ വരുംദിവസങ്ങളിൽ പ്രതീക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

