പരിശോധനയിൽ വ്യാപക ക്രമക്കേട് ഭക്ഷ്യധാന്യ ഗോഡൗണിൽ 266 ക്വിൻറൽ കുറവ്
text_fieldsrepresentative image
ആലപ്പുഴ: നഗരത്തിൽനിന്ന് 271 ചാക്ക് ഭക്ഷ്യധാന്യം പിടികൂടിയതുമായി ബന്ധപ്പെട്ട് സിവിൽ സപ്ലൈസ് അധികൃതർ നടത്തിയ പരിശോധനയിൽ ഭക്ഷ്യഭദ്രത ഗോഡൗണിലും റേഷൻ കടകളിലും വ്യാപക ക്രമക്കേട് കണ്ടെത്തി. ആലപ്പുഴ ബീച്ചിലെ ഗോഡൗണിൽ ഭക്ഷ്യധാന്യത്തിെൻറ കുറവ് കണ്ടെത്തിയ സംഭവത്തിൽ ഗോഡൗൺ മാനേജർ അനിൽകുമാർ, സൂക്ഷിപ്പുകാരി രാജലക്ഷ്മി എന്നിവരെ സസ്പെൻഡ് ചെയ്തതായി ജില്ല സപ്ലൈ ഓഫിസർ എം.എസ്. ബീന അറിയിച്ചു.
ആലപ്പുഴ കടപ്പുറത്തെ എൻ.എഫ്.എസ്.എ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന അരിയും ഗോതമ്പും ഉൾപ്പെടെ 266 ക്വിൻറൽ ഭക്ഷ്യധാന്യങ്ങളുടെ കുറവാണുണ്ടായത്. ഇതിനൊപ്പം അമ്പലപ്പുഴ താലൂക്കിലെ 24 റേഷൻ കടയിൽ നടത്തിയ പരിശോധനയിൽ 14 എണ്ണത്തിലും ക്രമക്കേട് കണ്ടെത്തി.
സ്റ്റോക്ക് വ്യത്യാസം കണ്ടെത്തിയ രണ്ട് റേഷൻകടയുടെ ലൈസൻസും സസ്പെൻഡ് ചെയ്തു.
ആറാട്ടുവഴിയിൽ അന്നമ്മ ലൈസൻസിയായ 78ാം നമ്പർ കടയും കലവൂരിൽ എൻ.യു. വിജയൻ ലൈസൻസിയായ 131ാം നമ്പർ കടയുമാണ് സസ്പെൻഡ് ചെയ്തത്. വ്യാഴാഴ്ച ആലപ്പുഴ തിരുമല ഭാഗത്തുനിന്ന് കടത്താൻ ശ്രമിച്ച 271 ചാക്ക് ഭക്ഷ്യധാന്യവും അഞ്ച് വാഹനവും പൊലീസ് പിടികൂടിയിരുന്നു.
ഈ സംഭവത്തിന് പിന്നാലെ കടത്തിയത് റേഷനരിയാണെന്ന സംശയത്തിൽ ജില്ല സപ്ലൈ ഓഫിസറുടെ നേതൃത്വത്തിലാണ് വ്യാപക പരിശോധന നടത്തിയത്.
അതേസമയം, അരികടത്തുമായി ബന്ധപ്പെട്ട് സമാനകേസിൽ നേരെത്തയും പ്രതികളായ മൂന്നുപേരെ പൊലീസ് പിടികൂടി. ആലപ്പുഴ എ.എൻ. പുരം വാർഡിൽ യദുകുലത്തിൽ കണ്ണൻ (48), ലോറി ഡ്രൈവർ ആലപ്പുഴ തത്തംപള്ളി പത്മാലയത്തിൽ നിഷേക് കൃഷ്ണമൂർത്തി (30), മണ്ണഞ്ചേരി പ്ലാമ്പരമ്പ് വീട്ടിൽ കണ്ണൻ ബാലനാചാരി (40) എന്നിവെരയാണ് സൗത്ത് എസ്.ഐ കെ.എക്സ്. തോമസിെൻറ നേതൃത്വത്തിൽ പിടികൂടിയത്. കണ്ണനെ സംഭവദിവസം പിടികൂടിയിരുന്നു.
ഓടിമറഞ്ഞ ഡ്രൈവർ ഉൾപ്പെടെയുള്ളവരെ പിന്നീടാണ് പിടികൂടിയത്. ജില്ലയിലെ റേഷൻകടകളിൽനിന്ന് ഭക്ഷ്യധാന്യമെടുത്ത് സ്വകാര്യ സ്ഥാപനങ്ങൾക്ക് നൽകുന്ന വലിയസംഘത്തിലെ കണ്ണികളാണ് ഇവരെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. ഏഴുമാസത്തിനിടെ നാലുതവണയാണ് റേഷനരി കടത്ത് പൊലീസ് പിടികൂടുന്നത്. ചണച്ചാക്കിൽനിന്ന് പ്ലാസ്റ്റിക് ചാക്കിലേക്ക് മാറ്റിയുള്ള കടത്തിൽ റേഷനരിയാണോയെന്ന് ഉറപ്പിക്കാൻ പൊതുവിതരണവകുപ്പിന് കഴിഞ്ഞിരുന്നില്ല. പിടിച്ചെടുത്ത ഭക്ഷ്യധാന്യം എഫ്.സി.ഐയുടെയും സപ്ലൈകോയുടെയും ക്വാളിറ്റി കൺട്രോളർമാരെത്തി പരിശോധന നടത്തി. ലാബ് പരിശോധന നടത്തിയശേഷമേ റേഷൻ ഭക്ഷ്യധാന്യമാണോയെന്ന് തിരിച്ചറിയാൻ കഴിയൂ. എന്നാൽ, പിടിച്ചെടുത്ത അരിയും ഗോതമ്പും റേഷൻ സാധനമാണെന്ന നിഗമനത്തിലാണ് പൊലീസ്.